വീട് നോക്കാൻ അറിയാത്തയാൾ എങ്ങനെ രാജ്യം നോക്കും… ഗഡ്‌കരിയുടെ പ്രസ്താവനയുടെ യാഥാർഥ്യമെന്ത്…?

രാഷ്ട്രീയം | Politics

വിവരണം

archived link FB post

UDF for Development & Care എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും മാർച്ച് 24  ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിൽ ആരോപിക്കുന്നത് ” തോൽവി മണത്തു മോഡിക്കെതിരെ ബിജെപിയിൽ പടയൊരുക്കം, ഒരു വീടു  നോക്കാൻ അറിയാത്തയാൾ എങ്ങനെ രാജ്യം നോക്കും..? അദ്വാനിയുടെ ചോദ്യം നിതിൻ ഗഡ്‌കരിയിലൂടെ ..?” എന്നാണ്‌. പോസ്റ്റിന് 4200  ഷെയറുകളായിട്ടുണ്ട്. മോഡിക്കെതിരെ ബിജെപിയിൽ പടയൊരുക്കം തുടങ്ങിയോ, ഗഡ്‌കരി ഇങ്ങനെ പ്രസ്താവന മോഡിക്കെതിരെ നടത്തിയോ…. നമുക്ക് പോസ്റ്റിന്റെ വസ്തുത അന്വേഷിച്ചു നോക്കാം.

വസ്തുതാ പരിശോധന

ഇതേപ്പറ്റി മലയാള മാധ്യമങ്ങളിൽ  വാർത്ത വന്നിട്ടുണ്ടോ എന്നാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. മാതൃഭൂമി ഇതേപ്പറ്റി വാർത്ത  പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.

archived link
mathrubhumi

NDTV, Scroll, Indian Express തുടങ്ങിയ മാധ്യമങ്ങളെല്ലാം സമാന വാർത്ത നൽകിയിട്ടുണ്ട്. 2019 ഫെബ്രുവരി 4 നാണ് മാതൃഭൂമി വാർത്ത നൽകിയിട്ടുള്ളത്. ” കുടുംബം നോക്കാൻ കഴിവില്ലാത്തവർക്ക് രാജ്യം പരിപാലിക്കാനാവില്ല എന്ന ഗഡ്‌കരിയുടെ പ്രസ്താവന ഉദ്ധരിച്ചാണ് മാധ്യമങ്ങളെല്ലാം തന്നെ വാർത്ത നൽകിയിട്ടുള്ളത്. ചില വാർത്ത പോർട്ടലുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.

archived link
news18
archived link
ndtv
archived link
indian express
archived link
financial express

financial express ൽ വന്ന വാർത്തയെ അവലംബിച്ച് രാഹുൽ ഗാന്ധി ചെയ്ത ട്വീറ്റാണ്  ഗഡ്‌കരിയുടെ പ്രസ്താവനയെ വിവാദമാക്കിയത്.

archived link twitter/rahul gandhi

ട്വീറ്റിന്‍റെ പരിഭാഷ ഇപ്രകാരമാണ്.

” അഭിനന്ദനങ്ങൾ ഗഡ്‌കരി ജി ! ബിജെപിയിലെ ഒരേയൊരു ധൈര്യശാലിയാണു താങ്കൾ. ദയവായി താഴെ പറയുന്ന കാര്യങ്ങളിലും അഭിപ്രായം പറയുക.

1. റാഫേൽ അഴിമതിയും അനിൽ അംബാനിയും

2. കർഷകരുടെ ദുരവസ്ഥ

3. സ്ഥാപനങ്ങളുടെ നശീകരണം

ഇതിനു മറുപടിയായി ഗഡ്‌കരി തന്റെ ട്വിറ്ററിൽ ഇങ്ങനെ പ്രതികരിച്ചു:

archived link twitter/gadkari

ട്വീറ്റിന്‍റെ പരിഭാഷ ഇതാണ് : “രാഹുൽ ഗാന്ധി ജി എന്‍റെ  ധൈര്യത്തിന് തൽക്കാലം താങ്കളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ ഇരുന്നിട്ട് പോലും ഞങ്ങളുടെ സർക്കാരിനെ ആക്രമിക്കാൻ താങ്കൾ മാധ്യമങ്ങൾ വളച്ചൊടിച്ച വാർത്തകളെ കൂട്ട് പിടിക്കുന്നത് തികച്ചും അതിശയം തന്നെ!”

മാധ്യമങ്ങളിൽ വന്ന വാർത്ത മുഴുവൻ വായിച്ചാൽ പ്രസ്തുത പ്രസ്താവന എപ്പോൾ എവിടെ എങ്ങനെ പറഞ്ഞു എന്നതിന് വ്യക്തത ലഭിക്കും. 2019 ഫെബ്രുവരി 4 ന്  മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന എബിവിപി മുൻ  പ്രവർത്തകരുടെ സമ്മേളനത്തിലാണ് ഗഡ്‌കരി ഇപ്രകാരം പ്രസ്താവിച്ചത്.

നിതിൻ ഗഡ്‌കരിയുടെ പ്രസംഗത്തിലെ വിവാദമായ ഭാഗത്തിന്‍റെ പരിഭാഷ താഴെ കൊടുക്കുന്നു : “എന്റെ ജീവിതം ബിജെപിക്കും പിന്നെ രാജ്യത്തിനും സമർപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്ന നിരവധിപ്പേരെ ഞാൻ കണ്ടുമുട്ടുന്നുണ്ട്. അത്തരം ഒരാളോട് ഞാൻ ഒരിക്കൽ ചോദിച്ചു നിങ്ങൾ എന്താണ് ചെയ്യുന്നത്..? വീട്ടിൽ മറ്റാരാണ് ഉണ്ടാവുക..? അയാൾ പറഞ്ഞു, ഞാനൊരു പീടിക നടത്തുകയായിരുന്നു. നഷ്ടത്തിൽ പോയതിനാൽ പൂട്ടി. വീട്ടിൽ ഭാര്യയും കുഞ്ഞുങ്ങളുമുണ്ട്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു നിങ്ങൾ ആദ്യം വീട്ടിൽ പോയി കുടുംബം നോക്കൂ.. കാരണം കുടുംബം പരിപാലിക്കാൻ കഴിയാത്ത ഒരാൾക്ക് ഒരിക്കലും രാജ്യം പരിപാലിക്കാനാകില്ല. ആദ്യം നിങ്ങൾ കുടുംബത്തെയും കുട്ടികളെയും നന്നായി നോക്കുക. പിന്നീട് പാർട്ടിയെയും രാജ്യത്തെയും സേവിക്കാം.”

പ്രസംഗത്തിന്‍റെ ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു

archived link youtube

ഇതിൽ ഗഡ്‌കരി ആരെയും പ്രത്യക്ഷമായോ പരോക്ഷമായോ പരാമർശിക്കുന്നില്ല. പാർട്ടി പ്രവർത്തകരാകാൻ ഇറങ്ങിത്തിരിച്ച പ്രവർത്തകർക്കുള്ള ഒരു ഉപദേശം മാത്രമായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ. അത് സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വാർത്തകൾ നൽകുകയാണ് മാധ്യമങ്ങൾ ചെയ്തത്.

നിഗമനം

ഫേസ്‌ബുക്ക് പോസ്റ്റ് വഴി പ്രചരിപ്പിക്കുന്നത് തെറ്റിധാരണ സൃഷ്ടിക്കുന്ന വിവരങ്ങളാണ്. ഗഡ്‌കരിയുടെ പ്രസംഗത്തിൽ  യഥാർത്ഥത്തിൽ  ഈ വാചകം ഉണ്ടായിരുന്നു. എന്നാൽ എബിവിപി പ്രവർത്തകരുടെ സമ്മേളന വേദിയിൽ അവരുടെ പ്രവർത്തനത്തെ ആധാരമാക്കിയാണ് അദ്ദേഹം അങ്ങനെ  പ്രസ്താവിച്ചത്. മാധ്യമങ്ങൾ പ്രസ്താവനയ്ക്ക് മറ്റു മാനങ്ങൾ നൽകാൻ ശ്രമിക്കുകയായിരുന്നു. അതിനാൽ തെറ്റിധാരണയുണ്ടാക്കുന്ന ഈ പോസ്റ്റിനോട് ശ്രദ്ധിച്ചു മാത്രം പ്രീയ വായനക്കാർ പ്രതികരിക്കുക.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:വീട് നോക്കാൻ അറിയാത്തയാൾ എങ്ങനെ രാജ്യം നോക്കും… ഗഡ്‌കരിയുടെ പ്രസ്താവനയുടെ യാഥാർഥ്യമെന്ത്…?

Fact Check By: Deepa M 

Result: Mixture