
വിവരണം
ഇത്തവണ പാലായിൽ ഞങ്ങളും ഒരുങ്ങിത്തന്നെയാണ് വരുന്നത്…
പാലായിലെ ബിജെപിയുടെ റാലിയിൽ വിറലിപൂണ്ടു കമ്മികൾ.. എന്ന തലക്കെട്ട് നല്‍കി വലിയ ഒരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി വലിയൊരു റോഡില്‍ ഒത്തുകൂടി നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പാലയും മാറിത്തുടങ്ങി.. ഇന്ന് പാലയില്‍ നടന്ന ബിജെപിയുടെ മണ്ഡലം കണ്‍വന്‍ഷനിലെ ജനപാങ്കിളത്തം.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. ബിജെപിയുടെ കൊടിയും ജനക്കൂട്ടത്തില്‍ കാണാന്‍ കഴിയും. പാലയിലെ നിയമസഭ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോസ്റ്റാണിത്. കൃഷ്ണ ഗോയല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും സെപ്റ്റംബര്‍ 8ന് REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 609ല്‍ അധികം ലൈക്കുകളും 12ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
Archived Link |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പാലയില്‍ നടന്ന ബിജെപിയുടെ മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പോസ്റ്റില്‍ പ്രചരിക്കുന്ന ജനക്കൂട്ടത്തിന്‍റെ ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇത് കൊച്ചിയില്‍ നടന്ന ഒരു ഗാഡ്‌ജെറ്റ് ഷോറുമിന്‍റെ ഉദ്ഘാടനത്തിന്‍റേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിയെ കാണാന്‍ എത്തിയ ജനക്കൂട്ടം റോഡില്‍ ഒന്നിച്ച് കൂടിയതാണ് വലിയ ജനസാഗരത്തിന് കാരണമായത്. 2017 ഓഗസ്റ്റ് 17ന് എംജി റോഡിലെ ഫോണ്‍ 4 എന്ന കടയുടെ ഉദ്ഘാടനത്തിനായിരുന്നു സണ്ണി ലിയോണി എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ജനക്കൂട്ടം മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിക്കുകയും പോലീസിന് തലവേദനയുണ്ടാക്കുകയും ചെയ്തു. കടയുടമയ്ക്കെതിരെ അന്ന് പോലീസ് കേസ് എടുക്കകയും ചെയ്തതെല്ലാം വലിയ വാര്‍ത്തയായതാണ്. ഈ സംഭവത്തിന്‍റെ ചിത്രത്തില്‍ ബിജെപിയുടെ കൊടി എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പാലയില്‍ നടന്ന മണ്ഡലം കണവന്‍ഷനിലെ ജനപങ്കാളിത്തം എന്ന പേരില്‍ പ്രചരിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യാ ടുഡേ വെബ്‌ഡെസ്ക്ക് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം കാണാന്‍ കഴിയും. (അതില്‍ കാണുന്ന കാറിനുള്ളിലായിരുന്നു സണ്ണി ലിയോണി ഉദ്ഘാടന സ്ഥലത്തേക്ക് എത്തിയത്)
സണ്ണി ലിയോണിയെ കാണാന്‍ കൊച്ചിയില്‍ വലിയ ജനക്കൂട്ടം വന്നത് ഇന്ത്യാ ടുഡേയില്‍ വാര്‍ത്ത വന്നപ്പോള്‍-
Archived Link |
നിഗമനം
കൊച്ചിയില്‍ എത്തിയ സണ്ണി ലിയോണിയെ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ ചിത്രമാണ് ബിജെപിയുടെ പാലയിലെ മണ്ഡലം കണ്‍വന്‍ഷനിലെ ജനപങ്കാളിത്തം എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഇത് ബിജെപിയുടെ പാല മണ്ഡലം കൺവന്‍ഷനിലെ ജനപങ്കാളിത്തമാണോ?
Fact Check By: Dewin CarlosResult: False
