
വിവരണം
എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മദ്യപിച്ച് പെട്രോള്‍ പമ്പിലെത്തിയ ഒരു യുവാവ് അവിടെ നിന്ന മറ്റൊരു യുവാവിന്‍റെ കാലില്‍ സ്കൂട്ടര്‍ ഇടിപ്പിക്കുകയും ഇത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പിന്നീട് കത്തിവീശി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. പിന്നീട് ഇയാളെ നാട്ടുകാര്‍ ബലപ്രയോഗത്തിലൂടെ കീഴപ്പെടുത്തി കായിമായി പ്രതിരോധിക്കുന്നതും വീഡിയോയില്‍ കാണാം. ഛത്രപതി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റിനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു എന്ന തലക്കെട്ടാണ് നല്‍കിയിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 310ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

ഇതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ-
screencast-wwwfacebookcom-20200716-17_04_09 from Dewin Carlos on Vimeo.
എന്നാല്‍ യതാര്‍ത്ഥത്തില്‍ വീഡിയോയില്‍ മദ്യപിച്ച് കത്തിവീശുന്ന യുവാവ് എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്‍റാണോ? ഏത് ജില്ലയില്‍ നടന്ന സംഭവമാണിത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ വൈറല്‍ വീഡിയോയുടെ കമന്‍റുകളില്‍ നിന്നും ഇത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നടന്ന സംഭവമാണെന്ന് മനസിലാക്കാന്‍ സാധിച്ചു. ഇപ്രകാരം പെരുമ്പാവൂര്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം ഓണ്‍ലൈന്‍ മാധ്യമമായ സമയം മലയാളം സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ലേഖനവും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പെരുമ്പാവൂര്‍ പട്ടാലിലെ ചെമ്മനം പമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. അപടിടിയിലും കത്തിവീശിലും ജ്യോറിസ് എന്ന യുവാവിന് പരുക്കേറ്റെന്നും അക്രമം നടത്തിയ പ്രതിക്കെതിരെ പോലീസ് കേസെടുത്തെന്നും വാര്‍ത്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ആണെന്ന് വാര്‍ത്തയില്‍ പരാമര്‍ശമില്ല.
സമയം മലയാളം വാര്‍ത്ത റിപ്പോര്‍ട്ട്-

എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് എന്ന പേരിലുള്ള പ്രചരണത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇതുപ്രകാരം എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റിന്‍റെ പേര് ആര്‍ഷോ കാഞ്ഞിരപ്പുഴ എന്നാണെന്നും അദ്ദേഹമല്ല ഈ വീഡിയോയിലുള്ളതെന്നും മനസിലാക്കാന്‍ സാധിച്ചു. ആര്‍ഷോ ആരോപണത്തെ കുറിച്ചും പ്രചരണത്തെ കുറിച്ച് വിവരിച്ച് ഫെയ്‌സ്ബുക്കില്‍ ഒരു പ്രതികരണ കുറിപ്പ് പങ്കുവെച്ചിരിക്കുന്നതായും ഞങ്ങള്‍ കണ്ടെത്തി-
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയും അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പെരുമ്പാവൂരില്‍ അക്രമം നടത്തിയ യുവാവിന്‍റെ പേര് സഞ്ചു എന്നാണെന്നും എറണാകുളം ജില്ലാ പ്രസിഡന്‍റ് ആര്‍ഷോയാണെന്നും ആവര്‍ത്തിച്ചാണ് എസ്എഫ്ഐയുടെ പ്രസ്താവന. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ഫെയ്‌സബുക്ക് പോസ്റ്റ്-
നിഗമനം
പെരുമ്പാവൂരിലെ പെട്രോള്‍ പമ്പില്‍ കത്തിവീശി അക്രമം നടത്തിയ യുവാവ് എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് അല്ലെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. എന്നാല്‍ ഇയാള്‍ക്ക് എസ്എഫ്ഐയുമായോ മറ്റ് ഇടതുയുവ സംഘടനകളുമായോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് പ്രചരണം വ്യാജമാമെന്ന് തന്നെ അനുമാനിക്കാം.

Title:പെരുമ്പാവൂരിലെ പെട്രോള്‍ പമ്പില്‍ കത്തിവീശിയ യുവാവ് എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് എന്ന പ്രചരണം വ്യാജം..
Fact Check By: Dewin CarlosResult: False
