രാജ്യത്ത് ഏറ്റവും പട്ടിണി നിരക്ക് കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. നീതി അയോഗ് റിപ്പോർട്ട് പ്രകാരമാണ് ഈ നിഗമനം എന്നാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ 2015-16 കാലഘട്ടത്തിലെ റിപ്പോർട്ടാണ് പുറത്തുവന്നത് എന്ന് വാദിച്ച് ചില മാധ്യമങ്ങൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഏതായാലും ഈ വാർത്തയുടെ പ്രചരണത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മറ്റൊരു വാർത്ത പ്രചരിക്കുന്നുണ്ട് വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി ജീവനൊടുക്കി എന്നതാണ് വാര്‍ത്ത.

പ്രചരണം

പത്രത്തിൽ വന്ന ഒരു വാർത്തയുടെ പേപ്പർ കട്ടിംഗ് രൂപത്തിലാണ് വാർത്ത പ്രചരിക്കുന്നത്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി ഇനിയും വിശപ്പു സഹിക്കാനാവില്ല എന്ന് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചശേഷം ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത വാർത്തയാണ് പേപ്പർ കട്ടിംഗില്‍ ഉള്ളത്. “നീ UP യിൽ ആയിരുന്നെങ്കിൽ നിനക്കുവേണ്ടി കരയാൻ ഇവിടെ ആളുണ്ടാകുമായിരുന്നു 😭😭😭പ്രണാമം മോളെ!🙏🙏🙏🙏🙏” എന്ന അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്.

archived linkFB post

ദാരിദ്ര്യ നിരക്ക് സൂചികയിൽ, ദാരിദ്ര്യം ഇല്ലായ്മയില്‍ കേരളം ഒന്നാം സ്ഥാനത്താണ് എന്ന് വാർത്തകൾ വന്നിട്ടും സംസ്ഥാനത്ത് പട്ടിണിമരണം നടക്കുന്നു എന്ന മട്ടിലാണ് പലരും ഈ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ഇത് പഴയ ഒരു വാർത്തയാണെന്നും ഇപ്പോഴത്തെ സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇങ്ങനെ

നിരവധിപേർ ഇതേ ചിത്രം ഓരോ മണിക്കൂറിലും ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നുണ്ട്.

വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഫേസ്ബുക്കിൽ തിരിഞ്ഞപ്പോൾ 2016 ഇതേ വാർത്ത പലരും ഈ പങ്കു വച്ചിട്ടുള്ളതായി കാണാൻ കഴിഞ്ഞു.

പല മാധ്യമങ്ങളും ഈ സംഭവം വാർത്തയാക്കിയിരുന്നു.

സംഭവം നടന്നത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്താണ്‌. എല്‍ഡിഎഫ് സര്‍ക്കാരിന് സംഭവവുമായി ബന്ധമില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്നത്തെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഭവത്തെ അപലപിച്ച് പോസ്റ്റ്‌ ഇട്ടിരുന്നു:

സംഭവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ വാർത്ത യൂട്യൂബിൽ ലഭ്യമാണ്:

കുട്ടിയുടെ അച്ഛൻ വീഡിയോയിൽ വ്യക്തമാക്കുന്നത് കുട്ടിക്ക് ആഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല എന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാത്തതില്‍ അവള്‍ ദുഃഖിതയായിരുന്നുവെന്നുമാണ്. ട്യൂഷന് പോകേണ്ടി വന്നതിനാലാണ് കുട്ടിയെ അമ്മുമ്മയുടെ ഒപ്പം നിര്‍ത്തിയത്. ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ വിഷമമുണ്ടെന്ന് കുട്ടിയുടെ പിതാവ് വാർത്തയിൽ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ എന്‍.കെ. ഷിജു സംഭവത്തെ കുറിച്ച് വിശദീകരിക്കുന വീഡിയോ ഞങ്ങള്‍ക്ക് ഫേസ്ബുക്കില്‍ നിന്നും ലഭിച്ചു. പട്ടിണി മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നുള്ളത് വെറും പൊള്ളയായ വാദമാണെന്ന് അദ്ദേഹം അറിയിക്കുന്നു:

ഷിജുവുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചിരുന്നു. ഇത് പഴയ സംഭവം ആണെന്നും കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നുവെന്നും അച്ഛനുമായി സംസാരിച്ചിരുന്നെന്നും ഷിജു വ്യക്തമാക്കി. 2016 ല്‍ കണ്ണൂരില്‍ ജോലി ചെയ്യുമ്പോഴായിരുന്നു. ഇപ്പോള്‍ കൊച്ചിയിലാണ്.

കൂടുതൽ വ്യക്തമായി ഞങ്ങൾ ഞങ്ങൾ കണ്ണൂർ റൂറൽ എസ്പി ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും കിട്ടിയ വിശദീകരണം ഇങ്ങനെയാണ്: “സംഭവം അഞ്ചു വര്‍ഷം മുമ്പേയുള്ളതാണ്. അച്ഛനമ്മമാര്‍ അവഗണിച്ചു എന്ന തോന്നലില്‍ കുട്ടിക്ക് മനോവിഷമം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അമ്മൂമ്മയുടെ ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അവള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കി നൽകാൻ അമ്മൂമ്മയ്ക്ക് ആരോഗ്യപരമായ ചില പ്രശ്നങ്ങൾ മൂലം എപ്പോഴും സാധിച്ചിരുന്നില്ല. പട്ടിണി കിടക്കാന്‍ തക്ക സാമ്പത്തിക ദാരിദ്യം കുടുംബത്തിന് ഉണ്ടായിരുന്നില്ല. പട്ടിണി മൂലമല്ല ആത്മഹത്യ ചെയ്തത് എന്നാണ് അന്വേഷണത്തിൽ ലഭ്യമായ വിവരം.”

ദേശാഭിമാനി പത്രം 2016 ഏപ്രില്‍ 22 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്‌ എന്ന് തെളിയിക്കുന്ന ചിത്രം ഒരു ഫേസ്ബുക്ക് കമന്‍റില്‍ ഞങ്ങള്‍ക്ക് ലഭിച്ചു.

ഈ വാര്‍ത്ത ദേശാഭിമാനി ദിനപത്രം 2016 ഏപ്രിലില്‍ പ്രസിദ്ധീകരിച്ചിരുന്നു എന്ന് അവരുടെ ന്യൂസ് ഡെസ്കില്‍ അന്വേഷിച്ചപ്പോള്‍ വാര്‍ത്താ വിഭാഗം വ്യക്തമാക്കി.

നിഗമനം

കണ്ണൂര്‍ പേരാവൂരിൽ വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി ജീവനൊടുക്കി എന്ന വാർത്ത 2016ലെ താണ്. പോലീസ് അന്വേഷണത്തിൽ, വിശപ്പ് സഹിക്കാനാവാതെയാണ് പെൺകുട്ടി മരിച്ചത് എന്നത് തെറ്റായ ആരോപണമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ചു കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള സംഭവം ഇപ്പോഴത്തേത് എന്നമട്ടിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:“വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു” എന്ന വാര്‍ത്ത 2016 ലേതാണ്...

Fact Check By: Vasuki S

Result: Missing Context