
കേരളത്തിലെ ശോച്യാവസ്ഥയിലുള്ള ബസ്റ്റാൻഡും പരിസരവും അതേ സമയം യുപിയിലെ ഉയർന്ന നിലവാരത്തിലുള്ള ബസ്റ്റാൻഡും തമ്മിൽ താരതമ്യപ്പെടുത്തി രണ്ടു ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വെള്ളക്കെട്ട് നിറഞ്ഞ ബസ്റ്റാൻഡ് ആണ് ആദ്യത്തെ ചിത്രത്തിലുള്ളത്. ഇത് കേരളത്തിൽ നിലവിലുള്ള ഒരു ബസ്റ്റാന്റ് ആണെന്ന് പോസ്റ്റിൽ സൂചിപ്പിക്കുന്നു. നവീന രീതിയിലുള്ള രണ്ടാമത്തെ ബസ്റ്റാൻഡ് ഉത്തർപ്രദേശിലെതാണ് എന്നും പറയുന്നു. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലെ ബസ് സ്റ്റാൻഡുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്..
ഒരെണ്ണം നമ്മുടെ സ്വന്തം കേരളത്തിൽ നിന്നുമാണ്.. മറ്റൊരെണ്ണം ഉത്തർപ്രദേശിൽ നിന്നുമാണ്..
ഏതാണ് കേരളത്തിൽ നിന്നുള്ളതെന്നും ഏതാണ് ഉത്തർപ്രദേശിൽ നിന്നുള്ളതെന്നും പറയാമോ? ”
എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേരളത്തിലെ ബസ്റ്റാൻഡിന്റെ ചിത്രം 13 കൊല്ലം പഴയതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
ആദ്യത്തെ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ ചിത്രം ഉൾപ്പെടുത്തി 2011 പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് റിപ്പോർട്ട് ലഭിച്ചു. പത്തനംതിട്ട സ്വകാര്യ ബസ്റ്റാൻഡിന്റെ ശോച്യാവസ്ഥയെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.
മാത്രമല്ല, പണ്ട് സ്വകാര്യ ബസുകൾ പല നിറങ്ങളിലായിരുന്നു നിരത്തുകളില് ഓടിയിരുന്നത്. എന്നാൽ ഇപ്പോള് എല്ലാ ജില്ലകളിലും ബസുകൾക്ക് ഏകീകൃത നിറങ്ങളാണുള്ളത്. തുടർന്ന് പത്തനംതിട്ട സ്വകാര്യ ബസ്റ്റാൻഡിന്റെ നിലവിലെ സ്ഥിതിയെ കുറിച്ചുള്ള വാർത്തകൾ ഞങ്ങൾ തിരഞ്ഞു. “പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നവീകരിച്ചു” എന്ന അടിക്കുറിപ്പിൽ മനോരമ ന്യൂസ് യുട്യൂബിൽ 2024 സെപ്റ്റംബർ 7 ന് പോസ്റ്റ് ചെയ്ത റിപ്പോർട്ട് ലഭിച്ചു.
വർഷങ്ങളായി ശോച്യാവസ്ഥയിലായിരുന്ന പത്തനംതിട്ട സ്വകാര്യ ബസ്റ്റാൻഡ് നവീകരിച്ചതിനെ കുറിച്ചാണ് വാർത്ത. പല മാധ്യമങ്ങളിലും പത്തനംതിട്ട സ്വകാര്യ ബസ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നു.
ചിത്രം ഉത്തർപ്രദേശിൽ നിന്നുള്ളതു തന്നെയാണ്. 2018 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആധുനിക സൗകര്യങ്ങളോടെയുള്ള ഈ ബസ്റ്റാൻഡ് ലഖ്നൌവിൽ നിന്നുള്ളതാണ്.
കേരളത്തിൽ പലയിടത്തും അത്യാധുനിക നിലവാരത്തിലുള്ള ബസ് സ്റ്റാൻഡുകൾ പണികഴിപ്പിച്ചിട്ടുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബ്, കുന്നംകുളം ബസ് സ്റ്റാൻഡ് ഇതൊക്കെ മികച്ച ഉദാഹരണങ്ങളാണ്.
നിഗമനം
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന്റെ 13 വർഷത്തിന് മുകളിൽ മുകളിൽ പഴക്കമുള്ള ചിത്രം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിൽ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്. നിലവിൽ പത്തനംതിട്ട ബസ് സ്റ്റാൻഡ് നവീകരിച്ചിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:13 വർഷത്തിലധികം പഴക്കമുള്ള ചിത്രം കേരളത്തിലെ നിലവിലെ ബസ്റ്റാൻഡ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: MISLEADING
