
വിവരണം
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തൂക്ക് കയറിന്‍റെ മാതൃക അദ്ദേഹം കയ്യിലേന്തി നില്‍ക്കുന്നതാണ് ഈ ചിത്രം. അഡ്വ. രശ്മിത രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സഖാവ് സഖാവ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും ‘സമനില തെറ്റിയതാ’ എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് 77ല്‍ അധികം റിയാക്ഷനുകളും 18ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഏതോ സമരപരിപാടിയിലുള്ള ചിത്രമാണിതെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ സമനില തെറ്റിയതാണെന്നുമൊക്കെയുള്ള ആക്ഷേപ ഹാസ്യ കമന്‍റുകളും പോസ്റ്റില്‍ കാണാന്‍ സാധിക്കും.
പ്രചരിക്കുന്ന പോസ്റ്റ്-

എന്നാല്‍ രമേശ് ചെന്നിത്തല ഏതെങ്കിലും സമര പരിപാടിയിലോ അല്ലാതെയോ തൂക്ക് കയര്‍ മാതൃകയില്‍ കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രം തന്നെയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും വെവാ ഫോട്ടോഗ്രഫി എന്ന വെബ്‌സൈറ്റില്‍ നിന്നും യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നത്തലയുടെ വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങള്‍ക്കിടയിലാണ് യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞത്. താലിമാല തന്‍റെ കയ്യിലെടുത്ത് മകന് കൈമാറാന്‍ നില്‍ക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രമാണ് എഥാര്‍ത്ഥത്തില്‍ ഇത്. എഡിറ്റ് ചെയ്ത് താലിക്ക് പകരം കയറാക്കിയതാണെന്നതാണ് വാസ്തവം.
ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

വെവാ ഫോട്ടോ വെബ്‌സൈറ്റിലെ യഥാര്‍ത്ഥ ചിത്രം-

വെവാ ഫോട്ടോഗ്രഫി വെബ്‌സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട്-

യഥാര്‍ത്ഥ ചിത്രവും എഡിറ്റഡ് ചിത്രവും തമ്മിലുള്ള താരതമ്യം-

നിഗമനം
തന്‍റെ മകന്‍ രോഹിത് ചെന്നത്തലയുടെ വിവാഹ ചടങ്ങില്‍ മകന്‍റെ കയ്യിലേക്ക് താലിമാല നല്‍കാന്‍ നില്‍ക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രം എഡിറ്റ് ചെയ്ത് താലിക്ക് പകരം കയറാക്കിയതാണെന്നതാണ് വസ്‌തുത. യഥാര്‍ത്ഥ ചിത്രങ്ങളുള്ള കല്യാണ ആല്‍ബം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത് വ്യാജ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്ന ചിത്രം മാത്രമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കയ്യില്‍ തൂക്കുകയര്‍ പിടിച്ച് നില്‍ക്കുന്ന രമേശ് ചെന്നത്തല.. ചിത്രം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Altered
