
അഭിഭാഷക വേഷത്തിലുള്ള രണ്ട് സ്ത്രീകൾ തമ്മിലുള്ള മൽപ്പിടുത്തത്തിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ വൈറലാകുന്നുണ്ട്.
പ്രചരണം
രണ്ടു സ്ത്രീകൾ അന്യോന്യം കോടതിവരാന്തയിൽ ബലപ്രയോഗം നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പലരും രംഗങ്ങൾ വീഡിയോയിൽ ചിത്രീകരിക്കുന്നത് കാണാം. മഹാരാഷ്ട്രയിലെ കോടതിയിൽ വനിതാ അഭിഭാഷക വനിതാ ജഡ്ജിയെ കയ്യേറ്റം ചെയ്യുകയാണ് ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കോടതിയിൽ മാന്യമായി പെരുമാറാത്തതിന്
വനിതാ ജഡ്ജി താഴെ ഇറങ്ങി വന്ന് യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്ന രംഗം, മഹാരാഷ്ട്രയിലാണ് ഇത് നടക്കുന്നത്,
🔺ജഡ്ജിമാരെ പോലും കണ്ട്രോൾ ചെയ്യുന്നു. ഇതിലും വലിയൊരു ⭕️മൃഗത്തിൻറെ മുദ്ര⭕️ഇനി സ്വപ്നങ്ങളിൽ മാത്രം.*
ആർക്കും ഇപ്പോഴും nanobots ന്റെ കളി ആണ് ഇതോക്ക്കേ എന്ന് തിരിച്ചറിവ് ഉണ്ടായിട്ടില്ല 🙆🏼♂️”
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ സംഭവം മഹാരാഷ്ട്രയിൽ നിന്നുള്ളതല്ലെന്നും ബലപ്രയോഗം നടത്തുന്ന വനിതകളില്‍ ഒരാള്‍ ജഡ്ജിയാണെന്നുള്ള വാദം തെറ്റാണെന്നും വ്യക്തമായി.
വസ്തുത ഇങ്ങനെ
പ്രസ്തുത വാർത്തയുമായി ബന്ധപ്പെട്ട് കീ വേര്‍ഡുകള്‍ ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഈ സംഭവം ഉത്തർപ്രദേശിലെ കാസ്ഗഞ്ച് എന്ന സ്ഥലത്ത് കോടതിയിൽ അരങ്ങേറിയതാണ് എന്ന് സൂചിപ്പിക്കുന്ന വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. ദൈനിക് ഭാസ്കർ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം:
“കാസ്ഗഞ്ച് ജില്ലാ കോടതിയിൽ രണ്ട് വനിതാ അഭിഭാഷകർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇരുവരും പരസ്പരം കയ്യേറ്റം ചെയ്തു. കസ്ഗഞ്ചിലെ വനിതാ അഭിഭാഷകയുടെ പരാതിയിൽ അലിഗഢിലെ വനിതാ അഭിഭാഷകയ്ക്കും കൂട്ടാളികൾക്കും എതിരെ കേസെടുത്തിട്ടുണ്ട്.
കാസ്ഗഞ്ചിലെ ജില്ലാ സെഷൻസ് കോടതിയുടെ കുടുംബ കോടതിക്ക് പുറത്തായിരുന്നു സംഭവം. ഇവിടെ രണ്ട് അഭിഭാഷകർ തമ്മില്‍ ആദ്യം തങ്ങളുടെ കക്ഷികള്‍ക്ക് വേണ്ടി വാക്കേറ്റമുണ്ടായി. പിന്നീട് അത് കൈയ്യേറ്റത്തിലേയ്ക്കും കൈയ്യാങ്കളിയിലേയ്ക്കും വഴിമാറി. അവിടെയുണ്ടായിരുന്ന അഭിഭാഷകർ ഈ ദൃശ്യം മൊബൈലിൽ പകർത്തുകയും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
പരസ്‌പരം കൈയേറ്റം ചെയ്‌ത അഭിഭാഷകരിലൊരാൾ കസ്‌ഗഞ്ചിലെ യോഗ്യത സക്‌സേനയാണ്, മറ്റൊരു അഭിഭാഷക അലിഗഡിലെ സുനിത കൗശിക് ആണെന്ന് പറയപ്പെടുന്നു. കാസ്ഗഞ്ചിലെ രാഹുൽ ബോസിന്‍റെയും പരുൾ സക്‌സേനയുടെയും കുടുംബ വഴക്ക് പരിഹരിക്കാൻ ഇവിടെ എത്തിയപ്പോൾ അഭിഭാഷകർ തമ്മിൽ വാക്കേറ്റമുണ്ടായി. അഭിപ്രായവ്യത്യാസത്തെ തുടർന്ന് പ്രോസിക്യൂഷൻ അഭിഭാഷക തന്നെ മർദിച്ചെന്ന് കാസ്ഗഞ്ച് സ്വദേശിയായ അഭിഭാഷക യോഗ്യത സക്‌സേനയാണ് പരാതി നൽകിയത്.”

വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷക യോഗ്യത സക്‌സേന, അലിഗഢ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സുനിത കൗശികിനും മറ്റ് ഏഴ് പേർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 147, 323, 504, 506 എന്നിവ പ്രകാരം കസ്ഗഞ്ച് കോട്‌വാലി പോലീസിൽ എഫ്‌ഐആർ ഫയൽ ചെയ്തു.
അഭിഭാഷക വ്യാഴാഴ്ച ഇവിടെയെത്തി, അന്വേഷണം ആവശ്യപ്പെട്ടതായും വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കാസ്ഗഞ്ച് എസ്പി BBGTS മൂർത്തി പറഞ്ഞു. അഭിഭാഷകയായ യോഗ്യതാ സക്‌സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിഷയം ഗൗരവമായി അന്വേഷിക്കുകയാണ്. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.
സംഭവത്തെക്കുറിച്ച് ലഭ്യമായ വാർത്ത റിപ്പോർട്ടുകളിലെല്ലാം ഇതേ ഉള്ളടക്കം തന്നെയാണ് ഉള്ളത്. അതായത് ഈ സംഭവം നടന്നത് ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലാണ്. വീഡിയോ ദൃശ്യങ്ങളിൽ കാണുന്നവര്‍ ഇരുവരും വനിതാ അഭിഭാഷകരാണ്. പോസ്റ്റില്‍ ആരോപിക്കുന്നതുപോലെ വനിത ജഡ്ജിയല്ല ദൃശ്യങ്ങളിലുള്ളത്. മഹാരാഷ്ട്രയുമായി സംഭവത്തിന് യാതൊരു ബന്ധവും ഇല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയതായി വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഭവം നടന്നത് മഹാരാഷ്ട്രയിൽ അല്ല ഉത്തർപ്രദേശിലെ ആണെന്നും വീഡിയോദൃശ്യങ്ങളിൽ കാണുന്ന അഭിഭാഷകർ ആണെന്ന് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ഈ സംഭവം നടന്നത് മഹാരാഷ്ട്രയിലല്ല ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലാണ്. ദൃശ്യങ്ങളിൽ കാണുന്നവർ വനിതാ അഭിഭാഷകരാണ്. ഒരാൾ വനിതാ ജഡ്ജി ആണ് എന്ന പ്രചരണം തെറ്റാണ്. കുടുംബകോടതിയിൽ എത്തിയ തങ്ങളുടെ കക്ഷികൾക്ക് വേണ്ടിയിട്ടുള്ള വാക്കേറ്റം പിന്നീട് കയ്യേറ്റമായി മാറുകയായിരുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:വീഡിയോ ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്നുള്ളതാണ്… കൈയ്യേറ്റം രണ്ട് വനിതാ അഭിഭാഷകര്‍ തമ്മിലാണ്…
Fact Check By: Vasuki SResult: Misleading
