
വിവരണം
Hariharan Pillai എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ” ഇതിനൊരു മറുപടി പറയുമോ കോൺഗ്രസ്സുകാരാ ..?” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് പ്രചരിപ്പിച്ചുവരുന്നു. 2019 മെയ് 9 നു പ്രസിദ്ധീകരിച്ച പോസ്റ്റിന് ഇതുവരെ 2000 ഷെയറുകളായിട്ടുണ്ട്. മുൻ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ഭാര്യ താൻ വരച്ച പെയിന്റിങ്ങിന്റെ സമീപം നിൽക്കുന്ന ചിത്രവും അതിനൊപ്പം “ആന്റണിയുടെ ഭാര്യ എലിസബത്ത് വരച്ച ഈ ചിത്രം എയർ ഇന്ത്യയെക്കൊണ്ട് ഇങ്ങനെയാണ് ഇവനൊക്കെ ഈ രാജ്യം നശിപ്പിക്കുന്നത്.ഇതാണ് ആന്റണി നടത്തിയ സർജിക്കൽ സ്ട്രൈക്ക്” ഈ വാചകങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്.
ആന്റണിയുടെ ഭാര്യ എലിസബത്ത് വരച്ച ചിത്രം പോസ്റ്റിൽ ആരോപിക്കുന്നതുപോലെ 28 ലക്ഷം രൂപയ്ക്ക് എയർ ഇന്ത്യ വാങ്ങിയിരുന്നോ ..? എ കെ ആന്റണി പ്രതിരോധമന്ത്രി ആയിരുന്നപ്പോഴാണോ ഈ സംഭവം..? ഇത് മാധ്യമങ്ങളിൽ വാർത്തയായിരുന്നോ..? എല്ലാ സംശയങ്ങൾക്കും നമുക്ക് ഉത്തരം തേടാം…
വസ്തുതാ പരിശോധന
വാർത്ത സത്യമാണെന്നും വ്യാജമാണെന്നും പറയുന്ന നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടമായി ഞങ്ങൾ പോസ്റ്റിനു ലഭിച്ച കമന്റുകൾ നോക്കിയപ്പോൾ വാർത്ത തെറ്റാണെന്നുള്ള ചില സൂചനകൾ അതിൽ നിന്നും ലഭിച്ചു.
Unni Krishnan S എന്ന പ്രൊഫൈലിൽ നിന്നും വന്ന കമന്റ് താഴെക്കൊടുക്കുന്നു.

കൂടാതെ
Sree Darshan എന്ന പ്രൊഫൈലിൽ നിന്നും ലഭിച്ച കമന്റ് ഇതേ വാർത്തയിന്മേൽ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ വസ്തുതാ പരിശോധന ലേഖനത്തിന്റെ ലിങ്ക് ആയിരുന്നു.
ഞങ്ങൾ ലേഖനം വായിച്ചുനോക്കിയപ്പോൾ ഇവിടെ 28 ലക്ഷം എന്നുള്ള ആരോപണം മറ്റു ചില പോസ്റ്റുകളിൽ 28 കോടി എന്നു പരാമർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് ഓഫ് ഇന്ത്യ വസ്തുതാ പരിശോധന നടത്തിയത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദർശിക്കുക
archived link | timesofindia |
പാപ്പരായ എയർ ഇന്ത്യ എ കെ ആന്റണിയുടെ ഭാര്യയുടെ പെയിന്റിങ് വാങ്ങുന്നു എന്ന തലക്കെട്ടിൽ ഒരു വാർത്ത ഇന്ത്യ ടുഡേ 2011 ഡിസംബർ 3 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാർത്തയുടെ സ്ക്രീൻഷോട്ട് :

ഡെക്കാൻ ക്രോണിക്കിൾ 2016 ഓഗസ്റ്റ് 19 നു ആരോപണത്തെ അടിസ്ഥാനമാക്കി ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.അത് ഇപ്രകാരമാണ് : ” എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ മുതിർന്ന കോൺഗ്രസ്സ് നേതാവ് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടെ 8 പെയിന്റിംഗുകൾ 28 കോടി രൂപയ്ക്കു വാങ്ങി എന്ന ആരോപണം തെറ്റാണ്.2012 ൽ എലിസബത്ത് ആരോപണം നിഷേധിച്ചിരുന്നു.വിവരാവകാശ നിയമപ്രകാരം പുറത്തു വന്ന വാർത്തയിൽ 2.5 ലക്ഷം രൂപയ്ക്ക് അവരുടെ 2 പെയിന്റിങ്ങുകളാണ് എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ വാങ്ങിയത്. വിവരാവകാശ നിയമപ്രകാരം എം എസ് വിഷ്ണു ശങ്കർ എന്ന വ്യക്തിയുടെ അപേക്ഷയിന്മേൽ എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ സീനിയർ മാനേജരായ എസ്. സുപ്രീയ നൽകിയതാണ് വിവരം.”

എലിസബത്ത് ആന്റണി തന്റെ ഫേസ്ബുക്ക് പേജിൽ ഇതേപ്പറ്റി നൽകിയ വിശദീകരണം താഴെ കൊടുക്കുന്നു
എയർപോർട്ട് അതോറിട്ടി നൽകിയ വിശദീകരണത്തിന്റെ പകർപ്പ് താഴെ കൊടുക്കുന്നു

മറ്റൊരു വസ്തുതാ പരിശോധനാ വെബ്സൈറ്റായ boomlive ഇതേ വാർത്തയുടെ വസ്തുത പരിശോധന നടത്തിയിരുന്നു.
archived link | boomlive |
മലയാളത്തിൽ പ്രസിദ്ധീകരിച്ച ഈയൊരു പോസ്റ്റിൽ മാത്രമാണ് 28 ലക്ഷമാണ് പെയിന്റിങ്ങിന്റെ വിലയായി പരാമർശിക്കുന്നത്. ഇന്ത്യ മുഴുവൻ വൈറലായ മറ്റു പോസ്റ്റുകളിലെല്ലാം 28 കോടി എന്നാണു പരാമർശം.
ഏതായാലും പോസ്റ്റിൽ പറയുന്ന ആരോപണം തെറ്റാണ് എന്നാണ് ഞങ്ങൾ നടത്തിയ വിശകലനത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്നത് തീർത്തും തെറ്റായ വാർത്തയാണ്. എലിസബത്ത് ആന്റണിയുടെ 2 പെയിന്റിംഗുകൾ 2.5 ലക്ഷം രൂപയ്ക്കാണ് എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ വാങ്ങിയത്. അല്ലാതെ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ 28 ലക്ഷം രൂപയ്ക്കല്ല. അതിനാൽ തെറ്റായ വിവരങ്ങളുള്ള ഈ പോസ്റ്റ് മാന്യ വായനക്കാർ ദയവായി പ്രചരിപ്പിക്കരുത്.

Title:എ കെ ആന്റണിയുടെ ഭാര്യയുടെ പെയിന്റിംഗിന്റെ വില 28 ലക്ഷം രൂപയോ..?
Fact Check By: Deepa MResult: False
