
പ്രചരണം
സ്ഫോടക വസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യുപി പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം വാര്‍ത്താ സമ്മേളനം നടത്തി പോലീസ് തന്നെയാണ് പൊതുജനങ്ങളെ അറിയിച്ചത്. ഇതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.
വീഡിയോ ദൃശ്യങ്ങളില്‍, തിരക്കേറിയ ഒരു റോഡിലൂടെ പോലീസ് വാഹനങ്ങള്‍ വേഗത്തില്‍ വരുന്നതും ഒരു സ്ഥലത്ത് അവ നിര്‍ത്തിയ ശേഷം ഒരു കെട്ടിടത്തിന്‍റെ ഉള്ളിലേയ്ക്ക് പോകുന്ന പോലീസ് അല്‍പ സമയത്തിനകം രണ്ടുപേരെ പിടിച്ചു കൊണ്ടുവന്ന് വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്നതും കാണാം. വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ: ഇന്ത്യ മുഴുവൻ കാണട്ടേ U.P യിൽ ബോംബ് വെച്ച് തകർക്കാൻ പോയ മലയാളികളായ ഭീകരന്മാരെ യു.പി പോലീസ് അതിസാഹസികമായി പിടികൂടുന്ന രംഗം യോഗി ഡാ 💪”
എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റില്‍ അവകാശപ്പെടുന്നതുപോലെ യുപി പോലീസ് ഭീകരരെ അതി സാഹസികമായി പിടികൂടുന്നതിന്‍റെതല്ല എന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോയെ കുറിച്ച് ഓണ്‍ലൈനില്‍ അന്വേഷിച്ചിട്ട് വിവരങ്ങള്‍ ഒന്നും ലഭ്യമായില്ല. പോസ്റ്റിലെ വിവരണങ്ങള്‍ പ്രകാരമുള്ള കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞെങ്കിലും അതും ഫലം കണ്ടില്ല. ഇതേ വീഡിയോ ഹിന്ദി ഭാഷയിലും പ്രചരിക്കുന്നുണ്ട്. അതില്‍ ഇത് മുംബൈയിലെ പൈധുനി എന്ന പ്രദേശത്ത് നിന്നുള്ളതാണ് എന്ന് പറയുന്നു.
അതിനാല്‍ ഞങ്ങളുടെ പ്രതിനിധി പൈധുനി പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അവിടെ നിന്നും സീനിയര്‍ പി ഐ സുഭാഷ് ദൂത്ഗാവ്കര്‍ അറിയിച്ചത് ഇങ്ങനെയാണ്: “വൈറല്‍ വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ ഒരു വെബ്സീരീസ് ഷൂട്ടിങ്ങിന്‍റെതാണ്. ഫെബ്രുവരി 14 ഞായറാഴ്ച ആയിരുന്നു ഷൂട്ടിംഗ്. ഈ വെബ്സീരീസിന്‍റെ പേര് ഓര്‍മയില്ല. പക്ഷേ ഞങ്ങള്‍ ഷൂട്ടിങ്ങിന് എന്‍.ഒ.സി. കൊടുത്തിരുന്നു. ഈ വീഡിയോ ഏതെങ്കിലും തീവ്രവാദികളെ പോലീസ് പിടികൂടുന്നതിന്‍റെതല്ല”.
കൂടാതെ ഞങ്ങള്‍ മുംബൈ പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോള്‍ ഡി സി പി, എന്‍. അംബിക ഞങ്ങളോട് ഇതേ കാര്യം ആവര്‍ത്തിച്ചു. “ഈ വൈറല്‍ വീഡിയോ ഒരു ഷൂട്ടിംഗിന്‍റെതാണ്. ഇവര്‍ ഞങ്ങളോട് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. വൈറല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ വെറും അഭിനയം മാത്രമാണെന്നും ഒരു യഥാര്‍ത്ഥ പോലീസ് ഓപ്പറേഷനുമായി വീഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും നിങ്ങളുടെ മാധ്യമം വഴി സമൂഹത്തെ ഞങ്ങള്‍ അറിയിക്കുകയാണ്” ഇതാണ് ഡി സി പി നല്‍കിയ മറുപടി. വീഡിയോ ദൃശ്യങ്ങളില്‍ കെട്ടിടത്തില്‍ ഒരു നീല ബോര്‍ഡ് കാണാന്‍ സാധിക്കുന്നുണ്ട്.
അതിലെ എഴുത്ത് ഡോ. ഷയിസ്താസ് വെല്‍നെസ്സ് ക്ലിനിക് എന്നാണ്. ഞങ്ങള്‍ ക്ലിനിക്കുമായി ബന്ധപ്പെട്ടു. അതിന്‍റെ ഉടമയുടെ അഭിപ്രായത്തില്‍ വീഡിയോ തെറ്റായ രീതിയിലാണ് പ്രചരിക്കുന്നത്. ഫെബ്രുവരി 14 ന് നടന്ന ഷൂട്ടിങ്ങിന്റെ താണ് വീഡിയോ. ഇത് തീവ്രവാദികളെ പിടിക്കുന്നതിന്‍റെ ഒന്നുമല്ല.”
ഇത് ഒരു യഥാര്‍ത്ഥ സംഭവമല്ലെന്നും ഒരു വെബ് സീരിസിനായുള്ള ചിത്രീകരണം ആയിരുന്നു എന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഫാക്റ്റ് ചെക്ക് ഹിന്ദിയില്‍ വായിക്കാം:
एक वैबसीरीज़ की शूटिंग के वीडियो को मुंबई में आतंकवादियों की गिरफ़्तारी का बताया जा रहा है।
നിഗമനം
പോസ്റ്റിലെ പ്രചാരണം പൂര്‍ണ്ണമായും തെറ്റാണ്. യുപി പോലീസ് തീവ്രവാദികളെ പിടിക്കുന്ന ദൃശ്യം എന്ന്‍ പേരില്‍ പ്രചരിക്കുന്നത് മുംബൈയില്‍ നടന്ന ഒരു വെബ് സീരിസ് ഷൂട്ടിങ്ങിന്‍റെ ദൃശ്യങ്ങളാണ്. യഥാര്‍ത്ഥ പോലീസുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

Title:യുപി പോലീസ് മലയാളികളായ തീവ്രവാദികളെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന് തെറ്റായ പ്രചരണം…
Fact Check By: Vasuki SResult: False
