
ഈയിടെ ഉത്തർ പ്രദേശിൽ വഖ്ഫ് ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത പ്രതിഷേധിക്കുന്നവരെ യുപി പോലീസ് ലാത്തി ചാർജ് ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് ഒരു ജനസമൂഹത്തിനെതിരെ ലാത്തി ചാർജ് ചെയ്യുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “*ഉത്തർപ്രദേശിൽ വഖഫ് ബില്ലിനെതിരെ ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള ആളുകൾ ഒത്തുകൂടി!* * വിട്ടുമാറാത്ത നടുവേദന, നടുവേദന, കാലുവേദന എന്നിവയിൽ നിന്ന് തൽക്ഷണ ആശ്വാസത്തിന്••••* *ഉടൻ ചികിത്സിച്ചു!* *പ്രശസ്ത ഡോക്ടർമാർ:* *യോഗി ആദിത്യനാഥ് ജി മഹാരാജ്!!* ”
എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് ഈ വീഡിയോ പഴയേതാണെന്ന് കണ്ടെത്തി. 21 ഡിസംബർ 2019ന് ഈ വീഡിയോ പോസ്റ്റ് ചെയ്ത് ഒരു ട്വീറ്റ് നമുക്ക് താഴെ കാണാം.
പോസ്റ്റ് ഗോരഖ്‌പൂർ പോലീസ് ഡിസംബർ 20, 2019ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസിനുനേരെ കല്ലേറ് നടത്തിയ പ്രതികളുടെ ഫോട്ടോ ട്വീറ്റ് ചെയ്‌തതിൻ്റെ മറുപടിയിലാണ്. ഞങ്ങൾ ഈ സംഭവത്തിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഹിന്ദുസ്ഥാൻ എന്ന മാധ്യമം അവരുടെ യുട്യൂബ് ചാനലിൽ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് കണ്ടെത്തി.
ഈ വാർത്ത പ്രകാരം ഈ സംഭവം ഗോരഖ്‌പൂരിലെ നഖസ് ചൗക്ക് എന്ന സ്ഥലത്താണ് സംഭവിച്ചത്. ഞങ്ങൾ ഈ സ്ഥലത്തിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ പരിശോധിച്ചു. ഈ സ്ട്രീറ്റ് വ്യൂ നിങ്ങൾക്ക് താഴെ കാണാം.
വൈറൽ വീഡിയോയിൽ കാണുന്ന മാ വൈഷ്ണോ സ്റ്റേഷനേഴ്‌സ് എന്ന കട നമുക്ക് സ്ട്രീറ്റ് വ്യൂയിലും കാണാം.
നിഗമനം
ഉത്തർപ്രദേശിൽ നിലവിൽ നടക്കുന്ന വഖ്ഫ് ബില്ലിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് നേരെ യുപി പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയതിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ, യഥാർത്ഥത്തിൽ 2019-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസിനു നേരെ കല്ലെറിഞ്ഞവർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഉത്തർപ്രദേശിൽ 2019ൽ CAAക്കെതിരെ നടന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ വഖ്ഫ് ബില്ലിനെതിരെയുള്ള പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: False
