ഡിവൈഎഫ്ഐ പോര്‍ക്ക് ചലഞ്ചിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..
വിവരണം
നാടിനെ നടുക്കിയ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചേര്‍ന്ന് വയനാടിന് കൈത്താങ്ങുക എന്ന ലക്ഷ്യത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. ഇത്തരത്തില്‍ വീ റീബില്‍ഡ് വയനാട് എന്ന പേരില്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 25 വീട് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവുമായി ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു. ഇതിനായി സ്ക്രാപ്പ് ചലഞ്ച്, പായസ ചലഞ്ച്, ഫുഡ് ചലഞ്ച് എന്ന നിരവധി മാര്‍ഗ്ഗങ്ങളില്‍ ധനസമാഹരരണം നടത്തി വരുകയാണ്. ചില കമ്മിറ്റികള്‍ വ്യത്യസ്ഥമായി പന്നി ഇറച്ചി വില്‍പ്പന നടത്തി പോര്‍ക്ക് ചലഞ്ചും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പന്നി ഇസ്ലാം വിരുദ്ധ ഭക്ഷണമാണെന്നും ഡിവൈഎഫ്ഐ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കാനാണ് പോര്‍ക്ക് ചലഞ്ച് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നിരുന്നു.
അതെസമയം പന്നി ഇറച്ചി വിറ്റ് കിട്ടുന്ന പണം ദുരിധബാധിതര്‍ സ്വീകരിക്കരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു എന്നതാണ് ഇപ്പോഴത്തെ പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയെന്നുമാണ് അവകാശവാദം. എസ്.കെ.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം -
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? ജിഫ്രി മുത്തക്കോയ തങ്ങള്‍ നടത്തിയ പ്രസ്താവന തന്നെയാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസ് വെബ് ഡെസ്കുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്തയോ ഇത് സംബന്ധിച്ച് ന്യൂസ് കാര്‍ഡോ പങ്കുവെച്ചിട്ടില്ലായെന്ന് അവര്‍ പ്രതികരിച്ചു. പിന്നീട് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. വിഷയത്തില്‍ താന്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത് സംബന്ധിച്ച് കൈരളി വാര്‍ത്ത നല്‍കിയതായും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത് സംബന്ധിച്ച വാര്‍ത്ത സ്ക്രീന്‍ഷോട്ട് -
നിഗമനം
ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണിതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇത്തരമൊരു പ്രസ്താവന നടത്തയിട്ടില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:ഡിവൈഎഫ്ഐ പോര്‍ക്ക് ചലഞ്ചിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False