
ചിത്രം കടപ്പാട്: ഫെസ്ബൂക്ക്
വിവരണം

“വിങ് കമാൻഡർ അഭിനന്ദൻ വീട്ടിൽ പിതാവിനൊപ്പം. കൊടുക്കണം ധീര യോദ്ധാവിനൊരു ബിഗ് സല്യൂട്ട്….” എന്ന വിവരണവുമായി ഒരു ചിത്രം വിജയ് മീഡിയ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്നുണ്ട്.പോസ്റ്റിനു ഏകദേശം 3000 ഷെയറുകൾ ആയിട്ടുണ്ട്. ഇന്ത്യയുടെ ബാലക്കോട്ട് ആക്രമണത്തെ തുടർന്ന് പാകിസ്ഥാൻ പിടിയിലാവുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പറ്റിയും നിരവധി വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും പുതിയതായി പ്രത്യക്ഷപ്പെട്ട ഒന്നാണ് ഈ ചിത്രം. ഈ പോസ്റ്റിന്റെ വസ്തുത നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ പരിശോധന
അഭിനന്ദന്റെ ഔദ്യോഗിക ജീവിതത്തെക്കുറിച്ചും കുടുംബത്തെപ്പറ്റിയുമെല്ലാം പ്രമുഖ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും നിരവധി വാർത്തകൾ വന്നത് വായനക്കാർ ശ്രദ്ധിച്ചുകാണും. മുൻ എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാൻ ഭാര്യ ഡോ. ശോഭാ വർദ്ധമാനോടൊപ്പം പാകിസ്ഥാൻ പിടിയിൽ നിന്നും മോചിതനായി തിരിച്ചെത്തുന്ന മകൻ അഭിനന്ദനെ സ്വീകരിക്കാൻ വിമാനത്തിൽ ഡൽഹിയിൽ വന്നിറങ്ങുമ്പോൾ സഹയാത്രികർ ഒന്നടങ്കം ആദരവോടെ എഴുന്നേറ്റ് പ്രണമിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. അതിൽ അഭിനന്ദന്റെ പിതാവ് സിംഹക്കുട്ടി വർദ്ധമാന്റെ മുഖം വ്യക്തമായി കാണാം. ഈ ചിത്രത്തിലേതുമായി യാതൊരു സാമ്യവുമില്ല.
അഭിനന്ദന്റെ പിതാവ് സിംഹക്കുട്ടി വർദ്ധമാൻ ഇന്ത്യൻ വ്യോമസേനയിൽ നിന്നും എയർ മാർഷൽ പദവിയിൽ വിരമിച്ചയാളാണ്. ഭാരത് രക്ഷക് വെബ്‌സൈറ്റിന്റെ ഡേറ്റാബേസിൽ എസ്. വർദ്ധമാന്റെ ചിത്രം വിവരണമുൾപ്പെടെ നൽകിയിട്ടുണ്ട്. വിജയ് മീഡിയ വർദ്ധമാന്റെ പിതാവ് എന്ന പേരിൽ പ്രചരിപ്പിക്കുന്ന ചിത്രവുമായി അദ്ദേഹത്തിന് യാതൊരു ഛായയുമില്ല. ഇതിന്റെ സ്‌ക്രീൻ ഷോട്ട് താഴെ പരിശോധിക്കാം:
അഭിനന്ദന്റെ പിതാവ് സിംഹക്കുട്ടി വർദ്ധമാൻ
അഭിനന്ദന്റെ കുടുംബം തമിഴ് ജൈന മതത്തിൽ പെട്ടവരാണ് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വിജയ് മീഡിയയുടെ ചിത്രത്തിലുള്ളത് വൈഷ്ണവരായ തമിഴ് ബാഹ്മണ വിഭാഗത്തിന്റെ വേഷവിധാനങ്ങളാണ്. ഈ രീതിയിൽ തിലകക്കുറി തൊടുന്നത് അവരുടെ പ്രത്യേകതയാണ്.
New Indian Express | Archived Link |
അഭിനന്ദൻ വാർത്തകളിൽ നിറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മീശയും അതോടൊപ്പം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനന്ദന്റെ മീശ വ്യത്യസ്തമാണ്.
മാത്രമല്ല അദ്ദേഹത്തിന്റെ ചർമത്തിന്റെ നിറം കുറച്ചുകൂടെ ഇരുണ്ടതാണ്. ശരീര വണ്ണം ഇത്രയും ഇല്ലാത്തയാളാണ് അഭിനന്ദൻ. ഏകദേശം അഭിനന്ദന്റെ മുഖ സാദൃശ്യമുള്ള മറ്റാരുടെയോ ചിത്രമാണിത്.
അഭിനന്ദന്റെ മാതാപിതാക്കളായ സിംഹക്കുട്ടി വർദ്ധമാൻ , ഡോ. ശോഭാ വർദ്ധമാൻ എന്നിവരുടെ ചിത്രമാണ് താഴെയുള്ളത്.
നിഗമനം
ചിത്രത്തിൽ ഉള്ളവർ ആരാണെന്നു വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ലെങ്കിലും അഭിനന്ദനും പിതാവുമല്ലെന്ന് ഉറപ്പാണ്. അഭിനന്ദനും പിതാവും എന്ന പേരിൽ പ്രചരിക്കുന്ന ഈ ചിത്രം തെറ്റാണ്. ഏകദേശം മുഖ സാദൃശ്യമുള്ള മറ്റാരുടെയോ ചിത്രമുപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റാണിത്. വാസ്തവമറിയാതെ മാന്യ വായനക്കാർ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കുക.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ
