
വിവരണം
ബിഎസ്‌പിക്ക് ബട്ടൺ അമർത്തുമ്പോൾ വോട്ട് ബിജെപിക്ക് ; യുപിയിൽ വോട്ടിങ് മെഷീനെതിരേ വ്യാപക പരാതി എന്ന തലക്കെട്ടിൽ MediaoneTV ഏപ്രിൽ 11 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് 11 മണിക്കൂറുകൾ കൊണ്ട് 5000 ത്തില്പരം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഇതേ വാർത്ത അവർ രണ്ടു തവണ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പരമ സത്യം എന്ന പേജിൽ നിന്നും ഇതേ വാർത്ത ഇതേ ദിവസം പോസ്റ്റ് ചെയ്തിട്ടുണ്ട്.
യു.പിയിലെ സഹാറന്‍പൂര്‍ മണ്ഡലത്തിലാണ് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നത് എന്നാണ് വാർത്തയിൽ ആരോപിക്കുന്നത്. ചിലയിടങ്ങളിൽ ബിഎസ്‌പിക്ക് കുത്തുന്ന വോട്ട് ബിജെപിക്ക് പോകുന്നുവെന്ന് വോട്ടർമാർ പരാതിപ്പെട്ടു; ബി.എസ്.പി സ്ഥാനാര്‍ഥിയുടെ ചിഹ്നമായ ആനക്ക് നേരെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തൊട്ടുതാഴെയുള്ള ബി.ജെ.പി ചിഹ്നമായ താമരയാണ് തെളിയുന്നതെന്ന് വോട്ട് ചെയ്ത ശേഷം ചിലര്‍ പരാതിപ്പെട്ടു എന്നാണ് വാർത്തയിലെ വിവരണം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന ഇന്നലെ പുറത്തു വന്ന,അതിവേഗം വൈറലായ ഈ വാർത്തയുടെ വസ്തുത നമുക്ക് അന്വേഷിച്ചു നോക്കാം.
archived link | MediaoneTV FB post |
വസ്തുതാ പരിശോധന
ഈ വാർത്ത മറ്റു മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് ഞങ്ങൾ ആദ്യംതന്നെ പരിശോധിച്ചു. ANI യുടെ വെബ്‌സൈറ്റിൽ ഉത്തർ പ്രദേശിലെ ബിജ്‌നോറിൽ തെരെഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മുമ്പായി വോട്ടിങ് യന്ത്രങ്ങളുടെ പരീക്ഷണ പ്രവർത്തനത്തിനിടെ പത്തോളം യന്തങ്ങൾ തകരാറിലാണെന്ന് കണ്ടെത്തുകയും അവ മാറ്റി പുതിയവ സ്ഥാപിക്കുകയുമാണുണ്ടായത് എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മീഡിയ വൺ വാർത്തയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സഹാറൻപൂർ മണ്ഡലത്തിലാണ് പ്രശ്‌നം ഉണ്ടായത് എന്നാണ്. ANI വാർത്തയിൽ വിവരിച്ചിരിക്കുന്നത് ബിജ്നോര്‍ മണ്ഡലത്തിലാണ് സംഭവം നടന്നിട്ടുള്ളത് എന്നാണ്. വാർത്തയുടെ സ്‌ക്രീൻ ഷോട്ടും ലിങ്കും താഴെ നൽകുന്നു.

archived link | aninews |
കൂടാതെ ടൈംസ് ഓഫ് ഇന്ത്യയും ഇതേക്കുറിച്ച് വാർത്ത നൽകിയിട്ടുണ്ട്.
ബിജ്‌നോർ ലോക്‌സഭാ മണ്ഡലത്തിലെ മീരാപൂർ അസംബ്‌ളിയിൽ പെട്ട കസോലി ഗ്രാമത്തിൽ ഏതാനും സ്ത്രീകൾ ബിഎസ്‌പിക്ക് രേഖപ്പെടുത്തിയ വോട്ട് ബിജെപി ക്കു ലഭിച്ചതായി വോട്ടിങ് യന്ത്രം കാണിച്ചതായി ആരോപിച്ച് ചിലർ രംഗത്തെത്തുകയും ചെയ്തുവെന്ന് അവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
archived link | timesofindia |
ഞങ്ങൾ വാർത്തയുടെ പൂർണ്ണ വ്യക്തതയ്ക്കായി സഹാറൻപൂർ തിരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാൽ സാധിച്ചില്ല. അദ്ദേഹത്തിന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥനിൽ നിന്നും അറിയാൻ കഴിഞ്ഞത് ഇത്തരം ഒരു പ്രശ്നവും സഹാറൻപൂർ മണ്ഡലത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന ലഭിക്കുമ്പോൾ അത് ഞങ്ങൾ വാർത്തയിൽ ഉടൻ തന്നെ ഉൾപ്പെടുത്തുന്നതാണ്.
ഞങ്ങൾക്ക് ഇതേ സംഭവം സംബന്ധിച്ച് ABP ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയുടെ വീഡിയോ യൂട്യൂബിൽ നിന്നും ലഭിച്ചിട്ടുണ്ട്.
archived link | youtube |
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത വാർത്തയിൽ പെയ്തു സംബന്ധിച്ച് ഗ്രാമവാസികൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായും അതേക്കുറിച്ച് മുസഫർനഗർ ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശങ്കർ പാണ്ഡെ ഇപ്രകാരം പ്രതികരിച്ചതായും പറയുന്നുണ്ട്. ” ഞങ്ങൾക്ക് ഒരു പരാതി ലഭിച്ചിരുന്നു. വോട്ടിങ് മെഷീനുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുകയും സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. പരാതി അടിസ്ഥാനമില്ലാത്തതാണ്. ആരോ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതാണ്. ഞങ്ങൾ പരാതിക്കാരുമായി ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.”
നിഗമനം
മീഡിയ വൺ വാർത്തയിൽ ആരോപിക്കുന്നത് പോലെ സഹാറൻപൂർ മണ്ഡലത്തിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല. ബിജ്‌നോർ മണ്ഡലത്തിൽ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് വന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്ന് വാർത്തകൾ വായിച്ചാൽ വ്യക്തമാകുന്നതാണ്. വോട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് പരീക്ഷണ വേളയിൽ യന്ത്ര തകരാർ മൂലം ചില വ്യത്യാസങ്ങൾ കണ്ടെത്തിയതല്ലാതെ വോട്ടിങ്ങിനിടയിൽ യാതൊരു ക്രമക്കേടുകളും ഇവിടെ രേഖപ്പെടുത്തിയതായി വാർത്തകളോ മറ്റ് ഔദ്യോഗിക അറിയിപ്പുകളോ ലഭിച്ചിട്ടില്ല. സഹാറൻപൂർ മണ്ഡലത്തിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് സംഭവിച്ചുവെന്ന വാർത്ത തെറ്റാണ്. വേറെ മാധ്യമങ്ങളിലൊന്നും ഈ വാർത്ത വന്നിട്ടില്ല. അതിനാൽ വസ്തുതാ വിരുദ്ധമായ ഈ വാർത്തയോട് പ്രതികരിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ

Title:യുപിയിലെ സഹാറൻപൂരിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് കണ്ടെത്തിയോ…?
Fact Check By: Deepa MResult: False
