
കേരളത്തില്‍ ലഹരിമരുന്നിന് അടിമകളായ യുവാക്കള്‍ തട്ടുകട നടത്തുന്നയാളെ ഉപദ്രവിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു പയ്യന്‍ തട്ടുകടയ്ക്കുള്ളില്‍ നില്‍ക്കുന്നയാളെ ആഞ്ഞടിക്കുന്നതും ഇതിന് മറുപടിയായി അയാള്‍ തിളച്ച ദ്രാവകം പയ്യന്‍റെ ശരീരത്തില്‍ ഒഴിക്കുന്നതും അവന്‍ വേദനിച്ച് കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. ലഹരിമരുന്ന് ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ കേരളത്തില്‍ കാട്ടിക്കൂട്ടുന്നത് ഇതൊക്കെയാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതുപോലെ പ്രായം ചെന്നവർ വയറ്റിപ്പാടിന് പാതിരാത്രിക്ക് തുറന്നുവച്ചിരിക്കുന്ന തട്ടുകടകളിൽ ഇമ്മാതിരിവാണങ്ങൾ പ്രായംപോലും നോക്കാതെ തലയടിച്ചു കീറുമ്പോൾ മലയോളി പറയും ശ്ശൊ…! അവൻ കഞ്ചാവടിച്ചതിൻ്റെ പുറത്താണ് കൗൺസിലിങ്ങാണ് ആവശ്യമെന്ന് 😬 ദേ നോക്കിയേ….. എത്ര പെട്ടെന്നാണ് അവൻ്റെ കഞ്ചാവിൻ്റെ കെട്ടുവിട്ടതെന്ന് …..🤣😂
ഒരുഗതിയും പരഗതിയും ഇല്ലാത്ത അവസ്ഥയിലാണ് പലരും അവരുടെ ഉപജീവനത്തിനായി ചെറുസൗരംഭങ്ങൾ ആരംഭിക്കുന്നത്.
സ്ഥിരവരുമാനമോ സാമ്പത്തിക സുരക്ഷയോ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒരു കട നടത്തി ജീവിക്കാൻ ശ്രമിക്കുന്നത്.
അയാളുടെ പ്രായം പോലും കണക്കാക്കാതെ, ഒരു യുവാവ് അദ്ദേഹത്തെ മർദിക്കുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടു. അത് ഏത് മാനുഷികതയോടാണ് ചേർന്നുനിൽക്കുന്നത്?
ജീവിക്കാനുള്ള ശ്രമം തന്നെ കുറ്റമാക്കുന്ന ഒരു സമൂഹത്തിലേക്കാണോ നാം എത്തിപ്പെട്ടത്?
കേരളത്തിൽ ചെറുകച്ചവടം നടത്തുന്ന, പ്രായം ചെന്ന ആളുകൾക്ക് ഇന്ന് വേണ്ടത് ആയുധങ്ങളല്ല — നിയമസംരക്ഷണവും സാമൂഹിക സുരക്ഷയും മാനുഷിക പരിഗണനയുമാണ്”
എന്നാല്‍ വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ ഹൊസൂരില്‍ മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ യുവാക്കള്‍ ആക്രമിച്ച ദൃശ്യമാണിത്.
വസ്തുത ഇങ്ങനെ
വീഡിയോ കീ ഫ്രെയ്മുകളുടെ റിവേഴ്‌സ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2025 ഡിസംബര്‍ 12ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ സംഭവം നടന്നത് തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലാണ്.

ചെല്ലദുരൈ എന്ന തട്ടുകടക്കാരന്‍റെ ബന്ധുവായ 15 കാരിയുമായി പ്രണയത്തിലായിരുന്ന 16കാരനും സഹോദരനുമാണ് കടയിലെത്തി ബഹളം വച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി 16കാരനുമായി ഒളിച്ചോടി. ബന്ധുക്കള്‍ ഹൊസൂര്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ 16കാരന്‍ സഹോദരനുമായി ചേര്‍ന്ന് ചെല്ലദുരൈയുടെ കടയിലെത്തി ബഹളമുണ്ടാക്കി. ഇതിനിടെ ചെല്ലദുരൈ ആണ്‍കുട്ടിക്ക് നേരെ ചൂട് എണ്ണ ഒഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എണ്ണ ഒഴിച്ചത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെയാണെന്നും കടയുടമയെ അറസ്റ്റ് ചെയ്‌തെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിലുണ്ട്. സാരമായി പൊള്ളലേറ്റ ആണ്‍കുട്ടിയെ കൃഷ്ണഗിരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കടയുടമയെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തത്. ദിനമലര്‍, ക്യാപിറ്റല്‍ എഫ്എം തുടങ്ങിയ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള വീഡിയോ റിപ്പോര്‍ട്ട്:
<iframe width=”951″ height=”535″ src=”https://www.youtube.com/embed/07wOa1bFv8c” title=”hosur | loveissue | viralvideo | children | thanthitv” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe>
നിഗമനം
കേരളത്തില്‍ ലഹരിക്ക് അടിമപ്പെട്ട യുവാക്കള്‍ തട്ടുകടയില്‍ നടത്തിയ ആക്രമണം എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ 2025 ഡിസംബറില്‍ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ കൌമാരക്കാരുടെ പ്രണയത്തെ ചൊല്ലിയുണ്ടായ വൈരാഗ്യത്തിന്‍റെ പേരില്‍ നടന്ന സംഭവമാണ്. കേരളവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:തട്ടുകടയിലുണ്ടായ അക്രമസംഭവങ്ങള്‍ കേരളത്തിലേതല്ല, വസ്തുത അറിയൂ…
Fact Check By: Vasuki SResult: False


