
പൊതിച്ചോറെന്ന പേരിൽ കഞ്ചാവ് കടത്തിയതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.
പ്രചരണം
“പൊതിച്ചോറെന്ന പേരിൽ കടത്തിയത് കഞ്ചാവ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു” പ്രചരിക്കുന്ന പോസ്റ്ററുകളില്‍ കഞ്ചാവ് കെട്ടുമായി പ്രതിയെ പിടികൂടിയ പോലീസുകാരുടെ ഒപ്പം നില്‍ക്കുന്ന ചിത്രവും പ്രതി ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന് വാദിച്ചുകൊണ്ടുള്ള എഴുത്തുകളും കാണാം.
ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് ഇതെന്നും പ്രതി ഡിവൈഎഫ്ഐ നേതാവല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങള്‍ വാര്‍ത്തയെ കുറിച്ച് കൂടുതലറിയാന്‍ ആദ്യം പ്രതിയെ അറസ്റ്റ് ചെയ്ത കൂത്തുപറമ്പ എക്സൈസ് ഓഫീസുമായി ബന്ധപ്പെട്ടു. എക്സൈസ് സി ഐ സതീഷ് ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “പ്രചരിക്കുന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ സംഭവം 2021 മെയ് മാസത്തിലാണ് നടന്നത്, ഇപ്പോഴത്തെതല്ല. ഇയാളുടെ പക്കൽ നിന്നും 8 കിലോ കഞ്ചാവാണ് അന്ന് പിടികൂടിയത്. പാർട്ടി പ്രവർത്തകനാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനായി കഞ്ചാവ് കടത്താൻ ഉപയോഗിച്ച് വണ്ടിയുടെ പിന്നിൽ ഏതാനും കൊടികളും പാർട്ടിയുമായി ബന്ധപ്പെട്ട ചില അടയാളങ്ങളും ഇയാൾ കരുതിയിരുന്നു. എങ്ങാനും പോലീസ് പിടികൂടിയാലും പാർട്ടി പ്രവർത്തകനാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമം മാത്രമായിരുന്നു അത്. ഈ വ്യക്തിയുടെ രാഷ്ട്രീയം ഏതാണെന്ന് കേസന്വേഷണത്തില്‍ പ്രസക്തമല്ല. അതിനാല്‍ അയാളുടെ രാഷ്ട്രീയത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചിട്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാണെന്നോ നേതാവാണെന്നോ പ്രതി ഞങ്ങളോട് പറഞ്ഞിട്ടുമില്ല. അയാളുടെ ഒഫന്‍സ് കഞ്ചാവ് കൈവശം വച്ചു എന്നത് മാത്രമായിരുന്നു.”
വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ ഡിവൈഎഫ്ഐയുടെ കണ്ണൂര്‍ ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടു. സംഭവം നടന്ന സമയത്ത് തലശ്ശേരി ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ആയിരുന്ന, ഇപ്പോള്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ ജിതുന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “കഞ്ചാവ് കൈവശം വച്ചതിന് പിടിയിലായ അഷ്മിര്‍ ഡി വൈ എഫ് ഐ നേതാവ് ആണെന്നുള്ളത് വെറും വ്യാജ പ്രചരണമാണ്. യഥാര്‍ത്ഥത്തില്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എല്ലാ പ്രദേശങ്ങളില്‍ നിന്നും വോളണ്ടിയര്‍മാരെ തെരഞ്ഞെടുത്തിരുന്നു. സ്വന്തമായി വാഹനമുള്ളതിന്റെ പേരിലാണ് അഷ്മീര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇയാള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനല്ല. ഡിവൈഎഫ്ഐ ഇയാള്‍ വഴി പൊതിച്ചോര്‍ വിതരണം നടത്തിയിട്ടില്ല. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ കരുതിക്കൂട്ടിയുള്ള ശ്രമം മാത്രമാണിത്.
പോലീസ്, പഞ്ചായത്ത്-മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് കോവിഡ് വോളണ്ടിയര്‍ പാസ് വിതരണം ചെയ്യുന്നത്. വാര്‍ഡ് കൌണ്‍സിലറുടെ ശുപാര്‍ശ വോളണ്ടിയര്‍ തെരഞ്ഞെടുപ്പിന് മാനദണ്ഡമാണ്. സ്വന്തമായി വാഹനമുള്ളവര്‍ക്ക് മുന്‍തൂക്കം നല്‍കും. ഇങ്ങനെ പാസ് ലഭിച്ച വ്യക്തിയാണ് അഷ്മിര്‍. ഇയാളുടെ പേരും കോണ്ടാക്റ്റ് നമ്പറും ഡിവൈഎഫ്ഐ കോവിഡ് ഹെല്‍പ് ഡെസ്കില്‍ ചേര്‍ത്തു എന്ന് മാത്രമേയുള്ളൂ. ഇക്കാര്യം വ്യക്തമാക്കി ഞങ്ങള്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയിരുന്നു.”
വ്യാജപ്രചാരണത്തിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി:
കൂത്തുപറമ്പില്‍ കഞ്ചാവ് പൊതിയുമായി ഒരാള്‍ എക്സൈസ് പിടിയിലായ സംഭവം നടന്നത് 2021 മെയ് മാസത്തിലാണ്. പ്രതി ഡിവൈഎഫ്ഐ നേതാവ് ആണെന്ന തരത്തില്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതവും തെറ്റിധാരണ സൃഷ്ടിക്കുന്നതുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. കൂത്തുപറമ്പില്‍ കഞ്ചാവ് പൊതിയുമായി ഒരാള്‍ എക്സൈസ് പിടിയിലായ സംഭവം 2021 മെയ് മാസത്തില്‍ നടന്നതാണ്, ഇപ്പോഴത്തെതല്ല. പ്രതി ഡിവൈഎഫ്ഐ നേതാവ് ആണെന്ന തരത്തില്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ഈ വ്യക്തി ഡിവൈഎഫ്ഐ നേതാവോ പ്രവര്‍ത്തകനോ അല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘പൊതിച്ചോറെന്ന പേരിൽ കഞ്ചാവ് കടത്തിയ ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു’വെന്ന പ്രചരണം വ്യാജം… സത്യമിതാണ്…
Fact Check By: Vasuki SResult: False
