ലേസര്‍ ഷോ നടത്തി ചൈനയില്‍ മോദിക്ക് സ്വീകരണം… പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

Altered അന്തര്‍ദേശീയം | International

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഉയർന്ന തീരുവ ചുമത്തിയ തീരുമാനത്തിന് ശേഷം ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പിന്നീട് ചൈനയുമായുള്ള അടുപ്പം വളരുന്നതിന്‍റെ സൂചനയായി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ പങ്കെടുക്കുവാന്‍ ചൈന സന്ദര്‍ശനം നടത്തുകയുണ്ടായി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ താൻ പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

ഈ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി ചൈന സന്ദര്‍ശിച്ചപ്പോള്‍  ചൈന നൽകിയ സ്വീകരണമെന്ന തരത്തിൽ ലേസര്‍ ലൈറ്റില്‍ മോദിയ്ക്ക് സ്വാഗതമരുളുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

നരേന്ദ്ര മോദിയുടെ ചിത്രവും  ചൈനയിലേക്ക് സ്വാഗതം  എന്ന വാചകവും ലേസര്‍ ലൈറ്റുകളില്‍ തെളിയുന്ന  ചിത്രമാണ് പ്രചരിക്കുന്നത്. നരേന്ദ്ര മോദിയെ ചൈന സ്വീകരിച്ചത് ഇങ്ങനെയാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒരു നേതാക്കൾക്കും കൊടുക്കാത്ത വമ്പൻ സ്വീകരണം ആണല്ലോ ചൈന മോഡിക്ക് കൊടുക്കുന്നത്….SCO summit Aug 31,നാളെ ആണ്.7 വർഷത്തിനു ശേഷം ആണ് ഒരു ഇന്ത്യൻ PM ചൈന സന്ദർശിക്കുന്നത്.
#modi #india #China #scosummit2025

FB postarchived link

എന്നാല്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ചിത്രത്തിലെ ലേസര്‍ ഷോയുടെ ഫോണ്ട് ശ്രദ്ധിച്ചാല്‍  വലിപ്പ വ്യത്യാസവും വ്യക്തതക്കുറവും കാണാം.  ചിത്രം യഥാര്‍ത്ഥമല്ല എന്നാ സംശയം തോന്നിയതിനാല്‍ ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ 2025 ഏപ്രിൽ 21 ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച സമാന ചിത്രം ലഭിച്ചു. 

തെക്കു പടിഞ്ഞാറൻ ചൈനയിലെ ചോംകിങിലെ ഡ്രോൺ ലൈറ്റ് ഷോ എന്ന വിവരണത്തോടെയാണ് ചിത്രങ്ങള്‍ നല്‍കിയിട്ടുള്ളത്. പോസ്റ്റിലെ നൃത്തം ചെയ്യുന്ന സ്ത്രീയുടെ ചിത്രം ഇതില്‍ കാണാം. ചിത്രത്തിലെ പശ്ചാത്തലവും മറ്റു ഘടകങ്ങളും സമാനമാണ്.

യഥാര്‍ത്ഥ ചിത്രം 

പീപിൾസ് ഡെയിലി ചിത്രങ്ങളില്‍ ചൈനീസ് വാർത്ത ഏജൻസിയായ ഷിൻഹുവയുടെ ലോഗോ കാണാം. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഷിൻഹുവ നെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. 2025 ഏപ്രിൽ 19 ന് ചോംകിങിൽ ആരംഭിച്ച 15 മിനിറ്റ് ഡ്രോൺ ലൈറ്റ് ഷോയെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ എല്ലാ ശനിയാഴ്ചകളിലും നഗരത്തിൽ ഡ്രോൺ ലൈറ്റ് ഷോ നടത്തുമെന്ന് അറിയിക്കുന്നു. 

നിഗമനം  

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ചൈനയില്‍ ലേസര്‍ ലൈറ്റുകളുപയോഗിച്ച് ഒരുക്കിയ സ്വീകരണമെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലേസര്‍ ഷോ നടത്തി ചൈനയില്‍ മോദിക്ക് സ്വീകരണം… പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

Fact Check By: Vasuki S  

Result: Altered