വിവരണം

ഓര്‍ത്തൊടോക്‌സ് സഭ ആസ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് പുതുപ്പള്ളി സ്ഥാനാര്‍ത്ഥി ജയിക് സി തോമസിനെ മന്ത്രി വി.ശിവന്‍കുട്ടി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഓര്‍ത്തൊടോക്‌സ് സഭ വികാരിയുടെ അനുഗ്രഹം വാങ്ങുന്ന ജയിക്കിന്‍റെ ചിത്രം പങ്കുവെച്ച് ശിവന്‍ കുട്ടി ഇങ്ങനെ എഴുതിയെന്നാണ് സ്ക്രീന്‍ഷോട്ട്- കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്.. എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും.. എന്നാണ് ശിവന്‍കുട്ടി ജയികിനെതിരെ ഇട്ട പോസ്റ്റെന്നാണ് പ്രചരണം. ജിഷ്ണു പിപി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജയിക് സി തോമസിനെ പരിഹസിച്ചുകൊണ്ട് മന്ത്രി വി.ശിവന്‍കുട്ടി ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ വി.ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും യഥാര്‍ത്ഥ പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്… എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും..! #hukum #jailer എന്നതാണ് വി.ശിവന്‍കുട്ടി പങ്കുവെച്ച പോസ്റ്റ്. എന്നാല്‍ ഇതില്‍ ജയികിന്‍റെ ചിത്രമില്ലാ എന്നതാണ് വസ്‌തുത. അതായത് രജനി കാന്ത് ചിത്രമായ ജയിലറിന്‍റെ വിജയത്തെ തുടര്‍ന്ന് രജനി കാന്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തുകയും ഈ വേളയില്‍ യോഗിയുടെ കാലില്‍ തൊട്ട് വന്ദിക്കുന്ന രജനി കാന്തിന്‍റെ വീഡിയോ വൈറലായിരന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്കും ഇത് വഴി വെച്ചു. രജനി കാന്ത് യോഗിയുടെ കാലില്‍ തൊട്ടുവന്ദിച്ചതിനെ വിമര്‍ശിച്ചാണ് വി.ശിവന്‍കുട്ടി ഈ പോസ്റ്റ് പങ്കുവെച്ചതെന്ന് വ്യക്തമാണ്. കാരണം ഹുക്കും, ജയിലര്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് ശിവന്‍ കുട്ടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെന്നും വ്യക്തമാണ്. ഇത് സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം ജയിക് സി തോമസ് ഓര്‍ത്തൊടോക്‌സ് സഭ വികാരിയുടെ അനുഗ്രഹം വാങ്ങുന്ന ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പ്രചരിപ്പിക്കുന്നതെന്നും വ്യക്തമായി കഴിഞ്ഞു.

മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook Post

നിഗമനം

നടന്‍ രജനി കാന്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാലില്‍ തൊട്ട് വന്ദിച്ച സംഭവത്തില്‍ രജനി കാന്തിനെ വിമര്‍ശിച്ച് മന്ത്രി വി.ശിവന്‍കുട്ടി പങ്കുവെച്ച പോസ്റ്റാണ് ജയിക് സി തോമസിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്ത് പ്രചരപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ജയിക്ക് സി തോമസിനെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

Written By: Dewin Carlos

Result: Altered