വിവരണം

കേരളത്തില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടര്‍ന്നുള്ള ഉരുള്‍പ്പൊട്ടലിലും വെള്ളപൊക്കത്തിലും നിരവധി പേരാണ് മരണപ്പെട്ടത്. മേഘവിസ്‌ഫോടനമാണ് കിഴക്കന്‍ പ്രദേശത്ത് ഇത്രവലിയ ദുരന്തത്തിന് കാരണമായതെന്ന വാര്‍ത്തകളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.

അതെസമയം കേരളത്തിന്‍റെ തീരത്തേക്ക് ഈ തലമുറ ഇന്നവരെ കാണാത്ത തരത്തിലുള്ള തീവ്രമായ ഒരു സൈക്ലോണ്‍ (ചുഴലിക്കാറ്റ്) എത്തുന്നു എന്ന സന്ദേശം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. തമിഴ്‌നാട്, കുടക് പ്രദേശത്തെയും ഇത് ബാധിക്കുമെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്നുമാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. ഇതെ കുറിച്ചുള്ള വാട്‌സാപ്പ് സന്ദേശങ്ങളും, ഫെയ്‌സ്ബുക്ക് പോസ്റ്റുകളും നിരവധി പേരാണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ വസ്‌തുത അറിയാന്‍ ഞങ്ങളുടെ

ഫാക്‌ട്‌ലൈന്‍ നമ്പറിലേക്ക് അയച്ച് നല്‍കിയത്.

ഇതാണ് പ്രചരിക്കുന്ന സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം-

*Warning*

*അതി ശക്തമായ സൈക്ളോൺ ആണ് ഇപ്പോൾ കേരളത്തിന്റെ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഇത്ര ശക്തമായ ഒരു സൈക്ളോൺ ഈ തലമുറയിലെ ആരും കണ്ടിട്ടുണ്ടാവില്ല. അത്ര ശക്തമാണ് അത്. കനത്ത കാറ്റോ, ഇടിമിന്നലോ രണ്ടും ചേർന്നോ ഉള്ള പേമാരിയാണ് വരും ദിവസങ്ങളിൽ കേരളത്തിൽ കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. കനത്ത വെള്ളപ്പൊക്ക സാധ്യതയുണ്ട്. ജാഗ്രത ആവശ്യമാണ്. കേരളത്തിലും, അതിർത്തികളായ കുടക്, തമിഴ്നാട്ടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ ഒക്കെ ജാഗ്രത പാലിക്കേണ്ടതുണ്ട്. വരുന്ന മൂന്നോ, നാലോ ദിവസങ്ങളിൽ യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. മൊബൈൽ ഫോണുകൾ, എമർജൻസി ലൈറ്റുകൾ, പവർ ബാങ്കുകൾ ഇവ ചാർജ് ചെയ്തു വയ്ക്കുക. കുട്ടികളെയും, പ്രായമായവരെയും ശ്രദ്ധിക്കുക. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ എമർജൻസി കിറ്റുകൾ തയ്യാറാക്കി വയ്ക്കുക.*

ഗോപകുമാര്‍ ശ്രീ അപ്പച്ചേരി എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 28ല്‍ അധികം റിയാക്ഷനുകളും 23ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. വാട്‌സാപ്പിലും വ്യാപകമായി ഇത് പ്രചരിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്-

Facebook PostArchived Link

എന്നാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമോ മറ്റ് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരോ ഇത്തരത്തിലൊരു ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തുന്നതിനെ കുറിച്ച് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇത്തരത്തിലൊരു ചുഴലിക്കാറ്റ് അറബിക്കടലിലോ കേരളത്തിനോട് ചേര്‍ന്നുള്ള തീര പ്രദേശത്തോ രൂപപ്പെട്ടതായി യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ല. മാത്രമല്ല കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് തന്നെ ഇപ്പോള്‍ സാധ്യതയില്ലെന്നും വ്യാജ പ്രചരണം മാത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും വ്യക്തമാക്കി.

കൂടാതെ കേരളത്തില്‍ ഏറ്റവും കൃത്യമായി കാലാവസ്ഥ മാറ്റം ശാസ്ത്രീയമായി പ്രവചിക്കുന്ന സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ വെതര്‍മാന്‍ കേരളയുടെ ഫെയ്‌സ്ബുക്ക് പേജിലും ഇതെ കുറിച്ച് എന്തെങ്കിലും അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. സമൂഹമാധ്യമങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം നല്‍കി വ്യാജ പ്രചരണമാണിതെന്ന് വെതര്‍മാന്‍ കേരള പോസ്റ്റിലൂടെ വ്യക്തമാക്കിട്ടുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെടുന്ന പ്രക്രിയകള്‍ എന്തൊക്കെയാണെന്നും വെതര്‍മാന്‍ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല നിലവില്‍ കേരള തീരത്ത് ഒരു ന്യൂനമര്‍ദ്ദം പോലുമില്ലെന്നും വരും ദിവസങ്ങളില്‍ തുലാവര്‍ഷം എത്തുമെന്നും എന്നാല്‍ ഇത് സാധരണ മഴയായി ഇടവിട്ട് പെയ്യുമെന്നല്ലാതെ യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നും വെതര്‍മാന്‍ പറയുന്നു.

വെതര്‍മാന്‍ കേരളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വാചകങ്ങള്‍-

വ്യാജ സൈക്ലോൺ എങ്ങനെ വീശാൻ

(Posted on: 19/10/21: 9:56PM)

കേരളത്തിൽ ചുഴലിക്കാറ്റോ? ആരാണ് ഇത്തരം വ്യാജ വാർത്ത പടച്ചുവിടുന്നത്? സൈക്ലോൺ അഥവാ ചുഴലിക്കാറ്റ് ഒരു സുപ്രഭാതത്തിൽ രൂപപ്പെടുന്നവയല്ല. ന്യൂനമർദ്ദം രൂപപ്പെട്ട് നാലാമത്തെ ശക്തിപെടലിലാണ് സൈക്ലോൺ (cyclonic storm) ഉണ്ടാകുന്നത്. ആദ്യം low pressure area (LPA), പിന്നെ Well Marked low pressure (WML), പിന്നെ Depression (D), പിന്നെ Deep Depression (DD) പിന്നെയാണ് Cyclonic Storm (CS) രൂപപെടുക. തെക്കേ ഇന്ത്യക്ക് സമീപം ഇപ്പോൾ ഒരു ന്യൂനമർദം പോലും ഇല്ല. എന്നിട്ടല്ലേ ചുഴലിക്കാറ്റ്. അടുത്ത 10 ദിവസം ചുഴലിക്കാറ്റ് സാധ്യത ഈ മേഖലയിൽ ഇല്ല. നാളെ മുതൽ തുലാവർഷത്തിന് മുന്നോടിയായി ഇടിയോടെ മഴ സാധ്യതയുണ്ട്. കേരളം മുങ്ങുന്ന മഴയൊന്നും പെയ്യാൻ പോകുന്നില്ല. സീസണിൽ പെയ്യുന്ന സാധാരണ ഇടിയോടു കൂടെയുള്ള മഴ മാത്രം. അസാധാരണമായി അതിതീവ്രമായൊന്നും മഴ ഉണ്ടാകാൻ ഒരു സാഹചര്യവും കാണുന്നില്ല.

ഇടിമിന്നൽ സാധ്യതയുണ്ട്. ശ്രീലങ്കക്കും തമിഴ്നാട് തീരത്തിനും ഇടയിലുള്ള ചക്രവാത ചുഴി കിഴക്കൻ മേഖലയിൽ വ്യാഴം, വെള്ളി കുറച്ച് വ്യാപകമായി മഴ നൽകും. നാളെ അത്രയ്ക്ക് പേടിക്കാനുള്ള സാഹചര്യമില്ല. കേരളം മഴ പെയ്ത് കുതിർന്നതിനാൽ ജാഗ്രതാ നിർദേശം നല്ലതാണ്. ഇങ്ങനെ സൈക്ലോൺ വരുന്നു എന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച് ആളുകളെ ഉറക്കം കെടുത്തുന്നവന്റെ തലയിൽ ഇടിത്തീ വീഴരുതേ എന്നാണ് പ്രാർഥന . ആദ്യം ഇടിമിന്നൽ ജാഗ്രത പാലിക്കട്ടെ. ഇല്ലാത്ത സൈക്ലോൺ മുന്നറിയിപ്പ് നൽകും മുൻപ് . വ്യാജ സൈക്ലോൺ വീശില്ല. ഇത്തരം വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ, പേജുകൾ എന്നിവ റിപ്പോർട്ട് ചെയ്യുക.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Weatherman Kerala - FB PostArchived Link

നിഗമനം

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമോ സ്വകാര്യ കാലാവസ്ഥ നിരീക്ഷകരോ ഇത്തരത്തിലൊരു ചുഴലിക്കാറ്റിനെ കുറിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കേരളത്തെ തകര്‍ക്കാന്‍ ചുഴലിക്കാറ്റ് എത്തുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False