വിവരണം

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.സി.വിഷ്ണുനാഥ് എംഎല്‍എയും നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. വി.ഡി.സതീശന്‍ സ്വപ്നയുടെ കയ്യില്‍ പിടിച്ച് ഹാരം അണിയിച്ച് നില്‍ക്കുന്നതാണ് ചിത്രം. കൈ വിടരുത് തെരഞ്ഞെടുപ്പ് വരെ കട്ടയ്ക്ക് കൂടെയുണ്ടാകണം. എന്ന തലക്കെട്ട് നല്‍കി സിറാജുദ്ദീന്‍ എം.എ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 48ല്‍ അധികം റിയാക്ഷനുകളും 16ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ഒപ്പം ചിത്രത്തിലുള്ളത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സില്‍ റിവേഴ്‌സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ദ് ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചപ്പോഴുള്ള ആഹ്ലാദം പങ്കുവയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ചിത്രമാണിത്. ഒപ്പം വിജയിച്ച സ്ഥാനാര്‍ത്ഥി ഉമാ തോമസാണ് ചിത്രത്തിലുള്ളത്. 2022 ജൂണ്‍ നാലിനാണ് ന്യൂസ് മിനിറ്റ് ഉമാ തോമസിന്‍റെയും വി.ഡി.സതീശന്‍റെയും ഈ ചിത്രം വെബ്‌സൈറ്റില്‍ പങ്കുവെച്ചിട്ടുള്ളത്. അതായത് യഥാര്‍ത്ഥ ചിത്രത്തിലെ ഉമാ തോമസിന്‍റെ മുഖ് എഡിറ്റ് ചെയ്ത് സ്വപ്ന സുരേഷിന്‍റെ മുഖം ചേര്‍ത്തതാണെന്നതാണ് യാഥാര്‍ത്ഥ്യം.

ന്യൂസ് മിനിറ്റ് ലേഖനത്തിലെ ചിത്രം-

The News Minute

യഥാര്‍ത്ഥ ചിത്രം -

നിഗമനം

തൃക്കാക്കര എംഎല്‍എ ഉമ തോമസിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നില്‍ക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് മുഖം മാറ്റി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റേതാക്കി മാറ്റിയതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന ഈ ചിത്രം വ്യാജമാണ്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Altered