കർണാടകയിലെ ‘ഹിജാബ് പെൺകുട്ടി’ മുസ്‌കാൻ ഖാന്‍റെ ചിത്രം ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിട്ടില്ല. വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ

ദേശീയം | National

പല ചരിത്ര സംഭവങ്ങളുടെ വാര്‍ഷിക വേളകളിലോ അല്ലെങ്കില്‍  ചരിത്രത്തില്‍  ഇടം നേടിയ വ്യക്തികളോടുള്ള ആദര സൂചകമായോ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ചിത്രങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഹിജാബ് പെൺകുട്ടി എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കർണാടകയിലെ മുസ്‌കാൻ ഖാന്‍റെ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബുര്‍ജ് ഖലീഫയില്‍  മുസ്‌കാൻ ഖാന്‍റെ ചിത്രം കാണിച്ച്  അവളെ പിന്തുണച്ചതായി അവകാശപ്പെട്ടുകൊണ്ട് ചോല പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം

വീഡിയോ ദൃശ്യങ്ങളില്‍ മുസ്കാന്‍ ഖാന്‍ നടന്നു നീങ്ങുന്നതും കര്‍ണ്ണാടകയിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന്‍റെ ഏതാനും ദൃശ്യങ്ങളുമാണ് ബുര്‍ജ് ഖലീഫയില്‍ തെളിയുന്നത്. 

archived linkFB post

ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്നു വ്യക്തമായി. 

വസ്തുത ഇതാണ് 

അന്വേഷണത്തിന്‍റെ ഭാഗമായി ഞങ്ങള്‍ ബുർജ് ഖലീഫയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് സന്ദർശിച്ചപ്പോൾ, ബുർജ് ഖലീഫ അവസാനമായി ലൈറ്റ് ഉപയോഗിച്ചുള്ള പ്രദര്‍ശനം നടത്തിയത് ചൈനീസ് പുതുവർഷത്തിന്‍റെ സമയമായ കഴിഞ്ഞ മാസമാണെന്ന് ഞങ്ങൾ മനസ്സിലാക്കി. 

https://twitter.com/BurjKhalifa/status/1488215554477416452

ബുർജ് ഖലീഫയുടെ ട്വീറ്റ്  ഇങ്ങനെ: “#BurjKhalifa #ChineseNew Year സ്വാഗതം ചെയ്യുന്നു! ഫെബ്രുവരി 4 മുതൽ എല്ലാ ദിവസവും വൈകുന്നേരം 7:45 നും 9:45 p.m. നും ചാന്ദ്ര പുതുവർഷത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക LED, ലേസർ ഷോ കാണുക.”

പോസ്റ്റിലെ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് മനസിലാകും. പ്രൊഫെഷണലായി എഡിറ്റ് ചെയ്യാത്തതിന്‍റെ പല പോരായ്മകളും അതിൽ കാണാം. മുസ്കാന്‍ ഖാന്‍റെ വേറൊരു ചിത്രം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു എന്ന് മറ്റൊരു വീഡിയോ ചില ഭാഷകളില്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണെന്ന് ഞങ്ങളുടെ ഗുജറാത്തി, ബംഗ്ലാദേശി ടീമുകള്‍ ഫാക്റ്റ് ചെക്ക് നടത്തി കണ്ടെത്തിയിരുന്നു. 

വീഡിയോ ദൃശ്യങ്ങളില്‍ മുസ്‌കാൻ ഖാന്‍റെ ഫോട്ടോ കെട്ടിടത്തിന്‍റെ വലുപ്പത്തിനപ്പുറമാണെന്ന് നമുക്ക് കാണാൻ കഴിയും. പലയിടത്തും എഡിറ്റിംഗ് പിഴവുകള്‍ വ്യക്തമായി മനസ്സിലാകുന്നുണ്ട്. ബുര്‍ജ് ഖലീഫയില്‍ ഇതുവരെ പ്രദര്‍ശിപ്പിച്ച മറ്റ് അലങ്കാരങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ വ്യത്യാസം അനായാസം മനസ്സിലാകും.  

നിഗമനം

പോസ്റ്റിലെ അവകാശവാദം തെറ്റും അടിസ്ഥാനരഹിതവുമാണ്. ബുർജ് ഖലീഫയിൽ കർണാടകയിലെ ഹിജാബ് പെൺകുട്ടി എന്നറിയപ്പെടുന്ന മുസ്‌കാൻ ഖാന്‍റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തു സൃഷ്ടിച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കർണാടകയിലെ ‘ഹിജാബ് പെൺകുട്ടി’ മുസ്‌കാൻ ഖാന്‍റെ ചിത്രം ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിട്ടില്ല. വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ

Fact Check By: Vasuki S 

Result: Altered