ഈ ഡോക്ടർ മുതിർന്നവർക്ക് സൗജന്യമായി കണ്ണ് ഓപ്പറേഷൻ ചെയ്തു കൊടുക്കുമോ...?
വിവരണം
We Are ചങ്ക്സ് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 1 മുതൽ പ്രചരിച്ചുവരുന്ന ഒരു പോസ്റ്റിന് ഇതുവരെ 100 ലധികം ഷെയറുകൾ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഒരു വനിതാ ഡോക്ടർ എന്ന് തോന്നിപ്പിക്കുന്ന യുവതിയുടെ ചിത്രവും ഒപ്പം "മുതിര്‍ന്നവർക്ക് സൗജന്യമായി കണ്ണ് ഒപ്പറേഷൻ ചെയ്തു കൊടുക്കുന്ന ഈ ഡോക്ടർക്ക് കൊടുക്കാമോ ഒരു ലൈക്കും (y) ഷെയറും..? ❤Congrats" എന്ന അടിക്കുറിപ്പുമാണ് പോസ്റ്റിലുള്ളത്.
archived link | FB post |
ഇത്തരത്തിൽ നിരവധി ഡോക്ടർമാർ സൗജന്യ ചികിത്സ നൽകുന്നതായി ധാരാളം പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ വരാറുണ്ട്. ഇവയിൽ പലതും ഞങ്ങൾ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പൂർണ്ണമായും വ്യാജമാണെന്ന് മനസ്സിലായിട്ടുണ്ട്. തമിഴ് സിനിമകളിലോ സീരിയലുകളിലോ വേഷമിടുന്ന അഭിനേത്രിയുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് പലപ്പോഴും പോസ്റ്റുകൾ സൃഷ്ടിക്കുന്നത്. ഇതും അത്തരത്തിൽ പെട്ടതാണോ അതോ യഥാർത്ഥത്തിൽ പോസ്റ്റിൽ പറയുന്ന സേവനം നൽകുന്ന ഡോക്ടറാണോ എന്ന് നമുക്ക് തിരഞ്ഞു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ചിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ചു. ഇതേ ചിത്രം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും നിരവധി പോസ്റ്റുകളിൽ ഉപയോഗിച്ചിട്ടുണ്ട്.
i.pinimg എന്ന വെബ്‌സൈറ്റ് ഇതേ ചിത്രവുമായി തമിഴ് ഭാഷയിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും നർമം കലർന്ന പോസ്റ്റുകളുടെ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിന് നൽകിയ വിവരണം ഇങ്ങനെയാണ്: ഇക്കാലത്ത് ആളുകൾ മസാല കലർന്ന ഭക്ഷണം കൂടുതലായി കഴിക്കുന്നു. മദ്യം കുടിക്കുന്നു. ആരോടും ചോദിക്കാതെ പുകയില ഉപയോഗിക്കുന്നു. എന്നാൽ രോഗം വരുമോൾ ഡോക്ടറെ കണ്ട് മരുന്ന് കുറിക്കുമ്പോൾ ചോദിക്കാറുണ്ട് "ഇതിന് പാർശ്വഫലങ്ങളുണ്ടോ..?"
ഡോക്ടർമാരെക്കുറിച്ചുള്ള വിവരണം നൽകുന്ന രണ്ട സൈറ്റുകളിലും ജസ്റ്റ് ഡയൽ എന്ന നമ്പർ ഡയറക്ട്രിയിലും ഇതേ ചിത്രം ഞങ്ങൾക്ക് കണ്ടു കിട്ടി.
archived link | just dial |
archived link | groupofdoctors |
archived link | practo |
അവയിൽ എല്ലാം ഇതേ ചിത്രത്തിലുള്ള ഡോക്ടരെപ്പറ്റി നൽകിയിരിക്കുന്നത് ഇവർ ഒരു ഗൈനക്കോളജിസ്റ്റ് ആണെന്നാണ്. ശർമിള കുമാർ എന്നാണ് ഡോക്ടറുടെ പേര്. practo, groupofdoctors എന്നീ വെബ്‌സൈറ്റുകളിൽ വെരിഫൈഡ് വിഭാഗത്തിൽ ഡോ.ശർമിളയുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഗൈനക്കോളജിയിലും വന്ധ്യതാ ചികിത്സയിലും വൈദഗ്ദ്യം നേടിയ ഡോക്ടറാണ് ശർമിള കുമാർ എന്നാണ് അവരെ കുറിച്ചുള്ള വിവരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. അല്ലാതെ കണ്ണ് രോഗങ്ങളുടെ ചികിത്സ നടത്തുന്ന ഐ സ്പെഷ്യലിസ്റ്റ് അഥവാ ഒഫ്റ്റാൽമോളജിസ്റ്റ് അല്ല.
ഗൈനക്കോളജിസ്റ്റായ ഒരു ഡോക്ടർ കണ്ണിന്റെ ഓപ്പറേഷൻ നടത്തി കൊടുക്കാൻ ഏതായാലും സാധ്യതയില്ല. കൂടാതെ ഈ ഡോക്ടർ കണ്ണിന്റെ ഓപ്പറേഷൻ നടത്തിക്കൊടുക്കും എന്ന വാദഗതി എത്ര അന്വേഷിച്ചിട്ടും മറ്റൊരിടത്തു നിന്നും ഞങ്ങൾക്ക് ലഭിച്ചില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വിവരം പൂർണ്ണമായും തെറ്റാണ്. ചിത്രത്തിൽ നൽകിയിട്ടുള്ളത് കണ്ണ് രോഗങ്ങൾക്ക് ചികിൽസിക്കുന്ന ഡോക്ടർ അല്ല. ഗൈനക്കോളജിസ്റ്റ് ആണ്. ഈ പോസ്റ്റിലല്ലാതെ മറ്റൊരിടത്തും ഇവർ കണ്ണ് രോഗങ്ങൾക്ക് സൗജന്യമായി ഓപ്പറേഷൻ നടത്തും എന്ന വിവരം കാണാനില്ല. അതിനാൽ വ്യാജമായ ഈ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ പ്രീയ വായനക്കാർ ശ്രദ്ധിക്കുമല്ലോ..?
Title:ഈ ഡോക്ടർ മുതിർന്നവർക്ക് സൗജന്യമായി കണ്ണ് ഓപ്പറേഷൻ ചെയ്തു കൊടുക്കുമോ...?
Fact Check By: Vasuki SResult: False