2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിവിപാറ്റ്‌ സ്ലിപ്പുകൾ എണ്ണിത്തുടങ്ങിയോ..?

രാഷ്ട്രീയം | Politics

വിവരണം

Charles Abraham എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽനിന്നും 2019  ഏപ്രിൽ 19  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു വീഡിയോയ്ക്ക് ഇപ്പോൾ 15000 ഷെയറുകളുമായി വൈറൽ ആയിക്കഴിഞ്ഞിരിക്കുന്നു. “ആകെ പോൾ ചെയ്ത വോട്ട് 50. വിവിപാറ്റ് സ്ലിപ്പ് എണ്ണിയപ്പോൾ ബിജെപിക്ക് 52 വോട്ട്” എന്ന അടിക്കുറിപ്പോടെയാണ്  വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

archived link FB page

വീഡിയോയിലൂടെ അറിയിക്കുന്ന  വാർത്ത  സത്യമാണോ…? വോട്ടു രേഖപ്പെടുത്തിയ ഉടൻ തന്നെ വിവിപാറ്റ്‌ സ്ലിപ്പുകൾ എണ്ണിയോ..? ഈ ക്രമക്കേടിനെ  പറ്റി പരാതികളോ മറ്റു  മാധ്യമ വാർത്തകളോ വന്നിരുന്നോ ..? നമുക്ക് ഉത്തരം തേടാം.

വസ്തുതാ പരിശോധന

ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ട് എടുത്ത് google  reverse image, yandex എന്നിവ ഉപയോഗിച്ച് പരിശോധിച്ചു. fake EVM machine in mangalore എന്ന പേരിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഇതേ  വീഡിയോ മാത്രമാണ് ലഭിച്ചത്.

archived YouTube link

ഇതിനൊപ്പം നൽകിയ കീ വേർഡ്‌സ് ഉപയോഗിച്ച് തിരഞ്ഞെങ്കിലും വാർത്ത മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലൊന്നും ഇതേ വാർത്തയോ ഇതിനു സമാനമായ മറ്റു വാർത്തകളോ കണ്ടെത്താനായില്ല. മംഗളുരുമായി ബന്ധപ്പെട്ട വോട്ടിങ് യന്ത്രത്തിന്‍റെ  മറ്റുചില വാർത്തകളാണ് വെബ്‌സൈറ്റുകളിൽ നൽകിയിട്ടുള്ളത്. നമ്മൾ വസ്തുതാ പരിശോധനയ്ക്കായി തെരെഞ്ഞെടുത്ത വീഡിയയുമായി യാതൊരു ബന്ധവും വാർത്തകൾക്കില്ല.

തുടർന്ന് ഞങ്ങൾ തെരെഞ്ഞെടുപ്പ്  കമ്മീഷന്‍റെ ഫേസ്‌ബുക്ക് പേജിൽ വാർത്ത തിരഞ്ഞു. Election Commission of India ഏപ്രിൽ 20 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്‍റെ കമന്റ് ബോക്സിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനു തെരെഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടുണ്ട്. സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു :

archived link  EC FB page

സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് തിരഞ്ഞെങ്കിലും ഇതേ വീഡിയോ ഞങ്ങൾക്ക് കണ്ടെത്താനായില്ല. വീഡിയോയുടെ ഉള്ളടക്കത്തിന്‍റെ വസ്തുത കൂടുതൽ മനസ്സിലാക്കാനായി  തിരുവനന്തപുരത്തുള്ള മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാ റാം മീണയുടെ ഓഫിസുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടു. അവിടെ അധികാരികളിൽ നിന്നും അറിയാൻ കഴിഞ്ഞത് തെരെഞ്ഞെടുപ്പ്  കമ്മീഷന്‍റെ തീരുമാന പ്രകാരം 2019  ലോക്സഭാ തെരെഞ്ഞെടുപ്പിലെ  വോട്ട് എണ്ണുന്ന ദിവസം അതായത് മെയ് 23 ന് മാത്രമേ വിവിപാറ്റ്സ്ലിപ്പുകൾ എണ്ണുകയുള്ളു എന്നാണ്. ഓരോ അസംബ്ലി മണ്ഡലത്തിലെയും 5 വിവിപ്പാറ്റുകൾ അതായത് ഒരു ലോക്സഭാ  മണ്ഡലത്തിൽ നിന്നും 35 വിവിപ്പാറ്റ് എണ്ണാനാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്. ഇതിനുശേഷം വിവിപാറ്റിനെ പ്പറ്റി തീരുമാനങ്ങൾ എടുത്തിട്ടില്ല. വിവിപാറ്റ്സ്ലിപ്പുകൾ എണ്ണുന്നതായി പുറത്തു വന്ന വീഡിയോ മോക്ക് പോളിംഗിന്റേത് ആകാം. എല്ലാ പോളിംഗ് ബൂത്തുകളിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കാനായി ആദ്യം മോക്ക് പോളിംഗ് നടത്തും. സാധാരണ ബൂത്തിൽ രാഷ്ട്രീയ പാർട്ടികൾ നിയോഗിച്ചിട്ടുള്ള പോളിംഗ് ഏജന്റുമാരെ ഉപയോഗിച്ചാണ് ഇത് നടത്തുക. പരിശോധനയിൽ തകരാർ കാണിക്കുന്ന യന്ത്രങ്ങൾ നീക്കം ചെയ്യുകയോ തകരാർ പരിഹരിച്ചശേഷം സീൽ ചെയ്ത് പോളിങ്ങിനായി ഉപയോഗിക്കുകയോ ചെയ്യും. സ്ഥാനാർത്ഥികൾ ചുമതലപ്പെടുത്തുന്ന ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇത് ചെയ്യുക. നടപടിക്രമം ചെയ്യുന്നതിനിടയിൽ വന്ന യന്ത്ര തകരാർ ആയിരിക്കാം വിവിപാറ്റ്സ്ലിപ്പിൽ വന്ന വ്യത്യാസം.”

വിവിപാറ്റ്‌ സ്ലിപ്പുകൾ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് നമുക്കറിയാൻ ശ്രമിക്കാം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ മാറ്റി പകരം പഴയ ബാലറ്റ് സമ്പ്രദായം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 16  രാഷ്ട്രീയ പാർട്ടികൾ തെരെഞ്ഞെടുപ്പ് കമ്മീഷന് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് 2019  ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിവിപാറ്റ്‌ അവതരിപ്പിക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.  VVPAT എന്നാൽ voter verified paper audit trial എന്നാണ് പൂർണ്ണ രൂപം അതായത് വോട്ട് രേഖപ്പെടുത്തിയതിന്‍റെ രണ്ടാംഘട്ട പ്രമാണം എന്ന് പറയാം. വോട്ടിങ് യന്ത്രത്തിന്‍റെ ബട്ടൺ അമർത്തി വോട്ടു രേഖപ്പെടുത്തിക്കഴിയുമ്പോൾ സ്ഥാനാർത്ഥിയുടെ പേര്, തെരെഞ്ഞെടുപ്പ് ചിഹ്നം, സീരിയൽ നമ്പർ ഇവ രേഖപ്പെടുത്തിയ ഒരു സ്ലിപ്പ് 7 സെക്കന്റ് നേരത്തേയ്ക്ക്  വിവിപാറ്റ്‌ വഴി വോട്ടർക്ക് കാണാൻ സാധിക്കും. വിവിപാറ്റ്‌ പരിശോധിക്കാൻ അധികാരമുള്ളത് പോളിംഗ് ഓഫീസർക്ക് മാത്രമാണ്.

വിവിപാറ്റിനെ കുറിച്ച്  കൂടുതലറിയാൻ താഴെയുള്ള സ്ക്രീൻഷോട്ട് പരിശോധിക്കുക

archived link
thehindu

ഞങ്ങളുടെ പരിശോധനയിൽ നിന്നും വ്യക്തമാകുന്നത് ഈ വീഡിയോ തെറ്റിധാരണ ഉണ്ടാക്കുന്നതാണ് എന്നാണ്. വിവിപാറ്റ്‌ സ്ലിപ്പുകൾ വോട്ടെണ്ണൽ നടത്തുന്ന മെയ് 23  നു മാത്രമേ ഔദ്യോഗികമായി  എണ്ണുകയുള്ളു.

നിഗമനം

ഈ പോസ്റ്റിലെ വാർത്ത തെറ്റിധാരണ പരത്താൻ വേണ്ടി ശ്രമിക്കുന്നതാണ്. വിവിപാറ്റ്‌ സ്ലിപ്പുകൾ എണ്ണിയത് മോക്ക് പോളിങ്ങിന്‍റെ ഭാഗമായി മാത്രമാണ്. അല്ലാതെ 2019 ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ വിവിപാറ്റ്‌ സ്ലിപ്പുകൾ ഇതുവരെ എണ്ണാൻ ആരംഭിച്ചിട്ടില്ല. മെയ് 23 നു വോട്ടെണ്ണലിനോടൊപ്പം മാത്രമേ ഇവ എണ്ണുകയുള്ളു എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിൽ നിന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്.

അതിനാൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് പങ്കു വയ്ക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക .

ചിത്രങ്ങൾ കടപ്പാട്: getty images

Avatar

Title:2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിവിപാറ്റ്‌ സ്ലിപ്പുകൾ എണ്ണിത്തുടങ്ങിയോ..?

Fact Check By: Deepa M 

Result: False