ടാറിട്ട റോഡ് കൈ കൊണ്ട് ഇളക്കി എടുക്കുന്ന ഈ വീഡിയോ കേരളത്തിലെയാണോ? വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം | Politics

വിവരണം

എന്‍റെ മരാമത്ത് ഭഗവതി മുരുമോന്‍ പണിത ഡച്ച് മാതൃകയിലുള്ള റോഡുകളെ കാത്തോളനെ.. എന്ന തലക്കെട്ട് നല്‍കി ഒരു യുവാവ് ടാര്‍ ചെയ്ത റോഡ് കൈകള്‍ ഉപയോഗിച്ച് ഇളക്കി എടുക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേരിക്കന്‍ മലയാളം കേരളത്തിലെ മാറ്റത്തെ കുറിച്ച് തന്നോട് പറഞ്ഞ അനുഭവം പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ സംഭാഷണം ചേര്‍ത്താണ് പ്രചരണം. ഷിഹാബ് ഷിഹാബ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 7,400ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് –

Facebook PostFacebook Post

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയില്‍ പ്രചരിക്കുന്നത് കേരളത്തിലെ റോഡ് തന്നെയാണോ? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീ‍ഡിയോ കീ ഫ്രെയിമുകളായി ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇന്ത്യാ ടൈംസിന്‍റെ ടൈംസ് എക്‌സ്‌പി മറാത്തി റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ഇത് ഇംഗ്ലിഷ് പരിഭാഷപ്പെടുത്തിയതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്-

മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിലെ ധ്വജപാണി മുതല്‍ മാള്‍ഡ വരെയുള്ള റോഡ് നിര്‍മ്മാണത്തിലെ അപാകത വിവാവദമാകുന്നു. മുഖ്യമന്ത്രിയുടെ റോഡ് നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡാണ് കൈകൊണ്ട് പൊളിച്ചെടുക്കുന്ന അവസ്ഥയിലായത്. നിര്‍മ്മാണത്തിലെ അഴിമതിയില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും എന്‍ജിനീയര്‍ക്കും നിര്‍മ്മാണം നടത്തിയ കോണ്‍ട്രാക്ടര്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആദിവാസി മേഖലയിലെ ഇത്തരം നിര്‍മ്മാണങ്ങളിലെ അഴിമതികളില്‍ വലിയ പ്രതേഷധങ്ങള്‍ ഉയരുന്നുണ്ട്. സത്പുര മലയോര മേഖലയിലെ റോഡാണ് ഇപ്പോള്‍ തകര്‍ന്ന അവസ്ഥയില്‍ വൈറല്‍ വീഡിയോയില്‍ കാണുന്നത്.

വാര്‍ത്ത സ്ക്രീന്‍ഷോട്ട് –

News Article

എബിപി ന്യൂസ് മജ്ഹാ എന്ന വാര്‍ത്ത ചാനലിന്‍റെ യൂട്യൂബ് ചാനലില്‍ നിന്നും ഇതെ വാര്‍ത്ത വീഡിയോ പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2024 സെപ്റ്റംബര്‍ 16നാണ് വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. 

വീഡിയോ കാണാം 

YouTube Video

നിഗമനം

പ്രചരിക്കുന്ന വീഡിയോയ്ക്ക് കേരളവുമായി യാതൊരു ബന്ധവുമില്ലായെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. മഹാരാഷ്ട്രയിലെ സത്പുര മലയോര മേഖലയിലെ റോഡ് നിര്‍മ്മാണത്തിലെ അഴിമതിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നതെന്ന് സ്ഥരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.