
ഇപ്പോഴത്തെ കറന്‍സി നോട്ടുകള്‍ നിരോധിക്കുമെന്നും ഡിജിറ്റല്‍ കറന്‍സികള്‍ നിലവില്‍ വരുമെന്നും അവകാശപ്പെട്ട് മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിൽ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോര്‍ട്ട് സ്ക്രീന്‍ഷോട്ടുകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2016 നവംബര്‍ എട്ടിന് നടന്ന നോട്ട് നിരോധനം ഓര്‍മയുള്ളതിനാല്‍ പല വായനക്കാരും വാര്‍ത്ത കണ്ട് ആശയക്കുഴപ്പത്തിലായി.
പ്രചരണം
2025 ഫെബ്രുവരി 1 മുതൽ ഇന്ത്യൻ സർക്കാർ കറൻസി നിരോധിക്കുകയും ഡിജിറ്റൽ കറൻസിയിലേക്ക് മാറുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മാതൃഭൂമി, മലയാള മനോരമ പത്രങ്ങളില്‍ കൊടുത്തിട്ടുള്ളത്. പത്രങ്ങളുടെ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടിന്‍റെ തലക്കെട്ട് ഇങ്ങനെ: “നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി
മാറ്റത്തിൻ്റെ കാറ്റിൽ പറന്ന് പേപ്പർ കറൻസി”
ഫെബ്രുവരി 1 മുതൽ ഇന്ത്യയിലെ എല്ലാ ഇടപാടുകളും ഡിജിറ്റൽ കറൻസി ഉപയോഗിച്ച് നടത്തുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചതായി പറയുന്ന ഒരു പ്രസ്താവനയും പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു.
‘ആർബിഐ ഗവർണർ ഡോ. അരവിന്ദ് കുമാർ’, ‘പ്രതിപക്ഷ നേതാവ് അഞ്ജലി മെഹ്‌റ’, ‘ധനമന്ത്രി രാജീവ് സിംഗ്’ തുടങ്ങിയ സാങ്കൽപ്പിക വ്യക്തികളെയും പരാമര്‍ശിച്ചിട്ടുണ്ട്. കറൻസി ഉപയോഗം പൂർണ്ണമായും നിർത്തിയ മറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേരുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെട്ടു. പൊതുജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഘട്ടം ഘട്ടമായി നോട്ടുകൾ പിൻവലിച്ചുകൊണ്ട് എല്ലാ ഭൗതിക ഇടപാടുകളും ഡിജിറ്റൽ കറൻസിയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി പറഞ്ഞതായും വാര്‍ത്ത വിശദമാക്കുന്നു. ഫെബ്രുവരി 15 വരെ പണമുള്ളവർക്ക് ബാങ്കുകൾ വഴി അവരുടെ പണം ഡിജിറ്റൽ കറൻസിയിലേക്ക് മാറ്റാൻ അവസരമുണ്ടെന്നും അറിയിപ്പുണ്ട്.
പലരും സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ ആശങ്കയോടെയും കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചും പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ ഇത് വെറും ഒരു പരസ്യം മാത്രമാണെന്നും യഥാര്‍ത്ഥ റിപ്പോര്‍ട്ട് അല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
മംഗളം, ചന്ദ്രിക, സിറാജ്, കേരള കൗമുദി, ദീപിക, മാധ്യമം, സുപ്രഭാതം, ജന്മഭൂമി, വീക്ഷണം തുടങ്ങിയ കേരള ദിനപത്രങ്ങളിലും ഇതേ പരസ്യ വാര്‍ത്ത വന്നിരുന്നു. സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കൾ സ്ക്രീന്‍ഷോട്ടുകള്‍ കഥയറിയാതെ പങ്കുവച്ചു. എല്ലാ പത്രങ്ങളും ഒരേ തലക്കെട്ട് തന്നെയാണ് നല്കിയിരിക്കുന്നത് എന്നതാണ് ഇതൊരു പരസ്യമാണ് എന്നു മനസിലാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. യാദൃശ്ചികമായി രണ്ടു പത്രങ്ങള്‍ ഒരേ തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയേക്കാം. എന്നാല്‍ എല്ലാ പത്രങ്ങളും ഒരു വാര്‍ത്തയ്ക്ക് ഒരേ തലക്കെട്ട് നല്‍കുക എന്നത് അസ്വാഭാവികമാണ്. 2025 ജനുവരി 24 ലെ മാതൃഭൂമി പത്രം പരിശോധിച്ചതോടെ പ്രചരിക്കുന്നത് പത്രവാര്‍ത്തയല്ലെന്നും പരസ്യമാണെന്നും വ്യക്തമായി. ഇത് സ്ഥിരീകരിക്കുന്നതിനായി പേജിന്‍റെ മേല്‍ഭാഗത്ത് ‘മാര്‍ക്കറ്റിങ് ഫീച്ചര്‍’ എന്ന് നല്‍കുകയും താഴെ ഇത് വാര്‍ത്തയല്ലെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത് വെറും പരസ്യം മാത്രമാണെന്ന് വിശദീകരണം നല്കിയിട്ടുണ്ട്.
എല്ലാ പേജുകളിലും ജെയിൻ (ഡീംഡ്-ടു-ബി) സർവകലാശാലയുടെ പേര് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മലയാള മനോരമയിൽ ഡിസ്ക്ലൈമര്‍ നല്കിയിട്ടുണ്ട്. കൊച്ചിയിലെ ജെയ്ന്‍ ഡീംഡ് ടു ബി യൂനിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 പരിപാടിയുടെ പരസ്യത്തിന്റെ ഭാഗമായാണ് സാങ്കല്‍പിക വാര്‍ത്തകള്‍ നല്‍കിയത്. 2050-ല്‍ പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തില്‍ വരാന്‍ സാധ്യതയുള്ള വാര്‍ത്തകളെന്ന നിലയിലുള്ള വാര്‍ത്തകളാണ് പേജിലുള്ളത്. അതില്‍ ഒന്നാമത്തെ വാര്‍ത്തയാണ് ഡിജിറ്റല്‍ കറന്‍സിയുടേത്. സ്ഥാപനത്തിന്‍റെ വെബ്‌സൈറ്റിലെ ‘2025 ഭാവിയിലെ ഉച്ചകോടി’ എന്ന പേജിലേക്ക് നയിക്കുന്ന ഒരു QR കോഡും കൊടുത്തിരുന്നു.
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ മലയാള മനോരമ ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടു, കൊച്ചിയിലെ ജെയിൻ (ഡീംഡ്-ടു-ബി) സർവകലാശാലയുടെ പേരിൽ പ്രസിദ്ധീകരിച്ച ഒരു പരസ്യമാണിതെന്ന് അവര്‍ സ്ഥിരീകരിച്ചു. “പരസ്യം 2050-ലെ പത്രങ്ങളിലെ വാര്‍ത്തകളെ കുറിച്ചുള്ള അവരുടെ ആശയമാണ്.” ചില എഡിഷനുകളില്‍ പരസ്യ ഫീച്ചർ ഒന്നാം പേജിലും രണ്ടാം പേജിലും, നൽകിയിട്ടുണ്ടെന്നും ന്യൂസ് വിഭാഗം അറിയിച്ചു. ന്യൂ ഇനിഷ്യേറ്റീവ്സിന്‍റെ ഡയറക്ടർ ടോം എം. ജോസഫ് പരിപാടിയുടെ എക്സ് പേജ് വഴി വിശദീകരണം കൊടുത്തിട്ടുണ്ട്.
പരസ്യം “ഭാവിയിലേക്ക് ആളുകളെ സജ്ജമാക്കാൻ രൂപകൽപ്പന ചെയ്ത ഒരു സര്‍ഗാത്മക സൃഷ്ടി മാത്രമാണെന്നും വിശദീകരണത്തില്‍ പറയുന്നു. ഡിസ്ക്ലൈമര്‍ ഉണ്ടായിരുന്നിട്ടും വായനക്കാർ അത് തെറ്റായി വ്യാഖ്യാനിച്ചുവെന്നും ജോസഫ് പറയുന്നുണ്ട്.
നിഗമനം
പോസ്റ്റിലെ വാര്‍ത്താ റിപ്പോര്‍ട്ട് പരസ്യത്തിന് വേണ്ടി തയ്യാറാക്കി പ്രസിദ്ധീകരിച്ചതാണ്. അല്ലാതെ യഥാര്‍ത്ഥ വാര്‍ത്തയല്ല. പരസ്യത്തിന് സമീപം മാധ്യമങ്ങള്‍ ഡിസ്ക്ലൈമര്‍ നല്കിയിരുന്നു. തെറ്റിദ്ധരിച്ച് പലരും വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കറന്‍സിനോട്ടുകള്‍ നിരോധിക്കുമെന്നും ഡിജിറ്റല്‍ കറന്‍സി നിലവില്‍ വരുമെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകലൂടെ സത്യമിങ്ങനെ…
Written By: Vasuki SResult: False
