
CPM കൊല്ലം ജില്ല സമ്മേളനത്തില്‍ കളള് വിതരണം ചെയ്തു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് CPM നേതാവ് ചിന്ത ജെറോമിന്റെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ ചിന്ത ക്യാമറ കണ്ടതിന് ശേഷം ഒരു ചില്ല് കുപ്പി താഴെ ഒളിപ്പിക്കുന്നതായി കാണാം. ഈ വീഡിയോയുടെ അടികുറിപ്പ് ഇപ്രകാരമാണ്: “#ചിന്നാടന്റെ കാലാപാനി 🤣 കട്ടൻ ചായ മുതൽ കളള് വരെ…”
CPM സമ്മേളനത്തില്‍ കളള് വിതരണം ചെയ്യുന്നു എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ശരിക്കും CPM സമ്മേളനത്തില്‍ മദ്യത്തിന്റെ ബോട്ടില്‍ വിതരണം ചെയ്തുവോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ ദൃശ്യങ്ങളെ കുറിച്ച് കൂടതല്‍ അറിയാന്‍ യുട്യൂബില്‍ പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷിച്ചു. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ഈ ക്ലിപ്പ് എടുത്ത ന്യൂസ്18ന്റെ വീഡിയോ അവരുടെ യുട്യൂബ് ചാനലില്‍ ലഭിച്ചു. ഈ ദൃശ്യങ്ങള്‍ നമുക്ക് താഴെ കാണാം.
ന്യൂസ്18 പ്രസിദ്ധികരിച്ച ഈ വീഡിയോയുടെ വിവരണം പ്രകാരം ഈ വീഡിയോ ഇന്നലെ കൊല്ലത്തിൽ ആരംഭിച്ച CPM സംസ്ഥാന സമ്മേളനത്തിന്റെതാണ്. വീഡിയോയുടെ ശീർഷകം പ്രകാരം ചിന്തയുടെയും മറ്റ് സിപിഎം നേതാക്കളുടെ മുന്നിൽ ചില്ല് കുപ്പിയിൽ വെച്ചിരിക്കുന്നത് കരിങ്ങാലി വെള്ളമാണ് മദ്യമല്ല. വീഡിയോയുടെ ശീർഷകം ഇപ്രകാരമാണ്: “ആദ്യം ഒളിപ്പിച്ചു, പിന്നെ കുടിച്ചു; CPM Kollam ജില്ലാ സമ്മേളനത്തിന് കുടിക്കാൻ കരിങ്ങാലി വെള്ളം.”
ഈ ദൃശ്യങ്ങളും ചില സ്ക്രീൻഷോട്ട് ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ പലരും ചിന്തയെയും സിപിഎം പാർട്ടിയെയും ട്രോൾ ചെയ്യുന്നുണ്ട്. ‘ചിന്നാടന്റെ കാലാപാനി’ എന്ന തരത്തില്‍ പല പോസ്റ്റുകള്‍ ഫെസ്ബൂക്കിലും മറ്റു സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ കാണാം. ഈ ട്രോളിംഗിനെ കുറിച്ച് മലയാള മനോരമ പ്രസിദ്ധികരിച്ച വാര്‍ത്ത നമുക്ക് താഴെ കാണാം.

വാര്‍ത്ത വായിക്കാന്‍ – Malayala Manorama | Archived Link
ഈ ട്രോളിംഗിന്റെ മറുപടി ചിന്ത ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ചിന്ത ജെറോം ഇന്‍സ്റ്റാഗ്രാമില്‍ ഈ സംഭവത്തിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം.
സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂർവം അർത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമർശനങ്ങളുമായി ഒരുകൂട്ടർ ഇറങ്ങി പുറപ്പെടുന്നത്. വരുംകാലത്തിൻ്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും. പ്രയോഗത്തിൻ്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്സിസം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിൻ്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’ പ്രചരിപ്പിക്കുന്നത്. സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിൻ്റെ സാക്ഷ്യമാണ് നിലവിലെ ബിയർ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ – അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാൻ തയ്യാറാവണം.”
കൊല്ലത്തില്‍ CPMന്റെ സംസ്ഥാന സമ്മേളനം കവര്‍ ചെയ്ത ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകനുമായി ഞങ്ങള്‍ ബന്ധപെട്ടു. ഈ സംഭവത്തിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് : “കുപ്പിയില്‍ കരിങ്ങാലി വെള്ളം തന്നെയായിരുന്നു. കുപ്പിയെ കുറിച്ച് ചുറ്റുമുള്ളവര്‍ പരിഹാസ രൂപേണ കമന്റ് ചെയ്തപ്പോള്‍ ചിന്ത കുപ്പി താഴെ വെച്ച് തമാശയില്‍ പങ്കെടുക്കുകയായിരുന്നു.”
നിഗമനം
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചിന്ത ജെറോം ബീയര്‍ സെവിക്കുന്നു എന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചില്ല് കുപ്പിയില്‍ നല്കിയ കരിങ്ങാലി വെള്ളമാണ് ചിന്ത സേവിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:CPM കൊല്ലം ജില്ല സമ്മേളനത്തില്‍ ബീയര്‍ വിതരണം ചെയ്തുവോ? സത്യാവസ്ഥ ഇങ്ങനെ…
Written By: Mukundan KResult: Misleading
