
തമിഴിലെ പ്രമുഖ നടനും തമിളക വെട്രി കഴകം രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷനുമായ വിജയിന് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വന്‍ ജനക്കൂട്ടത്തിനിടയിലൂടെ വിജയ് നടന്നു വരുമ്പോള്‍ ആളുകള്‍ അദ്ദേഹത്തെ ഉന്തുകയും തല്ലുകയും ചെയ്യുന്നതും അദ്ദേഹം അടിപതറി വീഴാന്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തിലേയ്ക്ക് അദ്ദേഹത്തെ ആളുകള്‍ തള്ളിക്കയറ്റുന്നടും കാണാം. ഹിന്ദു വിരുദ്ധനായ വിജയിനെ ഹിന്ദുക്കള്‍ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇതെന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തമിഴ് സിനിമാതാരം വിജയ് ദളപതിക്ക് തല്ല് …
അവന്റെ അവസ്ഥ നോക്കൂ, ഇയാൾ ക്രിസ്ത്യാനിയും ഹിന്ദു വിരുദ്ധനുമാണ്. ശ്രീരാമനെ ഒരുപാട് അപമാനിച്ചിട്ടുണ്ട്.”
എന്നാല്‍ പ്രചരിക്കുന്നത് വിജയ് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് വിജയ് കാലിടറി വീഴുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ വീഡിയോയുടെ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പല മാധ്യമങ്ങളും റിപ്പോര്‍ട്ടുകള്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടു. നിയന്ത്രണം വിട്ട ആരാധരുടെ ഇടയില്‍പെട്ടുപോയ വിജയ് അടിതെറ്റിവീഴുന്നുവെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്.
ചെന്നൈ എയര്‍പോര്‍ട്ടില്‍ 2025 ഡിസംബര്‍ 28ന് നടന്ന സംഭവമാണിതെന്ന് എബിപി തമിഴ് റിപ്പോര്‍ട്ട് പറയുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ജനനായകന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് മലേഷ്യയില്‍ നിന്ന് ചെന്നൈയിലെത്തിയ നടനെ കാത്ത് വിമാനത്താവളത്തിന് വെളിയില്‍ ടിവികെ പ്രവര്‍ത്തകരും ആരാധകരും നിന്നിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നതിനിടെ വിജയ് വാഹനത്തിലേക്ക് കയറാന്‍ എത്തി. വിജയിനെ കാണാനും സമീപത്ത് എത്താനും ആരാധകര്‍ തിരക്കു കൂട്ടുന്നതിനിടെ അദ്ദേഹത്തിന് കാലിടറിയതാണ്.
വിജയിനെ സ്വീകരിക്കാന്‍ ആരാധകര്‍ തടിച്ചുകൂടിയതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായതായും റിപ്പോര്‍ട്ടിലുണ്ട്. മലേഷ്യയില്‍ നിന്ന് ഓഡിയോ ലോഞ്ച് പൂര്‍ത്തിയാക്കി വേഗത്തില്‍ ചെന്നൈയിലേക്ക് മടങ്ങിയ വിജയ് ഇനി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എബിപി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളിലൊന്നും വിജയിനെതിരെ ആക്രമണം നടന്നതായി പരാമര്‍ശിക്കുന്നില്ല.
നിഗമനം
തമിഴ് നടന്‍ വിജയിന് ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനമേറ്റുവെന്ന് പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ കാത്തുനിന്ന ആരാധകരുടെ ഇടയില്‍പ്പെട്ട് നടന്‍ കാലിടറി വീഴാന്‍ പോയപ്പോഴുള്ളതാണ്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:നടന്‍ വിജയിന് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റുവെന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False


