
‘രേവ, മധ്യപ്രദേശിൽ, ലൗ ജിഹാദ് ചെയ്തു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സമാധാനക്കാരനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്ന ദൃശ്യം’ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ പോലീസ്പിടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “രേവ, മധ്യപ്രദേശിൽ, ലൗ ജി*ഹാദ് ചെയ്തു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സമാധാനക്കാരനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്ന ദൃശ്യം. 🫤🫤🫤🫤”
എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് രേവ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ എസ്.എച്.ഓ. കമലേഷ് സാഹുവിൻ്റെ മാധ്യമങ്ങൾക്ക് നൽകിയ ഒരു ബൈറ്റ് ലഭിച്ചു. ഈ ബൈറ്റിൻ്റെ വീഡിയോ താഴെ കാണാം.
ഈ വീഡിയോയിൽ അദ്ദേഹം പറയുന്നു, “ഇന്ന് ഒരു യുവാവും യുവതി അവരുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകാൻ കോടതിയുടെ പരിസരത്തിൽ വന്നിരുന്നു. മറ്റൊരു പക്ഷത്തിൽ പെട്ട ചിലർ ഇവരെ ആക്രമിക്കാൻ ശ്രമിച്ചു. ഈ കാര്യം അറിഞ്ഞത്തിന് ശേഷം പോലീസ് സംഭവ സ്ഥലത്ത് എത്തി. യുവാവിനെയും യുവതിയെയും പോലീസ് രക്ഷിച്ച് പുറത്ത് കൊണ്ട് വന്നു. ഈ സംഭവത്തിൽ നിയമപ്രകാരമുള്ള നടപടികൾ നടക്കുന്നുണ്ട്.” ലവ് ജിഹാദിൻ്റെ സംഭവമാണോ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ സാഹു പറയുന്നത്, “ഈ കാര്യം അന്വേഷിക്കുന്നതാണ്. യുവതിയുടെ മൊഴിയോട് മാത്രം ഈ കാര്യം വ്യക്തമാകുള്ളോ.”
അങ്ങനെ പോസ്റ്റിൽ അവകാശപ്പെടുന്ന പോലെ പോലീസ് ഈ മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ കൊണ്ട് വരുന്ന ദൃശ്യങ്ങൾ അല്ല. പകരം കോടതിയിൽ തൻ്റെ വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകാൻ എത്തിയ ഒരു മുസ്ലിം യുവാവിനെയും ഹിന്ദു യുവതിയെയും പോലീസ് രക്ഷപെടുത്തി കൊണ്ട് പോകുന്നത്തിൻ്റെ ദൃശ്യങ്ങൾ ആണ് നാം കാണുന്നത്. ദി ഇന്ത്യൻ എക്സ്പ്രസ്സ് വാർത്ത പ്രകാരം ഈ മുസ്ലിം യുവാവും ഹിന്ദു യുവതിയും കോടതിയിൽ ഒരു വക്കീലിൻ്റെ ചേംബറിൽ പ്രവേശിച്ചു. ഹിന്ദു പേരുള്ള യുവതി ബുർക്ക ധരിച്ച് വന്നതിനാൽ അവിടെയുള്ളവർ ആക്രമോൽസക്തമായി. ഈ ദമ്പതിയെ രക്ഷിച്ച സിവിൽ ലൈൻസ് എസ്.എച്.ഓ. എക്സ്പ്രസ്സിനോട് പറയുന്നു: “ഈ ദമ്പതി ഒരു വർഷത്തിലേറെയായി ഈ യുവാവും യുവതി ബന്ധത്തിലാണ്. ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇയാൾ ഒരു കൂലിപ്പണിക്കാരനാണ്. ഇവരെ തൽകാലം ഞങ്ങൾ തൽകാലം രക്ഷപെടുത്തിയിട്ടുണ്ട്.”
PTI ഹിന്ദു യുവതിയുമായി സംസാരിച്ചു. യുവതി PTIയിനോട് പറഞ്ഞത് ഇങ്ങനെയാണ്: “ഞങ്ങൾ വെള്ളിയാഴ്ച (21 ഫെബ്രുവരി 2025)ന് കോടതിയിൽ ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തി. അപ്പൊഴാണ് കോടതി പരിസരത്തിൽ ചിലർ എന്നെ രണ്ട് പ്രാവശ്യം തള്ളിയിട്ട് ആക്രമിച്ചത്. പോലീസ് സ്ഥലത്തെത്തി ഞങ്ങളെ രക്ഷപെടുത്തി. എൻ്റെ രക്ഷിതാക്കൾക്കും ഈ വിവാഹവുമായി യാതൊരു പ്രശ്നമില്ല. എന്തിനാണ് ഇവർ ഞങ്ങൾ ആക്രമിച്ചത് എനിക്ക് മനസിലാവാത്തത്.”
വാർത്ത പ്രകാരം ജൂൺ 28, 2023ന് റജബ് ഖാൻ എന്ന വീഡിയോയിൽ കാണുന്ന യുവാവും ഈ ഹിന്ദു യുവതിയും ഇസ്ലാമിക ആചാരങ്ങൾ പ്രകാരം വിവാഹം കഴിച്ചു. ഈ യുവതി മൂന്ന് മാസം ഗർഭിണിയുമാണ്. ഇവരെ ആക്രമിച്ചവർക്കെതിരെ മധ്യ പ്രദേശ് പോലീസ് കേസ് എടുത്തിട്ടുണ്ട്.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ ലവ് ജിഹാദ് നടത്തിയ ഒരു മുസ്ലിം വ്യക്തിയെ മധ്യ പ്രദേശ് പോലീസ് കോടതിയിൽ ഹാജരാക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഇസ്ലാമിക ആചാരങ്ങൾ പ്രകാരം 2023ൽ വിവാഹം ചെയ്ത ഒരു മുസ്ലിം യുവാവും ഹിന്ദു യുവതിയും തൻ്റെ വിവാഹം രജിസ്റ്റർ ചെയ്യാൻ ഒരു വക്കീലിൻ്റെ ചേംബറിൽ എത്തിയപ്പോൾ ചിലർ ഇവരെ ആക്രമിച്ചു. ഈ ആക്രമണത്തിൽ നിന്ന് രക്ഷപെടുത്തി പോലീസ് ഇവരെ കോടതി പരിസരത്തിൽ നിന്ന് കൊണ്ട് പോകുന്നത്തിൻ്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:കല്യാണം രജിസ്റ്റർ ചെയ്യാൻ കോടതിയിൽ എത്തിയ മുസ്ലിം വ്യക്തിയെ ആക്രമിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: Misleading
