വിവരണം

ഇന്ന് നൂറ് വയസ് തികഞ്ഞ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് വേണ്ടി ക്ഷേത്രത്തില്‍ പൂജ നടത്തും എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൈവ വിശ്വാസിയല്ലാത്ത വിഎസ് ഒടുവില്‍ വിശ്വാസിയായെന്നും ആദര്‍ശം വെടിഞ്ഞ് ഭക്തി സ്വീകരിച്ചെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ചിത്രം ഞങ്ങളുടെ വാട്‌സാപ്പ് ഫാക്‌ട് ലൈന്‍ നമ്പറായ +919049053770 ലേക്ക് ഫാക്‌ട് ചെക്കിനായി ലഭിച്ചു. വിഎസിന് കുടുംബ ക്ഷേത്രത്തില്‍ പ്രത്യേക പൂജ എന്ന തലക്കെട്ട് നല്‍കിയ ഒരു പത്ര വാര്‍ത്തയോടൊപ്പം അദ്ദേഹം ചന്ദന കുറി തൊട്ടിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഇതെ ചിത്രം ബാവ മാഷ് കളിയാത്ത് എന്ന വ്യക്തി പങ്കുവെച്ചതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ-

വാട്‌സാപ്പില്‍ ലഭിച്ച ചിത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

പ്രചരിക്കുന്ന ചിത്രം-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിഎസിന് വേണ്ടി കുടുംബക്ഷേത്രത്തില്‍ നടത്തിയ പൂജയ്ക്ക് ശേഷം ഈശ്വര വിശ്വാസിയല്ലാത്ത വിഎസ് ചന്ദനക്കുറി തൊട്ട് കസേരയില്‍ ഇരിക്കുന്ന ചിത്രം തന്നെയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ വിഎസ് അച്യുതാനന്ദന്‍റെ മകന്‍ അരുണ്‍ കുമാര്‍ വി.എയുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. ചിത്രം വ്യാജമാണെന്ന് അദ്ദേഹം മറുപടി നല്‍കി. യഥാര്‍ത്ഥ ചിത്രം രണ്ട് വര്‍ഷം മുന്‍പ് അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ടെന്നും പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും അരുണ്‍ കുമാര്‍ 2020 ഒക്ടോബര്‍ 20ന് അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നും യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. ചിത്രത്തില്‍ അദ്ദേഹം ചന്ദനക്കുറി തൊട്ടിട്ടില്ലായെന്നത് ഇതോടെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.

കുടുംബ ക്ഷേത്രത്തിലെ പ്രത്യേക പൂജയെ കുറിച്ചുള്ള വാര്‍ത്ത 24 ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ചതിന്‍റെ വിശദാംശങ്ങളും പരിശോധിച്ചു. വിഎസിന്‍റെ അമ്മയുടെ കുടുംബ വീടായ മുഹമ്മയിലെ മാലൂര്‍ കുടുംബ ക്ഷേത്രത്തിലാണ് വിഎസിന് വേണ്ടി പ്രത്യേക പൂജ നടന്നത്. എന്നാല്‍ അത് അദ്ദേഹത്തിന്‍റെ അമ്മയുടെ കുടുംബാംഗങ്ങള്‍ നടത്തിയ പൂജ മാത്രമാണ്. വിഎസ് ഇതുവരെ ആ ക്ഷേത്രത്തില്‍ എത്തിയിട്ടില്ലായെന്നും ക്ഷേത്രത്തിന് സംഭാവന മുന്‍പ് ചോദിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന് വേണ്ടി നല്‍കിയിട്ടില്ലായെന്നും സമീപത്തെ വായനശാലയ്ക്ക് വേണ്ടിയാണ് അദ്ദേഹം പണം നല്‍കിയതെന്നും കുടുംബാംഗം വാര്‍ത്തയില്‍ പറയുന്നുണ്ട്.

അരുണ്‍ കുമാര്‍ വി.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

യഥാര്‍ത്ഥ ചിത്രം-

കുടുംബക്ഷേത്രത്തില്‍ നടന്ന പൂജയെ കുറിച്ചുള്ള വാര്‍ത്ത-

24 News

നിഗമനം

2020ല്‍ വിഎസ് അച്യുതാനന്ദന്‍റെ മകന്‍ വി.എ.അരുണ്‍കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വി.എസിന്‍റെ ചിത്രമാണ് ഇപ്പോള്‍ തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:വിഎസ് അച്യുതാനന്ദന്‍റെ ഈ ചിത്രം വ്യാജമാണ്.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Altered