യോഗി ആദിത്യനാഥ് പച്ചക്കറി സ്റ്റാളിന് സമീപം നില്‍ക്കുന്ന ചിത്രം ഫോട്ടോഷൂട്ടല്ല, യാഥാര്‍ഥ്യമറിയൂ…

രാഷ്ട്രീയം | Politics

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പച്ചക്കറി വിൽപ്പനക്കാരിയായ ഒരു സ്ത്രീയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് 

പ്രചരണം

യോഗി ആദിത്യനാഥ് പച്ചക്കറി കച്ചവടക്കാരിയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത്  ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണ് എന്ന് വാദിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:

“ഇത്രയും നല്ല വൃത്തിയിൽ ഈ സാധുവായ കാഷായധാരിക്ക് പച്ചക്കറി കട തയാറാക്കിയത് ചില ദൃക്ദോഷധാരികൾ പറയും ഫോട്ടോ സെക്ഷന് വേണ്ടിയായിരിക്കുമെന്ന്. അല്ലെ അല്ല എന്ത് നല്ല വൃത്തിയുള്ള പച്ചക്കറി സ്റ്റാൾ..🤠😎

archived linkFB post

യോഗി ആദിത്യനാഥ് ഫോട്ടോഷൂട്ടിന് വേണ്ടി പോസ് ചെയ്യുകയാണെന്നും ചിത്രത്തിലുള്ളത് യഥാര്‍ത്ഥ പച്ചക്കറി കടയല്ല, ഫോട്ടോഷൂട്ടിനായി മാത്രം തയ്യാറാക്കിയതാണ് എന്നുമാണ് പരിഹാസരൂപേണ പോസ്റ്റ് വാദിക്കുന്നത് . ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ തെറ്റായ വാദമാണ് പ്രചരിക്കുന്നത് എന്ന് കണ്ടെത്തി. 

വസ്തുത ഇങ്ങനെ

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നാദത്തി നോക്കിയപ്പോള്‍ ചിത്രം ഉൾപ്പെടുത്തി ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നു കാണാന്‍ കഴിഞ്ഞു. എന്‍ഡിടിവി   പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: 

കർഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച കിസാൻ കല്യാൺ മിഷൻ സംസ്ഥാനത്ത് ആരംഭിച്ചു. 2022ഓടെ ഉത്തർപ്രദേശിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് കിസാൻ കല്യാൺ മിഷൻ ലക്ഷ്യമിടുന്നത്. മുൻനിര പരിപാടിയുടെ സമാരംഭത്തിന് ശേഷം യുപി മുഖ്യമന്ത്രി, പരിപാടി കർഷകർക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ട്വീറ്റുകളുടെ പരമ്പരയിൽ കുറിച്ചു.

“തന്‍റെ സർക്കാർ വാഗ്ദാനം ചെയ്തതുപോലെ, കർഷകർക്കുള്ള വികസന പദ്ധതികൾ 825 പ്രദേശങ്ങളിൽ നടപ്പിലാക്കും.” പല പ്രതിപക്ഷ നേതാക്കളും കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കിസാൻ കല്യാൺ മിഷന്‍റെ ഉദ്ഘാടനത്തിന്‍റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു 

ഈ ചിത്രം യോഗി ആദിത്യനാഥ് തന്‍റെ ട്വിറ്റർ പേജിൽ നൽകിയിട്ടുണ്ട്. 

“നമ്മുടെ അന്നദാതാവ് സന്തോഷിക്കുമ്പോൾ രാജ്യം തന്നെ സന്തോഷിക്കും. പുരോഗതിയുടെയും സമൃദ്ധിയുടെയും പാത താനേ തെളിയും. കർഷകരുടെ ക്ഷേമത്തിനായി ‘കിസാൻ കല്യാൺ മിഷൻ’ ഇന്ന് സംസ്ഥാനത്ത് ആരംഭിച്ചു. ഈ ദൗത്യം നമ്മുടെ കർഷക സഹോദരങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരുന്നതിനുള്ള ഒരു ഘടകമായി മാറും” എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് നൽകിയിട്ടുള്ളത്

പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോകളുടെ ശേഖരത്തിൽ സമാന സന്ദര്‍ഭത്തിലെ മറ്റൊരു ചിത്രം നൽകിയിട്ടുണ്ട്.  ചിത്രം കണ്ടാല്‍ കുറച്ചുകൂടി വ്യക്തത ലഭിക്കും. ചിത്രത്തിൽ യോഗി ആദിത്യനാഥിനൊപ്പം മറ്റുള്ള ഉദ്യോഗസ്ഥരെയും കാണാം.

“2021 ജനുവരി 06 ന് ലഖ്‌നൗവിൽ നടന്ന കിസാൻ കല്യാൺ മിഷന്‍റെ ഉദ്ഘാടന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രദർശനം വീക്ഷിക്കുന്നു” എന്നാണ് അടിക്കുറിപ്പായി നൽകിയിട്ടുള്ളത്. അതായത് ഉല്‍ഘാടന വേളയില്‍ സംഘടിപ്പിച്ച എക്സിബിഷന്‍ സ്റ്റാളിലെ വില്‍പ്പനക്കാരിയുടെ സമീപത്താണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നില്‍ക്കുന്നത്.  

യോഗി ആദിത്യനാഥ് തന്‍റെ ഫേസ്ബുക്ക് പേജിലും ഇതേ ചിത്രം നൽകിയിട്ടുണ്ട്. ലക്നോവിൽ കഴിഞ്ഞ വർഷം ജനുവരിയിൽ സംഘടിപ്പിച്ച കിസാൻ കല്യാൺ മിഷൻ ഉദ്ഘാടന വേളയിൽ നിന്നുള്ള ചിത്രമാണിത്. പോസ്റ്റിൽ വാദിക്കുന്നത് പോലെ യോഗി ആദിത്യനാഥ് ഫോട്ടോഷൂട്ടിന് വേണ്ടി ചിത്രീകരിച്ചതല്ല. കിസാന്‍ കല്യാണ്‍ മിഷന്‍റെ ഉല്‍ഘാടന വേളയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ട്വിറ്റര്‍/ ഫേസ്ബുക്ക് ഹാന്‍റിലുകളില്‍ നല്കിയിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. യോഗി ആദിത്യനാഥ് ഏതെങ്കിലും ഫോട്ടോ ഷൂട്ടിന് വേണ്ടി നിൽക്കുന്നതല്ല.  കഴിഞ്ഞ വർഷം ജനുവരിയിൽ കിസാന്‍ കല്യാണ്‍ മിഷന്‍ ഉദ്ഘാടനവേളയിൽ സംഘടിപ്പിച്ച എക്സിബിഷനില്‍ മുഖ്യമന്ത്രി സ്റ്റാള്‍ സന്ദര്‍ശിക്കുന്ന ചിത്രമാണിത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:യോഗി ആദിത്യനാഥ് പച്ചക്കറി സ്റ്റാളിന് സമീപം നില്‍ക്കുന്ന ചിത്രം ഫോട്ടോഷൂട്ടല്ല, യാഥാര്‍ഥ്യമറിയൂ…

Fact Check By: Vasuki S 

Result: Misleading