
കോൺഗ്രസ് എം.പി. ഡോ. ശശി തരൂർ പരസ്യമായി മഹാത്മാ ഗാന്ധിയെ ആക്ഷേപിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ അപൂർണമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഡോ. ശശി തരൂർ പ്രസംഗിക്കുന്നതായി നമുക്ക് കാണാം. അദ്ദേഹം പറയുന്നു, “...മഹാത്മാ ഗാന്ധി നമ്മുടെ രാജ്യത്തെ ചതിച്ച ഒരു വ്യക്തിയാണ്. ഹിന്ദുക്കൾക്ക് എതിരെ നിന്നു. അവസാനത്തെ അദ്ദേഹത്തിൻ്റെ നിരാഹാരം സമരം എന്തിനായിരുന്നു? പാകിസ്ഥാൻ എന്ന മുസ്ലിം രാജ്യത്തിന് ഇന്ത്യ കൊടുക്കാനുള്ള 55 കോടി(രൂപ)…ആ കാലത്തേ 55 കോടി(രൂപ), ഇന്നത്തെ 550 കോടി(രൂപ) ആയിരിക്കാം. ആ 55 കോടി (രൂപ) കൊടുക്കണം എന്ന് പറഞ്ഞാണ് നിരാഹാരം സമരം നടത്തിയത്. എന്നിട്ടാണ് പട്ടേൽ അവസാനം, ശരി കൊടുക്കാം എന്ന് പറഞ്ഞിട്ടാണ് ആ നിരാഹാര സമരം അവസാനിപ്പിച്ചത്. അപ്പൊ ഇവർ പറഞ്ഞു, ഇയാൾ മുസ്ലിങ്ങൾക്ക് വേണ്ടി നിൽക്കുന്ന ആളാണ്, ഹിന്ദുക്കളുടെ ശത്രു ആണ്, ഇയാൾ എന്തൊരു ഹിന്ദു ആണ്…അങ്ങനെ ഒരു സംസാരം കേട്ടിട്ടാണ് ഗോഡ്‌സെ (ഗാന്ധിയെ) വെടിവെച്ച് കൊന്നത്… ”
പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ഗാന്ധിയെ ഗോഡ്സേ എന്തിന് കൊന്നു..? കൃത്യവും വെക്തവുമായ ഉത്തരവുമായി കോൺഗ്രസ് MP ശശി തരൂർ ..” എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുമായി ബന്ധപ്പെട്ട കീ വേർഡുകൾ ഉപയോഗിച്ച് ഞങ്ങൾ യുട്യൂബിൽ തെരെഞ്ഞപ്പോൾ ഞങ്ങൾക്ക് ഈ അഭിമുഖത്തിൻ്റെ പൂർണ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. മനോരമ ഹോർത്തൂസ് എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ 23 നവംബർ 2024ന് പ്രസിദ്ധികരിച്ചിട്ടുള്ളത്.
ഇന്ത്യയുടെ വർത്തമാനം എന്ന വിഷയത്തിൽ ചർച്ച ചെയ്യുന്ന ഡോ.ശശി തരൂരിനോട് ഇന്ന് ഗാന്ധിയും നെഹ്‌റുവിൻ്റെ പോലെയുള്ള നേതാക്കൾ എന്താ ഉണ്ടാവാത്തത് എന്ന ചോദ്യത്തിൻ്റെ മറുപടി നൽകുകേയായിരുന്നു. 11:34 മുതൽ തരൂർ പറയുന്നു, “…നരേന്ദ്ര മോദി 8 വയസ് മുതൽ RSSൻ്റെ ഒരു ബാല സ്വയംസേവകനാണ്. അദ്ദേഹം എന്ത് കേട്ട് പഠിച്ചിട്ടാണ് വളർന്നിരിക്കുന്നത്? അദ്ദേഹം കേട്ടത് മഹാത്മാ ഗാന്ധി നമ്മുടെ രാജ്യത്തെ ചതിച്ച ഒരു വ്യക്തിയാണ്. ഹിന്ദുക്കൾക്ക് എതിരെ നിന്നു. അവസാനത്തെ അദ്ദേഹത്തിൻ്റെ നിരാഹാരം സമരം എന്തിനായിരുന്നു? പാകിസ്ഥാൻ എന്ന മുസ്ലിം രാജ്യത്തിന് ഇന്ത്യ കൊടുക്കാനുള്ള 55 കോടി(രൂപ)…ആ കാലത്തേ 55 കോടി(രൂപ), ഇന്നത്തെ 550 കോടി(രൂപ) ആയിരിക്കാം. ആ 55 കോടി (രൂപ) കൊടുക്കണം എന്ന് പറഞ്ഞാണ് നിരാഹാരം സമരം നടത്തിയത്. എന്നിട്ടാണ് പട്ടേൽ അവസാനം, ശരി കൊടുക്കാം എന്ന് പറഞ്ഞിട്ടാണ് ആ നിരാഹാര സമരം അവസാനിപ്പിച്ചത്. അപ്പൊ ഇവർ (RSS) പറഞ്ഞു, ഇയാൾ മുസ്ലിങ്ങൾക്ക് വേണ്ടി നിൽക്കുന്ന ആളാണ്, ഹിന്ദുക്കളുടെ ശത്രു ആണ്, ഇയാൾ എന്തൊരു ഹിന്ദു ആണ്…അങ്ങനെ ഒരു സംസാരം കേട്ടിട്ടാണ് ഗോഡ്‌സെ (ഗാന്ധിയെ) വെടിവെച്ച് കൊന്നത്. അപ്പോൾ അങ്ങനെയൊരു വിശ്വാസത്തിൽ വളർന്ന ആൾക്കാരാണ് നമ്മളെ ഇപ്പോൾ ഭരിക്കുന്നത്.”
അങ്ങനെ ഡോ.ശശി തരൂർ RSS/BJPയുടെ വിശ്വാസങ്ങൾ ഉദ്ധരിച്ച് പറയുകയായിരുന്നു എന്ന് വ്യക്തമാണ്. ഇത് അദ്ദേഹത്തിൻ്റെ വിശ്വാസമല്ല. വീഡിയോ ക്ലിപ്പ് അപൂർണമായി പ്രചരിപ്പിച്ച് ഈ വിചാരങ്ങൾ ഡോ. ശശി തരൂരിൻ്റെതാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.
നിഗമനം
കോൺഗ്രസ് എം.പി. ഡോ. ശശി തരൂർ പരസ്യമായി മഹാത്മാ ഗാന്ധിയെ ആക്ഷേപിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ അപൂർണമാണ്. ഡോ.ശശി തരൂർ RSS/BJPയുടെ വിശ്വാസങ്ങൾ ഉദ്ധരിച്ച് പറയുകയായിരുന്നു എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഡോ.ശശി തരൂർ പരസ്യമായി മഹാത്മാ ഗാന്ധിയെ ആക്ഷേപിക്കുന്നു എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് അപൂർണമായ ദൃശ്യങ്ങൾ
Fact Check By: K. MukundanResult: Misleading
