FACT CHECK - കെ.സുധാകരന് എതിരായ ഫെയ്‌സ്ബുക്ക്; പോസ്റ്റ് ആര്‍ജെ സൂരജ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും റേഡിയോ ജോക്കിയുമൊക്കെയായ ആര്‍ജെ സൂരജിന്‍റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ നടന്ന ഒരു സംഭവത്തെ കുറിച്ചായിരുന്നു സൂരജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെപിസിസി പ്രസിഡന്‍റും എംപിയുമായ കെ.സുധാകരന്‍ വിമാനത്തില്‍ കയറിയ ശേഷം തനിക്ക് ഇഷ്ടമുള്ള സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയെന്നും ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ അധികാരത്തിന്‍റെ ഗര്‍വ് കാണിച്ച് വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂരജിനെതിരെ വ്യാപകമായ പോസ്റ്റുകളും പ്രചരണങ്ങളും ആരംഭിക്കുകയും ചെയ്തു.
ഇത്തരത്തിലൊരു ഒരു പോസ്റ്റാണ് ഇപ്പോള്‍ ഒടുവില്‍ പ്രചരിക്കുന്നത്. കെ.സുധാകരനെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ആര്‍ജെ സൂരജ് മാപ്പ് പറഞ്ഞു എന്നാണ് പ്രചരണം. ലോക്മാന്യ തിലക് എന്ന പേജില്‍ നിന്നും മനോരമ ന്യൂസിന്‍റെ വാര്‍ത്തയെന്ന വ്യാജേന പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 412ല്‍ അധികം റിയാക്ഷനുകളും 41ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ആര്‍ജെ സൂരജ് കെ.സുധാകരനെതിരെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടുണ്ടോ? മനോരമ ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ആര്‍ജെ സൂരജിന്‍റെ ഫെയ്‌സ്ബുക്ക് പേജാണ് ഞങ്ങള്‍ പരിശോധിച്ചത്. കെ.സുധാകരന്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ എത്തുകയും സീറ്റിനെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായതിനെ കുറിച്ചും ഒക്ടോബര്‍ 24ന് പങ്കുവെച്ച പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. അതായത് അദ്ദേഹം ഇപ്പോഴും പോസ്റ്റ് പിന്‍വലിച്ചിട്ടില്ലയെന്നതാണ് സത്യം. പിന്നീട് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന മനോരമ ന്യൂസ് വാര്‍ത്ത എന്ന വ്യാജേനയുള്ള സ്ക്രീന്‍ഷോട്ട് സഹിതം അടിസ്ഥാന രഹിതമായ പ്രചരണമാണെന്നും മനോരമയുടെ പേരില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും വിശദീകരിച്ച് ഒരു പോസ്റ്റും ഇട്ടിട്ടുണ്ട്. താന്‍ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും സൂരജ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. അധികാരം ദുര്‍വിനിയോഗം ചെയ്ത് സാധരണക്കാരായ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അവരുടെ ജോലി കളയുമെന്ന് വെല്ലുവിളിക്കുകയും ചെയ്തതിനെതിരെയാണ് പ്രതികരിച്ചതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആര്‍ജെ സൂരജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
മനോരമ ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് അവരുടെ ഓഫിസുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു.
നിഗമനം
കെ.സുധാകരനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ആര്‍ജെ സൂരജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടാണിതെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കെ.സുധാകരന് എതിരായ ഫെയ്‌സ്ബുക്ക്; പോസ്റ്റ് ആര്‍ജെ സൂരജ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False