ക്യാൻസർ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ നൽകിയ ഈ ‘ഡോക്ടർ’ ആർ സി സിയിലേതാണോ..?

ആരോഗ്യം

വിവരണം

Myl cyber wing എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 8 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 9 മണിക്കൂർ കൊണ്ട് 1600 ലധികം ഷെയർ ലഭിച്ചിട്ടുണ്ട്.

“#ക്യാൻസർ_ബാധിച്ച്_ഒരാളും_മരണപ്പെടുകയില്ല. #ഈ_കാര്യങ്ങൾ_ശ്രദ്ധിക്കാത്തവർഒഴിച്ച്..” എന്ന അടിക്കുറിപ്പോടെ ക്യാൻസർ വാരാതെ സൂക്ഷിക്കാനുള്ള ചില മുൻകരുതലുകളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. “തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ (R.C .C) പ്രശസ്ത ക്യാൻസർ സ്പഷ്യലിസ്റ്റ് ഡോക്ടർ നന്ദകുമാർ പറയുന്നു. ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച്” എന്ന സന്ദേശത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

“1. ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാൻസർ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു. 2. രണ്ടാമതായി ഒരു മുഴുവൻ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് ആ മിശ്രിതം ഒന്നു മുതൽ 3 മാസം വരെ ഉപയോഗിക്കുക. കീമോതെറാപ്പി യെക്കാൾ ആയിരംമടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ നടത്തിയ ഗവേഷണങ്ങൾ പറയുന്നു. 3. മൂന്നാമതായി 3 സ്പൂൺ ഓർഗാനിക് വെളിച്ചെണ്ണ, രാവിലെയും വൈകുന്നേരവും,  ഇത് ക്യാൻസർ അപ്രത്യക്ഷമാകാൻ കാരണമാകുന്നു. മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും നിങ്ങൾക്ക് സ്വീകരിക്കാം ഷുഗർ ഒഴിവാക്കിയതിനു ശേഷം. ഞാൻ കഴിഞ്ഞ അഞ്ചുവർഷമായി ഈ അറിവ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.

ചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് കാൻസറിനെ തടയും. പഞ്ചസാര ചേർക്കരുത്. നാരങ്ങാനീര് ചേർത്ത ചൂട് വെള്ളം തണുപ്പ് നാരങ്ങ വെള്ളത്തിനേക്കാൾ ഫലപ്രദമാണ്. മഞ്ഞ പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങ് ക്യാൻസർ കോശങ്ങളെ തടയുന്നു. 1-രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആമാശയ കാൻസറിന് സാധ്യത കൂട്ടുന്നു. 2-ആഴ്ചയിൽ നാലു മുട്ടയിൽ കൂടുതൽ കഴിക്കാതിരിക്കുക 3-ഭക്ഷണത്തിനുശേഷം പഴങ്ങൾ കഴിക്കരുത്. അത് ഭക്ഷണത്തിനു മുൻപ് ആക്കുക.

4-ആർത്തവ സമയത്ത് ചായയുടെ ഉപയോഗം ഒഴിവാക്കുക.5-പാലിന്‍റെ ഉപയോഗം കുറക്കുക. 6-വെറും വയറ്റിൽ തക്കാളി കഴിക്കാതിരിക്കുക 7-രാവിലെ വെറും വയറ്റിൽ പച്ച വെള്ളം കുടിക്കുന്നത് പിത്താശയക്കല്ല് രൂപംകൊള്ളുന്നതിൽ നിന്ന് അകറ്റുന്നു. 8-ഉറങ്ങുന്നതിന് മൂന്നു മണിക്കൂർ മുന്നേ ഭക്ഷണം കഴിക്കുക. 9-മദ്യപാനം ഒഴിവാക്കുക. പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും. 10-നിങ്ങൾ ഉറങ്ങുന്നതിന് അടുത്ത്മൊബൈൽഫോൺ കുത്തി വയ്ക്കാതിരിക്കുക.

11-ദിവസേന പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രസഞ്ചിയിൽ വരുന്ന ക്യാൻസർ തടയുന്നതിന് കാരണമാണ്. 12-രാത്രിയേക്കാൾ കൂടുതൽ വെള്ളംപകൽ കുടിക്കുക. 13-ഒരു ദിവസം രണ്ട് കപ്പിൽ കൂടുതൽ കാപ്പി കഴിക്കാതിരിക്കുക. അത് ഉറക്കമില്ലായ്മയ്ക്കും ഉദര പരമായ രോഗങ്ങൾക്കും കാരണമാകും. 14-കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കുറച്ചു കഴിക്കുക. അത് ദഹിക്കാൻ അഞ്ചുമുതൽ ഏഴു മണിക്കൂർ വരെ ആവശ്യമാണ്. നിങ്ങളെ അത് ക്ഷീണിപ്പിക്കും.15-അഞ്ചുമണിക്ക് ശേഷം ഭക്ഷണത്തിൻറെ അളവ് കുറയ്ക്കുക.16-വാഴപ്പഴം ,മുന്തിരി ,ചീര, മത്തങ്ങ, പീച്ച് തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകും.

17-ദിവസേന എട്ടു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിൻറെ പ്രവർത്തനത്തെ ബാധിക്കും. ഉച്ചയ്ക്ക് ശേഷമുള്ള അര മണിക്കൂർ വിശ്രമം യുവത്വം നിലനിർത്താൻ സഹായിക്കും. 18-പച്ച തക്കാളി യേക്കാൾ വേവിച്ചതിനാണ് ഔഷധമൂല്യമുള്ളത്.നാരങ്ങാനീര് ചേർത്ത് ചൂടുവെള്ളം നിങ്ങളുടെ ആരോഗ്യം നിലനിർത്തി വർദ്ധിപ്പിക്കുന്നു. ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.

ചൂടുവെള്ളത്തിൽ 2-3 നാരങ്ങ കഷ്ണങ്ങൾ ചേർത്ത് നിത്യ പാനീയമായി ഉപയോഗിക്കുക. തണുത്ത നാരങ്ങവെള്ളത്തിൽ വൈറ്റമിൻ സി മാത്രമേയുള്ളൂ. അതിനെ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവില്ല. നാരങ്ങാനീര് ചേർത്ത് ചൂടുവെള്ളത്തിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് ക്ലിനിക്കലി തെളിയിക്കപ്പെട്ടതാണ്.

ഈ പാനീയം അർബുദകോശങ്ങളെ മാത്രമേ നശിപ്പിക്കൂ. ആരോഗ്യമുള്ള മറ്റു കോശങ്ങളെ ഇത് ബാധിക്കില്ല. നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡും നാരങ്ങ നീരിൽ ഉള്ള പോളിഫിനോൾ ഉം ഉയർന്ന രക്തസമ്മർദ്ദത്തെ കുറക്കുന്നു. ഡീപ് വെയിൻ ത്രോംബോസിസ് എന്ന അസുഖം രക്തചംക്രമണം കൂട്ടി ഉണ്ടാവാനുള്ള സാധ്യത തടയുന്നു

വായനക്ക് ശേഷം മറ്റുള്ളവരുമായി പങ്കു വെക്കൂ അവരുടെ ശരീര സംരക്ഷണത്തിന് കരുതൽ നൽകൂ. ഡോക്ടർ നന്ദകുമാർ (RCC തിരുവനന്തപുരം)”

ഇതാണ് പോസ്റ്റിലൂടെ നൽകുന്ന മുൻകരുതൽ. ഒട്ടനേകം ഫേസ്‌ബുക്ക് പ്രൊഫൈലുകളിലൂടെയും പേജുകൾ വഴിയും ഇത് പ്രചരിപ്പിച്ചു വരുന്നു.

archived FB post

കാൻസർ സർവ സാധാരണമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏറെപ്പേർ ശ്രദ്ധിക്കും. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാൻസർ വരാതിരിക്കുമോ..? ആർസിസി യിലെ ഡോക്ടർ എവിടെയാണ് ഈ വിവരങ്ങൾ പങ്കുവച്ചത്..? നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുത വിശകലനം

ഞങ്ങൾ ഈ പോസ്റ്റിൽ നൽകിയ വിവരങ്ങളിൽ നിന്നുമുള്ള ചില വാക്കുകൾ കീ വേർഡ്‌സ് ആയി ഉപയോഗിച്ച് ഞങ്ങൾ വാർത്ത ഗൂഗിളിൽ തിരഞ്ഞു. ഇതേ വാർത്ത നിരവധി വെബ്‌സൈറ്റുകളിലും  ഫേസ്‌ബുക്ക് പേജുകളിലും കാണാൻ സാധിക്കും. എന്നാൽ ഈ മുൻകരുതൽ നൽകിയ ഡോക്ടറുടെ പേരിൽ വ്യതാസമുണ്ടെന്നു മാത്രം. താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻഷോട്ടിൽ നൽകിയിരിക്കുന്ന പോസ്റ്റിൽ ഡോക്ടറുടെ പേരും പ്രസിദ്ധീകരണ തിയതിയും ശ്രദ്ധിക്കുക

archived linknjanspeaking.blogspot

എന്നാൽ അനേകം പോസ്റ്റുകളിൽ റീജിയണൽ കാൻസർ സെന്ററിലെ ഡോ. നന്ദകുമാർ തന്നെയാണ് അറിയിപ്പ് നൽകിയതായി കാണാൻ കഴിയുന്നത്. ഡോക്ടർ പറഞ്ഞു എന്നതുകൊണ്ടുമാത്രം നിരവധിപ്പേർ പോസ്റ്റിലെ വസ്തുത വിശ്വസിച്ചു എന്നതിന് തെളിവാണ് ഇതിനു അതിവേഗം ലഭിച്ചുകൊണ്ടിരിക്കുന്ന ഷെയറുകൾ

archived linkyoutube link
archived linksimonpalatty.wordpress
archived linkcinima blogs
archived linkstarpix media

വാർത്തയുടെ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ റീജ്യണൽ കാൻസർ സെന്ററുമായി ബന്ധപ്പെട്ടു. ഇങ്ങനെയൊരു ഡോക്ടർ അവിടെ സേവനമനുഷ്ടിക്കുന്നില്ല എന്നാണ് നിന്നും അധികാരികൾ ഞങ്ങളുടെ പ്രതിനിധിയോടു പറഞ്ഞത്. “ഇവിടെ ഇപ്പോഴോ ഇതിനു മുമ്പോ ഈ പേരിൽ ഓങ്കോളജിസ്റ്റ് ഡോക്ടർമാർ ഉണ്ടായിട്ടില്ല. ഈ പോസ്റ്റിന് ആർസിസിയുമായി യാതൊരു ബന്ധവുമില്ല”

ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റ് ആരോ എഴുതിയശേഷം അധികാരികതയ്ക്ക് വേണ്ടി ഡോക്ടർമാരുടെ പേരിൽ പ്രചരിപ്പിക്കുകയാണ് എന്നാണ്‌. ഇതിനു മുമ്പ് ആർസിസിയിൽ സേവനമാനുഷിച്ചിരുന്ന പ്രശസ്തനായ ഡോക്ടറായ ഡോ. പിവി ഗംഗാധരൻ നൽകിയ മുന്നറിയിപ്പുകൾ എന്ന പേരിൽ ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുകയും അദ്ദേഹം പിന്നീട നേരിട്ട് മാധ്യമങ്ങളിലൂടെ ഇതൊന്നും താൻ പറഞ്ഞതല്ലെന്ന് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്ത വാർത്തകൾ നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്.

നിഗമനം

ഈ പോസ്റ്റിൽ പറയുന്ന മുന്നറിയിപ്പുകൾ ആർസിസിയിലെ ഡോക്ടറായ നന്ദകുമാർ നൽകിയതാണ് എന്ന വാദം തെറ്റാണ്. ആർസിസിയിൽ ഇങ്ങനെ ഒരു ഡോക്ടർ സേവനമനുഷ്ടിച്ചിട്ടില്ല. ഡോക്ടറുടെ പേരിൽ പ്രചരിക്കുന്ന ഈ കുറിപ്പ് വ്യാജമാണെന്നും അധികാരികതയില്ലെന്നും പ്രീയ വായനക്കാർ മനസ്സിലാക്കുക

ചിത്രങ്ങൾ കടപ്പാട് medicalnewstoday

Avatar

Title:ക്യാൻസർ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ നൽകിയ ഈ ‘ഡോക്ടർ’ ആർ സി സിയിലേതാണോ..?

Fact Check By: Deepa M 

Result: False