സിപിഎം വിഭാഗീയതയുടെ പേരില്‍ പി.ജയരാജനെ പിന്തുണച്ച് പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചോ?

രാഷ്ട്രീയം | Politics

വിവരണം

കണ്ണൂരിലെ പ്രവാസി വ്യവസായുടെ കണ്‍വന്‍ഷന്‍ സെന്‍റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതിന്‍റെ പേരില്‍ വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്‌തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മില്‍ ചേരിതിരിവുകളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ പക്ഷവും വ്യവസായിയുടെ മരണത്തില്‍ ആന്തൂര്‍ നഗരസഭയ്ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി നഗരസഭാധ്യക്ഷയായ ശ്യാമളെയെ പിന്തുണയ്ക്കുകയും ജയരാജന്‍റെ നിലപാടിനെ തള്ളിക്കളയുകയും ചെയ്തു. 

ഇത്തരം ചൂടേറിയ ചര്‍ച്ചകള്‍ക്കിടയില്‍ വിഭാഗീയത പരസ്യമായി പ്രകടിപ്പിച്ച് കണ്ണൂരില്‍ പി.ജയരാജനെ അനുകൂലിച്ച് ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു എന്ന് ആരോപിച്ച പല ഫെയ്‌സ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. ഷാജി കൂറ്റങ്ങാരത്ത് എന്ന വ്യക്തി വിഷയവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കല്‍ പങ്കുവച്ച പോസ്റ്റ് ഇതാണ്-

സിപിഎം കണ്ണൂരിലെ വിഭാഗീയത മൂർച്ഛിക്കുന്നു.
………………………………………………………………….
കണ്ണൂരില്‍ പി ജയരാജനെ പ്രകീർത്തിച്ച് പാർട്ടി ശക്തികേന്ദ്രത്തിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. ജില്ലാ കമ്മിറ്റി ഇന്ന് ചേരാനിരിക്കെയാണ് കണ്ണൂർ തളിപ്പറമ്പിലെ മാന്ധംകുണ്ട് എന്ന സ്ഥലത്ത് ബോർഡ് വച്ചത്.

റെഡ് ആർമി എന്ന പേരിലാണ് പാർട്ടി ശക്തി കേന്ദ്രത്തിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍.. വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍ സഖാവ് പി. ജെ.’ എന്നാണ് ഫ്ലെക്സ് ബോർഡില്‍ കുറിച്ചിരിക്കുന്നത്.

‘യുവത്വമാണ് നാടിന്‍റെ സ്വപ്നവും പ്രതീക്ഷയും, നിങ്ങള്‍ തളര്‍ന്നു പോയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ തഴച്ചു വളരും. എല്ലാ കെടുതികള്‍ക്കും മീതെ നാടിന്‍റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം’ എന്നും ഫ്ലെക്സ് ബോർഡില്‍ പറയുന്നുണ്ട്. ജയരാജനെക്കുറിച്ച് പാർട്ടി സംസ്ഥാന സമിതിയില്‍ ഉയർന്ന പരാമര്‍ശങ്ങൾക്ക് പിന്നാലെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ജയരാജനെതിരെ രംഗത്ത് വന്നിരുന്നു.

അതെ സമയം ഈസ്റ്റ് കോസ്റ്റ് ഓണ്‍ലൈന്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്ത പേജ് ഇതെ വാര്‍ത്ത  നല്‍കിയിരിക്കുന്നത് മറ്റൊരു രീതിയിലാണ്. ജയരാജനെ അനുകൂലിച്ച് വെച്ച ഫ്ലകസ്‌ ബോര്‍ഡ് വാര്‍ത്തകളെ തുടര്‍ന്ന് പാര്‍ട്ടി ഇടപെട്ടു നീക്കം ചെയ്തെന്നും ഫ്ലക്‌സിന്‍റെ ചിത്രം സഹിതം നല്‍കി അവകാശവാദം ഉന്നയിക്കുന്നു. വാര്‍ത്ത ചുവടെ-

എന്നാല്‍ സിപിഎം വിഭാഗീയതയുടെ പേരില്‍ ഇത്തരത്തില്‍ ജയരാജന്‍ പക്ഷം കണ്ണൂരില്‍ ഒരു ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നോ? പോസ്റ്റുകളിലും വാര്‍ത്തകളിലും പ്രചരിക്കുന്ന ഫ്ലക്‌സിന്‍റെ ചിത്രം ആന്തൂര്‍ വിഷയത്തെ തുടര്‍ന്നുള്ള വിഭാഗീയതയുടെ തുടര്‍കഥകളാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

Archived LinkArchived LinkArchived Link

വ‌സ്‌തുത വിശകലനം

സമൂഹ മാധ്യമങ്ങളില്‍ ഫ്ലക്‌സ് ബോര്‍ഡ‍ിന്‍രെ പേരില്‍ സിപിഎം വിഭാഗീയത എന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ ചിത്രത്തിന്‍റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഈ ചിത്രത്തിന്‍റെ ഉടമ തന്നെ രംഗത്ത് വന്നു. യഥാര്‍ത്ഥത്തില്‍ കണ്ണൂരിലെ മന്ധകുണ്ട് എന്ന പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ 2017ല്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍‍ഡിന്‍റെ ചിത്രമാണ് വാര്‍ത്തകളില്‍ ഇപ്പോഴത്തെ വിഭാഗീയതയുടെ പേരില്‍ ജയരാജന്‍റെ പക്ഷം സ്ഥാപിച്ചതാണെന്ന് വരുത്തിതീര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ തെറ്റായ പ്രചരണത്തിന് ഉപയോഗിക്കുന്ന അതെ ചിത്രം പകര്‍ത്തിയതും 2017ല്‍ അത് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്‌തതും Amal Kztr എന്ന വ്യക്തിയുടെ പേരിലെ പ്രൊഫൈലില്‍ നിന്നുമാണ്. 2017 നവംബര്‍ 16ന് പോസ്റ്റ് ചെയ്‌ത യഥാര്‍ത്ഥ ചിത്രം  സഹിതമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ-

പോസ്റ്റിലെ ചിത്രം ദുര്‍വ്യാഖ്യാനം ചെയ്‌ത് പ്രചരിക്കപ്പെടാന്‍ തുടങ്ങിയതോടെ അമല്‍ വീണ്ടും ഇതെ നുണ പ്രചരണമാണെന്നും താന്‍ 2017ല്‍ എടുത്ത ഫ്ലക്‌സ് ബോര്‍ഡിന്‍റെ ചിത്രമാണിതെന്നും സ്ക്രീന്‍ഷോട്ട് സഹിതം ടൈംലൈനില്‍ പോസ്റ്റ് ചെയ്ത് വിശദീകരിച്ചിട്ടുണ്ട്. 

Archived LinkArchived Link

ഏഷ്യാനെറ്റാണ് ഇത്തരൊമരു നുണപ്രചരണത്തിന്‍റെ തുടക്കം കുറിച്ചതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സിപിഎം പ്രവര്‍ത്തകരും ആരോപിക്കുന്നുണ്ട്. അത്തരത്തില്‍ വന്ന വാര്‍ത്തകള്‍ ചുവടെ-

വാര്‍ത്ത : Eye Witness News India

Archived Link

നിഗമനം

ഒരു ഫ്ലക്‌സ് ബോര്‍ഡിന്‍റെ ചിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്തയും ചില പോസ്റ്റുകളും അടിസ്ഥാന രഹിതമാണെന്ന് ചിത്രത്തിന്‍റെ ഉറവിടം കണ്ടെത്തിയതോടെ തെളിഞ്ഞിരിക്കുകയാണ്. 2017ലെ ചിത്രം കഴി‍ഞ്ഞ ദിവസത്തെ ആണെന്ന തരത്തിലുള്ള വ്യാജ പ്രചരണം മാത്രമാണിതെന്നും ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ കൂടുതല്‍ പേരില്‍‍ എത്താകിതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

Avatar

Title:സിപിഎം വിഭാഗീയതയുടെ പേരില്‍ പി.ജയരാജനെ പിന്തുണച്ച് പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചോ?

Fact Check By: Harishankar Prasad 

Result: False