
വിവരണം
ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃസ്ഥാനത്ത് ഉള്ളവർ ഇതര രാഷ്ട്രീയ പാർട്ടിയെയോ അതിൻറെ പ്രവർത്തകരെയോ പ്രശംസിച്ചു സംസാരിക്കുന്നത് പരാമർശം നടത്തുന്നത് എപ്പോഴും വാർത്ത ആകാറുണ്ട്.
പല രാഷ്ട്രീയ നേതാക്കളും ഇത്തരത്തിൽ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ നിന്നും വിമർശനം ഏറ്റുവാങ്ങിയിട്ടുമുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രചരിച്ച ചില വാർത്തകൾക്ക് മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിയിരുന്നു. എന്നാൽ അവയിൽ പല പരാമർശങ്ങളും വെറും വ്യാജപ്രചരണങ്ങൾ മാത്രമാണ് എന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പരാമർശമാണ് ഇവിടെ നൽകിയിട്ടുള്ളത്

പിണറായി വിജയൻ ഒരു വാക്കു പറഞ്ഞാൽ വാക്കാണ് അത് നടപ്പിലാക്കി ഇരിക്കും മുസ്ലിം ലീഗ് നേതാവ് അബ്ദുൽ വഹാബ് എംപി എന്നതാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. ഈ വാർത്ത സത്യമാണോ
ഇന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വായനക്കാരിൽ നിന്നും ഞങ്ങൾക്ക് സന്ദേശം ലഭിച്ചിരുന്നു.

പോസ്റ്റിൽ അബ്ദുൽ വഹാബ് ഇന്ത്യയുടെ ചിത്രവും നൽകിയിട്ടുണ്ട്. അബ്ദുൽ വഹാബ് എംപി ഇതിനുമുമ്പും കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രശംസിച്ച് സംസാരിച്ചു എന്ന മട്ടിൽ ഒരു പോസ്റ്റ് പ്രചരിച്ചിരുന്നു എന്നാൽ ഇത് വ്യാജവാർത്ത ആണെന്ന് ഞങ്ങൾ തന്നെ കണ്ടെത്തിയിരുന്നു. വാര്‍ത്തയുടെ ലിങ്ക് താഴെ നൽകിയിരിക്കുന്നു
പോസ്റ്റിലെ വാർത്തയും ഇതേ തരത്തിൽ പ്രചരിക്കുന്ന ഒരു വ്യാജ വാർത്ത മാത്രമാണ്. നമുക്ക്
വസ്തുത എന്താണ് എന്ന് നോക്കാം
ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അന്വേഷിക്കാൻ പ്രമുഖ വാർത്താ മാധ്യമങ്ങളുടെ വെബ്സൈറ്റുകൾ പരിശോധിച്ചു. എന്നാൽ ആരും ഇത്തരത്തിലൊരു വാർത്ത നൽകിയിട്ടില്ല. കൂടാതെ ഇത്തരത്തിൽ അദ്ദേഹം ഒരു പരാമർശം നടത്തിയാൽ മുസ്ലിം ലീഗ് നേതൃത്വം
ഈ പരാമർശത്തെ പറ്റി എന്തെങ്കിലും അഭിപ്രായം പറയാന്‍ സാധ്യതയുണ്ട്. എന്നാൽ അത്തരത്തില്‍ യാതൊന്നും ഞങ്ങളുടെ അന്വേഷണത്തിൽ ലഭിച്ചില്ല. സാമൂഹ്യ മാധ്യമ പ്രചരണങ്ങളിൽ മാത്രമാണ് ഈ വാർത്ത നൽകിയിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങൾ അബ്ദുൽ വഹാബിനെ പേഴ്സണൽ സ്റ്റാഫ് അംഗം അബ്ദുൽ റഹ്മാനുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഈ വാർത്ത പൂർണ്ണമായും വ്യാജ പ്രചരണമാണ് എന്നാണ്. അബ്ദുൽ വഹാബ് ഇനി ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല അദ്ദേഹം ഒരിക്കലും ഇങ്ങനെ പറയുകയും ഇല്ല. അദ്ദേഹത്തിന്‍റെ പേരിൽ ആരോ നടത്തുന്ന വ്യാജ പ്രചരണം മാത്രമാണിത്. അദ്ദേഹം ഇടതുപക്ഷത്തെ അനുകൂലിച്ച് പരാമർശങ്ങൾ നടത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം തന്നെ വ്യാജ പ്രചരണങ്ങള്‍ മാത്രമാണ്.
അതിനാൽ ഈ വാർത്ത പൂർണമായും തെറ്റാണ് എന്ന് നമുക്ക് ഉറപ്പിക്കാം. അബ്ദുൽ വഹാബ് എംപി യുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചാൽ അദ്ദേഹം സംസ്ഥാന സർക്കാരിന്‍റെ പല നയങ്ങളെയും വിമർശനപരമായ രീതിയിലാണ് സമീപിക്കുന്നത് എന്ന് വ്യക്തമാകും.
ഇടതുപക്ഷത്തെയോ ഇടതു നേതാക്കളെ പ്രശംസിച്ച് അദ്ദേഹം അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ ഒരു വാർത്തയും നൽകിയിട്ടില്ല. വിമർശിച്ച് നിരവധി വാർത്തകൾ നൽകിയിട്ടുമുണ്ട്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ് അബ്ദുൽ വഹാബ് എംപി മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഒരിടത്തും പരാമർശം നടത്തിയിട്ടില്ല എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത വിശ്വസനീയമല്ല.

Title:വിജയനെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദുൽ വഹാബ് എംപി പരാമർശം നടത്തി എന്നത് തെറ്റായ വാർത്തയാണ്…
Fact Check By: Vasuki SResult: False
