
വിവരണം
ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന ചിത്രമാണിത്. ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: മെക്സിക്കോ പാർലമെന്റ് അംഗം പാർലമെന്റിൽ തന്റെ വസ്ത്രങ്ങളെല്ലാം സംവാദത്തിനിടെ നീക്കംചെയ്തു.
“എന്നെ നഗ്നനായി കാണുന്നതിൽ നിങ്ങൾ ലജ്ജിക്കുന്നു.
പക്ഷേ നിങ്ങളുടെ ജനങ്ങളെ തെരുവുകളിൽ നഗ്നരായി, നഗ്നപാദരായി, നിരാശരായി, തൊഴിലില്ലാത്തവരായി, വിശപ്പുള്ളവരായി കാണുമ്പോൾ നിങ്ങൾ ലജ്ജിക്കുന്നില്ല!
അതും അവരുടെ പണവും സമ്പത്തും എല്ലാം നിങ്ങൾ തന്നെ മോഷ്ടിച്ചതിന് ശേഷം.”
അദ്ദേഹം പാർലമെന്റിനോട് പറഞ്ഞു
എന്തൊരു ധൈര്യമുള്ള മനുഷ്യൻ!
ഇങ്ങനെയായിരിക്കണം ഒരു ജനനായകൻ..
© വേൾഡ് പ്രസ്സ്”
എന്നാല്‍ ഈ വിവരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ മനസ്സിലായി. വസ്തുത എന്താണെന്ന് പറയാം
വസ്തുതാ വിശകലനം
ഞങ്ങള്‍ ഈ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം പ്രസിദ്ധീകരിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകളും വീഡിയോയും യുട്യൂബ് വീഡിയോയും ലഭിച്ചു. ബിബിസി ന്യൂസ് 2013 ഡിസംബര്‍ 13 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്ന വിവാദ നിയമനിർമ്മാണത്തിനെതിരെയായിരുന്നു അന്റോണിയോ ഗാർസിയ കോനെജോ എന്ന, പാര്‍ട്ടി ഓഫ് ഡെമോക്രാറ്റിക് റെവലൂഷന് പാര്‍ട്ടിയില്‍ നിന്നുമുള്ള എം.പി.യുടെ പ്രതിഷേധം. സംഭവം നടന്നത് ഏഴു വര്‍ഷം മുമ്പ് 2013 ലാണ്.
“പുതിയ ഊർജ്ജ നിയമം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് മെക്സിക്കൻ എം.പി. സഭയില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണമേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്കുന്ന വിവാദ നിയമനിർമ്മാണത്തിൽ പ്രതിഷേധിച്ച് മെക്സിക്കൻ എം.പി.യായ അന്റോണിയോ ഗാർസിയ കോനെജോ ആണ് വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ചത്.
പിആർഡിയിൽ നിന്നുള്ള അന്റോണിയോ ഗാർസിയ കോനെജോ, ബില്ലിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നതിനായി അടിവസ്ത്രമൊഴികെ ബാക്കി എല്ലാം സഭയില്‍ വച്ച് അഴിച്ചു.
പുതിയ ഊർജ്ജ നിയമം സ്വകാര്യ എണ്ണ, വാതക കമ്പനികൾക്ക് കൂടുതല്‍ ലാഭം എടുക്കാനും സര്‍ക്കാരിന് ഇതിന്റെ ഒരു വിഹിതം മാത്രം നല്‍കാനും സഹായിക്കുന്ന തരത്തില്‍ ഉള്ളതാണ്. ഉപരിസഭയായ സെനറ്റ് പാസാക്കി ഒരു ദിവസത്തിനുശേഷം ചേംബർ ഓഫ് ഡെപ്യൂട്ടീസ് ഇത് അംഗീകരിച്ചു.”
മെക്സിക്കന്‍ പാര്‍ലമെന്റ് അംഗം വസ്ത്രമഴിച്ച് പ്രതിഷേധിച്ചത് അവിടുത്തെ പുതിയ ഊര്‍ജ്ജ നിയമതിനെതിരെയാണ്. അല്ലാതെ പോസ്റ്റില്‍ ആരോപിക്കുന്നതുപോലെ അശരണരായ ജനങ്ങളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്ന വിഷയത്തെ ചൊല്ലിയല്ല.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. മെക്സിക്കന്‍ പാര്‍ലമെന്റ് അംഗം വസ്ത്രമഴിച്ച് പ്രതിഷേധിച്ചത് അവിടെ പാര്‍ലമെന്റ് പാസ്സാക്കിയ ഊര്‍ജ നിയമത്തിനെതിരെയാണ്. തെറ്റായ വിവരണത്തോടെ ഈ ചിത്രം ലോകമെങ്ങും പ്രചരിക്കുന്നുണ്ട്.

Title:മെക്സിക്കന്‍ പാര്‍ലമെന്റ് അംഗത്തിന്റെ ഏഴു വര്‍ഷം പഴക്കമുള്ള ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…
Fact Check By: Vasuki SResult: False
