അമേരിക്കൻ ചാനല്‍ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം മല്‍സരാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഒരു അമേരിക്കൻ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം (ഹിന്ദി ഭാഷയിലുള്ള “ജയ് ഹിന്ദ് ദോസ്തോം” എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ) മനോഹരമായ നൃത്തച്ചുവടുകള്‍ വച്ച് മല്‍സരാര്‍ത്ഥികള്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഒപ്പമുള്ള വിവരണ പ്രകാരം അമേരിക്കന്‍ ടാലന്‍റ് ഷോയില്‍ ഇന്ത്യന്‍ ദേശഭക്തി ഗ്സാനം ആലപിച്ച് കൈയ്യടി നേടി എന്ന് അവകാശപ്പെടുന്നു: “*🥀അമേരിക്കയിലെ ഒരു ടാലന്റ് ഷോയിലെ ഇന്ത്യൻ ദേശഭക്തി ഗാനത്തിൽ സംവിധാനം ചെയ്ത ഹൃദയസ്പർശിയായ അതിമനോഹരമായ നൃത്തം....!!!!*കണ്ടു നോക്കൂ, ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മടി കാണിക്കരുത്..... 🙏”

FB postarchived link

എന്നാല്‍ എഡിറ്റ് ചേര്‍ത്ത ഗാനമാണ് വീഡിയോയിലുള്ളതെന്ന് അന്വേഷത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

വീഡിയോയുടെ സ്‌ക്രീൻഷോട്ടുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് 2018 ലെ ഒരു ഫേസ്ബുക്ക് വീഡിയോ ലഭിച്ചു. ഏകദേശം 2.25 മിനിറ്റ് മുതല്‍ പോസ്റ്റിലെ വീഡിയോ ഇവിടെ നിന്നാണ് ആരംഭിക്കുന്നതെന്ന് കാണാൻ കഴിയും. അതിലെ സംഗീതം വ്യത്യസ്തമാണ്. ഇന്ത്യയുടെ ദേശഭക്തി ഗാനമല്ല അതില്‍ കേള്‍ക്കാന്‍ സാധിക്കുന്നത്.

നൃത്തസംഘത്തിന് ടൈറ ബാങ്കിൽ നിന്ന് ഗോൾഡൻ ബസർ ലഭിച്ചതായി വീഡിയോയ്ക്ക് കീഴിലുള്ള അടിക്കുറിപ്പ് പറയുന്നു. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ സുര്‍കരോ എന്നുള്ള നൃത്ത സംഘത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ അമേരിക്കാസ് ഗോട്ട് ടാലന്‍റ് ഷോയുടേത് ഉള്‍പ്പെടെ അവരുടെ നിരവധി പ്രകടനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നു കാണാം. എന്നാല്‍ ഒരിടത്തും ഇന്ത്യയുടെ ദേശഭക്തി ഗാനം അവര്‍ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അമേരിക്കാസ് ഗോട്ട് ടാലന്‍റ് ഗോള്‍ഡണ്‍ ബസര്‍

എല്ലാ പ്രായത്തിലുമുള്ളവരുടെ മികവുറ്റ പ്രകടനത്തിനുള്ള വേദിയാണ് "അമേരിക്കാസ് ഗോട്ട് ടാലന്‍റ് ". അമേരിക്കയുടെ ഹൃദയം കീഴടക്കാനുള്ള അവസരത്തിനും $1 മില്യൺ സമ്മാനത്തിനും വേണ്ടി മത്സരിക്കുന്ന ഗായകർ, നർത്തകർ, ഹാസ്യനടന്മാർ, കണ്ടർഷനിസ്റ്റുകൾ, ഇംപ്രഷനിസ്റ്റുകൾ, ജഗ്ലർമാർ, മാന്ത്രികന്മാർ, വെൻട്രിലോക്വിസ്റ്റുകൾ, നാളെയുടെ താരങ്ങൾ എന്നിവരടങ്ങുന്ന ഈ ഷോ അമേരിക്കൻ സ്പിരിറ്റിന്‍റെ യഥാർത്ഥ ആഘോഷമാണ്. ജഡ്ജുമാരായ സൈമൺ കോവൽ, ഹെയ്ഡി ക്ലം, മെൽ ബി, ഹോവി മണ്ടൽ, എന്നിവരുടെ സംഘമാണ് പ്രകടനം വിലയിരുത്തുന്നത്.

സുർക്കറോ അക്രോബാറ്റിക് ഗ്രൂപ്പ്

ബ്രസീലിലെ പീറ്റേഴ്‌സൺ ഡ ക്രൂസ് ഹോറയാണ് 2009-ൽ സുർക്കറോ അക്രോബാറ്റിക് ഗ്രൂപ്പ് സ്ഥാപിച്ചത്. ഈ ഷോ ഗ്രൂപ്പിന്‍റെ രൂപീകരണത്തോടെ, പീറ്റേഴ്സൺ വോറാൾബെർഗിലേക്ക് ജിംനാസ്റ്റിക്സിന്‍റെ ഒരു പുതിയ രൂപം കൊണ്ടുവന്നു - നൃത്തം, ജിംനാസ്റ്റിക്സ്, അക്രോബാറ്റിക് ഘടകങ്ങൾ എന്നിവയുടെ മിശ്രിതമാണ് പ്രകടനത്തില്‍ ഉള്‍പ്പെടുന്നത്. ഓരോ ഷോയും മറക്കാനാവാത്ത അനുഭവങ്ങളാണ്. വൈവിധ്യമാർന്ന കോറിയോഗ്രാഫിക് ദിനചര്യകൾ അവരുടെ വർണ്ണാഭമായ വസ്ത്രങ്ങളും അതിശയകരമായ സ്റ്റേജ് ഡിസൈനുകളും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുന്നു. അമേരിക്കാസ് ഗോട്ട് ടാലന്‍റ് ഓഡിഷനിൽ ഗോൾഡൻ ബസർ ലഭിച്ചതിന് ശേഷം ഫ്രാൻസിന്‍റെ ഗോട്ട് ടാലന്‍റിലെ ഫൈനലിൽ Zurcaroh മുമ്പ് എത്തിയിരുന്നു.

പോസ്റ്റിലെ വീഡിയോയിലെ ഇന്ത്യന്‍ ദേശഭക്തി ഗാനത്തെക്കുറിച്ച് ഇന്റർനെറ്റിൽ തിരയുമ്പോൾ, വിക്കി പരേഖ് പാടിയ ജയ് ഹോ ഇന്ത്യയാണ് ഗാനം എന്ന് തെളിഞ്ഞു.

ഒരു യുട്യൂബ് വീഡിയോയിലെ ദേശഭക്തി ഗാനത്തിന്‍റെ ഓഡിയോ അമേരിക്കൻ ടാലന്‍റ് ഷോയിലെ നൃത്തത്തോടൊപ്പം കൂട്ടിചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്.

നിഗമനം

പോസ്റ്റിലെ വീഡിയോ എഡിറ്റഡാണ്. അമേരിക്കൻ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനം ഉണ്ടായിരുന്നില്ല. പ്രസ്തുത വീഡിയോയില്‍ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിന്‍റെ ഓഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അമേരിക്കൻ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം മല്‍സരാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വീഡിയോ- സത്യമിതാണ്...

Fact Check By: Vasuki S

Result: ALTERED