
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് മാത്രമായി ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കുമെന്ന് ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
പ്രചരണം
‘39 മാസത്തെ ക്ഷാമബത്ത കുടിശിക പേഴ്സണൽ സ്റ്റാഫുകൾക്ക് നൽകും; ഉത്തരവ് ഉടൻ’ എന്ന തലക്കെട്ടില്‍ ഇതുമായി ബന്ധപ്പെട്ട ലേഖനമാണ് പ്രചരിക്കുന്നത്.
ലേഖനത്തിന്‍റെ ഉള്ളടക്കമിങ്ങനെ: “പേഴ്സണൽ സ്റ്റാഫുകൾക്ക് 39 മാസത്തെ ക്ഷാമബത്ത കുടിശിക നൽകും. ഇത് സംബന്ധിച്ച് ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കും.
“2021 ജനുവരിയിൽ പ്രാബല്യത്തിലുള്ള 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ 39 മാസത്തെ കുടിശിക അനുവദിച്ചിരുന്നില്ല. ക്ഷാമബത്ത അനുവദിക്കുമ്പോൾ കുടിശിക പി.എഫിൽ ലയിപ്പിക്കുന്ന രീതിയാണ് മുൻ കാലങ്ങളിൽ പിന്തുടർന്നിരുന്നത്. എന്നാൽ ചരിത്രത്തിൽ ആദ്യമായി കുടിശികയെ കുറിച്ച് കെ.എൻ. ബാലഗോപാൽ പുറത്തിറക്കിയ ഉത്തരവ് മൗനം പാലിച്ചു.
39 മാസത്തെ കുടിശിക ആവിയാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ അതിശക്തമായ സമരങ്ങൾ നടത്തിയെങ്കിലും ബാലഗോപാൽ അനങ്ങിയില്ല. ഇതിനിടയിൽ ആണ് പേഴ്സണൽ സ്റ്റാഫുകൾക്ക് കുടിശിക നൽകാൻ ധനവകുപ്പ് മുതിരുന്നത്. പേഴ്സണൽ സ്റ്റാഫുകളിലെ രാഷ്ട്രിയ നിയമ നക്കാർക്കാണ് കുടിശിക ലഭിക്കുക.
25000 രൂപ മുതൽ 1,00,000 രൂപ വരെ 39 മാസത്തെ ക്ഷാമബത്ത കുടിശികയായി ഇവർക്ക് ലഭിക്കും. 512 പേഴ്സണൽ സ്റ്റാഫുകൾക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. കുടിശിക നൽകാൻ 3.25 കോടി ചെലവാകും എന്നാണ് ധനവകുപ്പിൻ്റെ കണക്ക് കൂട്ടൽ”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ആണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ പ്രസക്തമായ സര്‍ക്കാര്‍ രേഖകള്‍ തിരഞ്ഞെങ്കിലും അവകാശവാദത്തെ സാധൂകരിക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഞങ്ങള്‍ സംസ്ഥാന ധനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു.”വ്യാജ പ്രചരണമാണിത്, മുഴുവന്‍ സർക്കാർ ജീവനക്കാർക്കും ബാധകമായ സേവന വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും പൊതു ഉത്തരവുകൾക്കും വിധേയമായി തന്നെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളവും മറ്റ് തരത്തിലുള്ള ആനുകൂല്യങ്ങളുമെല്ലാം നിശ്ചയിക്കുന്നതും അനുവദിക്കുന്നതും. പേഴ്സണൽ സ്റ്റാഫിനുമാത്രമായി പ്രത്യേകിച്ച് സേവന വ്യവസ്ഥകളൊന്നുമില്ല.” എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചത്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മാത്രമായി ക്ഷാമബത്ത നല്‍കുന്നു എന്ന പ്രചരണം തെറ്റാണെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിപ്പ് നല്കിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മാത്രമായി ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിരക്കും എന്നത് പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണ്. മുഴുവന്‍ സർക്കാർ ജീവനക്കാർക്കും ബാധകമായ സേവന വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും പൊതു ഉത്തരവുകൾക്കും വിധേയമായി തന്നെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് മാത്രമായി ക്ഷാമബത്ത കുടിശിഖ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് വരുന്നുവെന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
