വിവരണം

പ്രശസ്തരുടെ പരാമർശങ്ങൾ അഭിപ്രായങ്ങൾ നിലപാടുകൾ എന്നീ പേരുകളിൽ നിരവധി പ്രസ്താവനകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാറുണ്ട്. ഇവയിൽ പലതും ഈ വ്യക്തി അറിഞ്ഞിട്ടില്ലാത്തതായിരിക്കും എന്നതാണ് ഇതിലെ ഏറ്റവും വലിയ കൌതുകം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായിപ്രചരിച്ച പ്രശസ്തരുടെ പേരിലുള്ള ഇതുപോലെ നിരവധി പ്രസ്താവനകളുടെ മുകളിൽ ഞങ്ങൾ ഇതിനുമുമ്പ് വസ്തുത അന്വേഷണം നടത്തുകയും തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായി പ്രചരിച്ചു വരുന്ന ഒരു പ്രസ്താവനയാണ് ഇവിടെ നൽകുന്നത്.

archived linkFB post

സ്ത്രീകൾക്ക് ഒരു രാജകുമാരിയുടെ പരിഗണന ലഭിക്കുന്ന ലോകത്തിലെ ഒരേയൊരു മതം ഇസ്ലാം മതം മാത്രമാണ്- മാധുരി ദീക്ഷിത്.

എന്നാല്‍ ഒപ്പം ഒരു ചിത്രം നൽകിയിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സിനിമാ താരം ഹേമമാലിനിയുടെതാണ്. മാധുരി ദീക്ഷിതിന്‍റെതല്ല.

മാധുരിയുടെ ചിത്രം താഴെ കൊടുക്കുന്നു:

ഇത്തരത്തിൽ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് രണ്ടായിരത്തിലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു പ്രസ്താവന മാധുരി ദീക്ഷിത് നടത്തിയിട്ടുണ്ടോ അല്ലെങ്കിൽ ഹേമമാലിനി നടത്തിയിട്ടുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചു. എന്നാൽ ഇത്തരത്തിലൊരു പ്രസ്താവന ഇവർ രണ്ടുപേരും നടത്തിയിട്ടില്ല എന്നാണ് ഞങ്ങൾക്ക് അന്വേഷണത്തിൽ വ്യക്തമായത്.

ഞങ്ങളുടെ അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:

വസ്തുത വിശകലനം

ഈ പോസ്റ്റിലെ വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ആദ്യം ഞങ്ങൾ ഓൺലൈനിൽ തിരിഞ്ഞുനോക്കി. എന്നാൽ ഇത്തരത്തിലൊരു പ്രസ്താവന മാധുരി ദീക്ഷിത് അല്ലെങ്കിൽ ഹേമമാലിനി നടത്തിയതായി കാണാൻ സാധിച്ചില്ല. ലോകം അറിയുന്ന സിനിമാ താരങ്ങളായ ഹേമമാലിനിയോ മാധുരി ദീക്ഷിതോ ലോകത്തെ ഒരു പ്രമുഖ മതത്തെ പറ്റി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയാല്‍ അത് വാര്‍ത്തകളില്‍ എന്തായാലും വരുമായിരുന്നു. കൂടാതെ അതോടൊപ്പം വിവാദങ്ങളും പലയിടത്ത് നിന്നും ഉണ്ടാകുമായിരുന്നു.

പ്രമുഖ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കൂടാതെ ഹേമമാലിനിയുടെയും മാധുരി ദീക്ഷിതിന്‍റെയും സാമൂഹ്യ മാധ്യമ അക്കൗണ്ടിലും ഇത്തരമൊരു ഒരു പ്രസ്താവന ഞങ്ങൾ അന്വേഷിച്ചു. എന്നാൽ ഇത്തരത്തിൽ യാതൊരു പ്രസ്താവനയും ഇരുവരും നടത്തിയിട്ടില്ല എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.

ഇതുമാത്രമല്ല മുസ്ലിം മതസംബന്ധമായ പ്രസ്താവനകൾ ഒന്നുംതന്നെ ഇരുവരും നടത്തിയതായി വാര്‍ത്തകളില്ല. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷങ്ങൾ ബിജെപിക്കു വോട്ട് ചെയ്യണമെന്നും അല്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നും മേനക ഗാന്ധി പറഞ്ഞു എന്ന ഒരു വാര്‍ത്തയ്ക്കെതിരെ ഹേമമാലിനി മറുപടി നൽകിയിരുന്നു. ട്രിപ്പിൾ തലാഖ് വിഷയത്തിൽ മുസ്ലീം സമുദായത്തിലെ സ്ത്രീകൾ ബിജെപിയെ പിന്തുണച്ചിരുന്നുവെന്ന് മേനകാ ഗാന്ധിയുടെ പ്രസംഗത്തോട് പ്രതികരിച്ച ഹേമമാലിനി പറഞ്ഞു. ഇതാണ് ഹേമമാലിനി മുസ്ലിം സംബന്ധമായ നടത്തിയ ഏക പരാമർശം. മാധുരി ദീക്ഷിത് യാതൊരു വിധ പ്രസ്താവനകളോ പരാമര്‍ശങ്ങളോ മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല.

ഹേമമാലിനിയോ മാധുരി ദീക്ഷിതോ മാത്രമല്ല, ഇത്തരത്തില്‍ ഒരു പ്രസ്താവന ഇതുവരെ ആരും നടത്തിയതായി രേഖകളില്ല. ‘Islam is the only religion in the world where women are treated like a princess’ എന്ന കീ വേര്‍ഡ്സ് ഉപയോഗിച്ച് ഞങ്ങള്‍ തിരഞ്ഞു നോക്കി. ഇത്തരത്തില്‍ ഒരു പ്രസ്താവന ഒരിടത്തും കണ്ടെത്താനായില്ല. അതിനാൽ തന്നെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും വ്യാജമാണ് എന്ന് ഉറപ്പിക്കാം.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. സ്ത്രീകൾക്ക് ഒരു രാജകുമാരിയുടെ പരിഗണന ലഭിക്കുന്ന ലോകത്തിലെ ഒരു മതം ഇസ്ലാം മതം മാത്രമാണ് എന്നൊരു പ്രസ്താവന മാധുരി ദീക്ഷിത് നടത്തിയിട്ടില്ല മാത്രമല്ല മാധുരി ദീക്ഷിതിന്‍റെ ചിത്രം എന്ന രീതിയില്‍ പോസ്റ്റില്‍ നൽകിയിരിക്കുന്നത് ഹേമമാലിനിയുടെ ചിത്രമാണ്. ഈ പ്രസ്താവന എപ്പോൾ എവിടെ വച്ച് നടത്തി എന്നുള്ള വിശദാംശങ്ങളൊന്നും പോസ്റ്റിൽ നൽകിയിട്ടില്ല. വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ് പോസ്റ്റിലൂടെ ചെയ്യുന്നത്.

Avatar

Title:മാധുരി ദീക്ഷിതിന്‍റെ പേരിൽ ഹേമമാലിനിയുടെ ചിത്രം വെച്ച് വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു..

Fact Check By: Vasuki S

Result: False