
വിവരണം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ണൂര്‍ തലശ്ശേരി ഹൈവേയുടെ ചിത്രം എന്ന വിവരണത്തോടെ ഒരു ഹൈവേയുടെ ചിത്രം പ്രചരിക്കുന്നുണ്ട്.
ചിത്രത്തിന്റെ താഴെ നല്‍കിയിരിക്കുന്ന വാചകം ഇതാണ്: ഇത് ലണ്ടനോ പാരീസോ ദുബായോ അല്ല. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലെ കണ്ണൂര്‍ തലശ്ശേരി ഹൈവേയാണ്.
എന്നാല്‍ ഇത് കണ്ണൂര്‍ തലശ്ശേരി റോഡല്ല. ഈ റോഡ് കേരളത്തിലേതോ ഇന്ത്യയിലെതോ അല്ല. വാസ്തവമറിയാം
വസ്തുതാ വിശകലനം
ഞങ്ങള്‍ ഈ ചിത്രത്തെ പറ്റി ഇതിനു മുമ്പും വസ്തുതാ അന്വേഷണം നടത്തിയിട്ടുണ്ട്.
ലേഖനം ഇവിടെ വായിക്കാം:
ഈ ഹൈവേ കോഴിക്കോട് പന്തിരാങ്കാവിന്‍റെ അടുത്തുള്ളതാണോ…?
ഇതേ ചിത്രം മറ്റൊരു അവകാശവാദവുമായി വൈറലായതിനാലാണ് ഒരിക്കല്‍ കൂടി ചിത്രത്തെ പറ്റിയുള്ള വിശകലനം ആവശ്യമായി വന്നത്.
ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ള നിരവധി ലിങ്കുകളാണ് ലഭ്യമായത്. ഇത് പോളണ്ടിലെ ബിയലെസ്‌കോ ബിയാല എന്ന സ്ഥലത്തുള്ള എസ് 1 എന്ന എക്സ്പ്രസ് വേയാണ് എന്നതാണ് വസ്തുത .
skyscrapercity | archived link
ഇന്‍റര്‍നെറ്റില്‍ അന്വേഷിച്ചാല്‍ ഇതേ ചിത്രം ലഭ്യമാണ്. പല രാജ്യങ്ങളുടെ പേരിനോട് ചേര്‍ത്തും ചിത്രം പ്രചരിക്കുന്നുണ്ട്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, റുമേനിയ തുടങ്ങിയ രാജ്യങ്ങളുടെ പേരിലും ചിത്രം പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഈ ചിത്രം പോളണ്ടിലേത് തന്നെയാണെന്ന് ഉറപ്പിക്കാം. കാരണം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.
തലശ്ശേരി –മാഹി ബൈപാസ്, തലശ്ശേരി – മൈസൂര്‍ ഹൈവേ എന്നിങ്ങനെ രണ്ട് പ്രധാന ദേശീയ പാതകളാണ് കണ്ണൂരിലുള്ളത്. ഇതില്‍ മാഹി ബൈപാസിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.
പോസ്റ്റിലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന റോഡിന് കണ്ണൂരുമായി യാതൊരു ബന്ധവുമില്ല. ഇത് പോളണ്ടിലെ റോഡിന്‍റെ ചിത്രമാണ്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. പോളണ്ടിലെ ബിയലെസ്‌കോ ബിയാല എന്ന സ്ഥലത്തുള്ള എസ് 1 എന്ന എക്സ്പ്രസ് വേയാണ് ചിത്രത്തിലുള്ളത്. കണ്ണൂര്‍- തലശ്ശേരി ഹൈവെയല്ല.

Title:കണ്ണൂര്‍ തലശ്ശേരി ഹൈവേയുടെ പേരില്‍ പ്രചരിക്കുന്നത് പോളണ്ടിലെ എക്സ്പ്രസ് വേയുടെ ചിത്രമാണ്…
Fact Check By: Vasuki SResult: False
