
വിവരണം
നിങ്ങളിൽ പലരും ഇതിനോടകം വാട്ട്സ് ആപ്പിലൂടെ കണ്ടു കഴിഞ്ഞ ഒരു വീഡിയോയും ഓഡിയോ ക്ലിപ്പുമാണ് ഞങ്ങൾ ഇന്നിവിടെ വസ്തുതാ അന്വേഷണത്തിനായി എടുത്തിട്ടുള്ളത്.
അസമിൽ നടന്ന സംഭവമാണ്. ഇതൊരു അപൂർവശിശു ആണ്. രാക്ഷസമായിട്ടുള്ള പ്രക്രിയയിലൂടെയാണു ജനിച്ചത്. പതിനൊന്നാം മാസം ജനിച്ച കുട്ടി അമ്മയുടെ വയറ്റിലെ കുടലും ബാക്കിയെല്ലാം തിന്നു തീർത്തിട്ടാണ്പുറത്തെത്തിയത്. അമ്മ പ്രസവത്തിൽ തന്നെ മരിച്ചു. സ്വാഭാവിക പ്രസവമായിരുന്നില്ല, ഓപറേഷനിലൂടെയാണു കുട്ടികുട്ടിയെ പുറത്തെടുത്തത്. പാവപ്പെട്ട വീട്ടിലെ മാതാവിനാണു കുട്ടി ജനിച്ചത്. ഓപറേഷൻ സമയത്ത് അടുത്തു നിന്ന ഒരു നഴ്സിന്റെ കയ്യിൽ കുട്ടി പിടിച്ചിരുന്നു. അവർ മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ മരിച്ചു. ജനിച്ചപ്പോൾ എട്ടു കിലോയുണ്ടായിരുന്ന കുട്ടി 24 മണിക്കൂർ കൊണ്ട് 13 കിലോയായി. 17-ഇഞ്ചക്‌ഷൻ നൽകിയാണു കൊന്നത്. അസമിലെ ഒരു ജില്ലാ ആശുപത്രിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ മൃതദേഹം മൃതദേഹം ഇപ്പോഴും പഠിക്കാൻ വേണ്ടി സൂക്ഷിച്ചിരിക്കുകയാണ്…’ വിഡിയോയും വിവരങ്ങളും ഫെയ്ക്ക് അല്ലെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇങ്ങനെയുള്ള വിവരണങ്ങളുമായിട്ടാണ് വീഡിയോ പ്രചരിക്കുന്നത്.
(audio clip & video)
എന്നാൽ ഇത് രാക്ഷസ കുഞ്ഞാണ് എന്ന് ആരും തെറ്റിദ്ധരിക്കരുത്. യാഥാർഥ്യം മറ്റൊന്നാണ്. വായനക്കാരുടെ അറിവിലേക്ക് ഞങ്ങൾ യാഥാർഥ്യം ഇവിടെ പങ്കു വയ്ക്കുന്നു.
വസ്തുതാ വിശകലനം
ഈ വീഡിയോ ഇൻവിഡ് എന്ന വീഡിയോ അനലൈസിങ് ടൂളുപയോഗിച്ച് ഞങ്ങൾ പല ഫ്രയിമുകളായി വിഭജിച്ച ശേഷം അതിലൊരു ഫ്രെയിം ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് പരിശോധന നടത്തിയപ്പോൾ ഈ കുഞ്ഞ് ഒരു പ്രത്യേകതരം രോഗാവസ്ഥയായ ‘Harlequin ichthiosis രോഗവുമായി ജനിച്ചതാണ് എന്ന് അറിയാൻ സാധിച്ചു. മൂന്നു ലക്ഷത്തിൽ ഒരാൾ എന്ന നിരക്കിലാണ് ഈ രോഗം ലോകത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലൈ മാസം മുതൽ ഈ വീഡിയോ യൂട്യൂബിൽ പ്രചരിച്ചിരുന്നു. ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോകൾ നീക്കം ചെയ്തതായിട്ടാണ് അന്വേഷണത്തിൽ കാണുന്നത്.
2016 ജൂണിൽ മഹാരാഷ്ട്രയിലെ നാഗ്പുരിലെ ലതാ മങ്കേഷ്കർ ആശുപത്രിയിലാണ് ആദ്യമായി ഇന്ത്യയിൽ ഹാർലിക്വിൻ ഇക്തിയോസിസ് റിപ്പോർട്ട് ചെയ്തതെന്നാണു വാര്‍ത്തകള്‍. അന്നു ജനിച്ച കുട്ടി 48 മണിക്കൂർ കഴിഞ്ഞപ്പോൾ ശ്വാസതടസ്സം കാരണം മരിച്ചു. കുട്ടിക്ക് 1.8 കിലോയായിരുന്നു ജനിക്കുമ്പോൾ ഭാരം.
archived link | youtube |
2017 ജനുവരിയിൽ ബിഹാറിലെ പട്നയിൽ ഒരു യുവതിക്ക് ഇത്തരമൊരു കുട്ടി ജനിച്ചതായി യുകെ മാധ്യമമായ ‘ദ് സൺ’ റിപ്പോർട്ട് ചെയ്തിരുന്നു. നവജാതശിശുവിന്‍റെ ചർമം ഉറച്ച് കട്ടിയായി ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് ഈ ജനിതക വൈകല്യം. ‘ഹാർലിക്വിൻ ബേബി’ എന്നും ഇത്തരം കുഞ്ഞുങ്ങളെ വിളിക്കാറുണ്ട്. 2.50 കിലോ ഭാരമുണ്ടായിരുന്ന കുട്ടി വൈകാതെ മരിക്കുകയും ചെയ്തു.
archived link | the sun |
ആന്തരികാവയവങ്ങളൊങ്ങളൊന്നും പൂർണവളർച്ചയെത്താതിരുന്നതായിരുന്നു പ്രശ്നം. ഒരു കോടിയിൽ ഒന്ന് എന്ന കണക്കിൽ മാത്രമേ ഇത്തരം കുട്ടികൾ ജീവിച്ചിരിക്കാൻ സാധ്യതയുള്ളൂവെന്നും മെഡിക്കൽ വിദഗ്ധർ പറയുന്നു.
ഏകദേശം 20 തരത്തിലുള്ള ഹാർലിക്വിൻ ഇക്തിയോസിസ് എന്ന.ജനിതക വൈകല്യം കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യമായോ അല്ലാതെയോ ഈ വൈകല്യുമുണ്ടാകാറുണ്ട്. ജനിക്കുമ്പോഴോ ജനിച്ചു കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലോ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. മറ്റു ചിലതു പ്രായപൂർത്തിയായതിനു ശേഷമാണു ലക്ഷണം കാണിക്കുക. പഴയ ചർമത്തിനു പകരം പുതിയ ചര്‍മ്മം രൂപപ്പെടുന്ന ശരീര സംവിധാനത്തിലാണ് ഹാർലിക്വിൻ ഇക്തിയോസിസ് രോഗം ജനിതക മാറ്റങ്ങള്‍ വരുത്തുന്നത്. അപ്പോള്‍ ഒന്നുകിൽ പഴയ ചർമകോശങ്ങൾ പൊഴിഞ്ഞുപോകുന്നതു പതിയെയാകും. അല്ലെങ്കിൽ വളരെ വേഗത്തിൽ പുതിയ ചർമകോശങ്ങൾ രൂപപ്പെട്ടു കൊണ്ടേയിരിക്കും. അങ്ങനെ ശരീരത്തിൽ പരുക്കനായ ചർമകോശങ്ങൾ കെട്ടിക്കിടക്കാന്‍ ഇതുവഴി ഇടയാകും.
ശരീരത്തിൽ ചർമകോശങ്ങൾ പൊഴിഞ്ഞുപോകാതെ വെളുത്ത നിറത്തിൽ ഒരു ആവരണം പോലെ കട്ടിയായി കുട്ടിയുടെ ശരീരത്തിൽ പൊതിഞ്ഞിരിക്കുകയാണ്. ചില ഭാഗങ്ങളിൽ ചർമം പൂർണമായും ഇളകിപ്പോയിട്ടുണ്ട്. മറ്റിടങ്ങളിൽ വിള്ളലുകൾപോലെയും രൂപപ്പെട്ടിട്ടുണ്ട്. കണ്ണുകള്‍ക്കും വായയ്ക്കും ചെവിക്കുമെല്ലാം പ്രത്യേക രൂപമായിരിക്കും. ആന്തരിക അവയവങ്ങള്‍ പുറത്തു വന്നിരിക്കുന്നുണ്ട്. ഇതാണു കുട്ടിയുടെ അസാധാരണ രൂപത്തിനും കാരണം. ഹാർലിക്വിൻ ഇക്തിയോസിസിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഓൺലൈനിൽ ലഭ്യമാണ്.
കൂട്ടത്തിൽ ഏറ്റവും അപൂർമായുണ്ടാകുന്നതാണ് ഹാർലിക്വിൻ ഇക്തിയോസിസ്. മൂന്നു ലക്ഷത്തിൽ ഒരാൾക്ക് എന്ന കണക്കിനാണ് ഈ വൈകല്യം ബാധിക്കാറുള്ളത്. ഇതു ബാധിച്ച കുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ വീഡിയോ ആര് എപ്പോൾ എവിടെ ചിത്രീകരിച്ചു എന്നതിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.
എങ്കിലും അതോടൊപ്പമുള്ള ശബ്ദസന്ദേശത്തിലെ വിവരങ്ങൾ തികച്ചും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. രാക്ഷസ ശിശു ജനിച്ചുവെന്നും അമ്മയുടെ ആന്തരികാ അവയവങ്ങൾ ഭക്ഷിച്ചു എന്നുമുള്ള സംഭവം ഇന്നേവരെ ഇന്ത്യയിലോ ലോകത്ത് മറ്റൊരിടത്തുമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശബ്ദസന്ദേശം ഭാവനാസൃഷ്ടി മാത്രമാണ്.
നിരവധി മാധ്യമങ്ങള്‍ ഇന്ത്യയില്‍ ജനിച്ച ഹാര്‍ലികിന്‍ ശിശുവിനെ പറ്റി വാര്‍ത്ത നല്കിയിരുന്നു. ഇപ്പോള്‍ പ്രചരിച്ച വീഡിയോയുടെ മുകളില്‍ ഏതാനും വസ്തുതാ അന്വേഷണ വെബ്സൈറ്റുകള്‍ അവരുടെ അപഗ്രഥന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താഴെയുള്ള ലിങ്കുകള്‍സന്ദര്‍ശിച്ചു അവ വായിക്കാവുന്നതാണ്.
archived link | hindustantimes |
archived link | pniindia |
archived link | boomlive |
archived link | altnews |
നിഗമനം
ഈ വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം തീർത്തും തെറ്റാണ്. ആസാമിൽ രാക്ഷസ ശിശു ജനിച്ചു എന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ വിവരണം യഥാർത്ഥമല്ല. ഹാർലിക്വിൻ ഇക്തിയോസിസ് എന്ന ജനിതക രോഗം ബാധിച്ച കുട്ടിയുടെ വീഡിയോ ആണിത്. വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന് വ്യക്തമായിട്ടില്ല. എന്നാൽ ശബ്ദ സന്ദേശം ഭാവനാ സൃഷ്ടി മാത്രമാണ്. അതിനാൽ തെറ്റിദ്ധരിപ്പിക്കുന്ന ഈ വീഡിയോ മാന്യ വായനക്കാർ വിശ്വസിക്കാതിരിക്കുക.

Title: ഇത് ആസാമിൽ ജനിച്ച രാക്ഷസ ശിശുവല്ല, ജനിതക രോഗം ബാധിച്ച കുഞ്ഞാണ്……
Fact Check By: Vasuki SResult: False
