വിവരണം

ഏറ്റവും ആരാധകര്‍ ഉള്ള ഇന്ത്യയില്‍ നിന്നും ഡബ്ലിയു ‍ഡബ്ലിയു ഇ റെസിലിങ് താരമായിരുന്നു പഞ്ചാബുകാരനായ ദ് ഗ്രേറ്റ് ഖാലി. പിന്നീട് റെസിലിങില്‍ നിന്നും വിരമിച്ച് ചില പരസ്യചിത്രങ്ങളിലും സിനിമയിലുമെല്ലാം ഖാലി അഭിനയിച്ചിരുന്നു. ഡബ്ലിയു ‍ഡബ്ലിയു ഇ ഹോള്‍ ഓഫ് ഫേമറായ ഏറ്റവും ഒടുവില്‍ ഇന്ത്യ ഒട്ടാകെ തരംഗമായ നെറ്റ്ഫ്ലിക്‌സ് ഗ്ലോബലി ടോപ്പ് ടെനില്‍ ഇടം നേടിയ മിന്നല്‍ മുരളി എന്ന സിനിമയുടെ പ്രൊമോഷന്‍ വീഡിയോയിലും അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. ഇതിനിടയില്‍ ഖാലിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഗ്രേറ്റ് ഖാലി കുണ്ടന്നൂര്‍-ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ ഓറഞ്ച് ജ്യൂസ് കച്ചവടം നടത്തി ജീവിക്കുകയാണെന്നാണ് വീഡിയോയുടെ ഉള്ളടക്കം. ഖാലിയും ഒരു മലയാളിയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിലുള്ളത്. റെസിലിങില്‍ നിന്നും വിരമിച്ച ശേഷം ഖാലി പട്ടണിയാണെന്നും ജ്യൂസ് വിറ്റ് ജീവിക്കുകയാണെന്നുമാണ് ഇന്‍സ്റ്റാഗ്രാമിലെ ട്രോള്‍ ഫോര്‍ട്ട് കൊച്ചി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. കുണ്ടന്നൂർ - ഫോർട്ട്കൊച്ചി റൂട്ടിൽ ഇടക്കൊച്ചി പാലത്തിനു സമീപം ജ്യൂസ്‌ വിൽക്കുന്ന WWE Super Star GREAT KHALI യെ കണ്ടു മുട്ടിയപ്പോൾ.. എന്ന തലക്കെട്ട് നല്‍കിയ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ നിരവധി പേരാണ് ഇതിനോടകം തന്നെ സ്റ്റാറ്റസാക്കിയത്. ഇതാണ് പ്രചരിക്കുന്ന വീഡിയോ-

Instagram VideoArchived Video

എന്നാല്‍ യഥാര്‍ത്ഥത്തില്‍ റെസലിങ് താരം ദ് ഗ്രേറ്റ് ഖാലി ഇപ്പോള്‍ ഓറഞ്ച് ജ്യൂസ് വിറ്റാണോ ജീവിക്കുന്നത്? ഇത് കുണ്ടന്നൂര്‍-ഫോര്‍ട്ട് കൊച്ചി റോഡില്‍ നിന്നും പകര്‍ത്തിയ വീഡിയോയാണോ? ഒരു മലയാളിയുമായി ഖാലിയുടെ സംഭാഷണമാണോ വീഡിയോയിലുള്ളത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ദ് ഗ്രേറ്റ് ഖാലിയുടെ വേരിഫൈഡ് ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. ജനുവരി പതിനൊന്നിനാണ് ഖാലി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വഴിയരികില്‍ കണ്ട ഒരു ഓറഞ്ച് ജ്യൂസ് കടയില്‍ നിന്ന് കൈ കൊണ്ട് കറക്കി ജ്യൂസ് ഉണ്ടാക്കുന്നതാണ് ഈ വീഡിയോ. ഗ്രേറ്റ് ഖാലി ജ്യൂസ് ഉണ്ടാക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുന്നത്.. എന്നാണ് ഖാലി ഹിന്ദിയില്‍ പറയുന്ന വാചകങ്ങളുടെ തര്‍ജിമ. തമാശ രൂപേണ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ മാത്രമാണിത്. എന്നാല്‍ ഇതില്‍ മലയാളികള്‍ ആരും ഈ വീഡിയോ ചിത്രീകരിക്കുന്നതായോ അദ്ദേഹം മലയാളത്തില്‍ സംസാരിക്കുന്ന വ്യക്തിയടോ മറുപടി നല്‍കുന്നതായോ യാതൊന്നും തന്നെയില്ല. മലയാളം സംഭാഷണം പിന്നീട് എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നതാണ് വസ്‌തുത. കൂടാതെ റെസിലിങ്ങില്‍ നിന്നും വിരമിച്ച ഖാലിയുടെ ഇപ്പോഴത്തെ ആസ്തി എത്രയാണെന്നും ഞങ്ങള്‍ പരിശോധിച്ചു. സ്പോര്‍ട്‌സ്കീഡ വെബ്‌സൈറ്റ് നല്‍കിയിരിക്കുന്ന കണക്ക് പ്രകാരം 6 മില്യണ്‍ യുഎസ് ഡോളറാണ് ഖാലിയുടെ ആസ്തി. അതായത് 44.34 കോടി ഇന്ത്യന്‍ രൂപയാണ് ഖാലിയുടെ നിലവിലെ ആസ്തി. നിരവധി കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് അദ്ദേഹം.

ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്ന യഥാര്‍ത്ഥ വീഡിയോ-

സ്പോര്‍ട്‌സ്കീഡ വെബ്‌സൈറ്റില്‍ ഖാലിയുടെ ആസ്തി വിവരം-

The Great Khali's Net Worth (Updated 2022) (sportskeeda.com)

നിഗമനം

ഖാലി അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ തമാശയ്ക്ക് പങ്കുവെച്ച ഒരു വീഡിയോ മലയാളത്തില്‍ ഡബ് ചെയ്ത് ആരോ പ്രചരിപ്പിച്ചതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യഥാര്‍ത്ഥ വീഡിയോയില്‍ മലയാളം സംഭാഷണമോ മറ്റോ യാതൊന്നും തന്നെയില്ല. ഖാലി റെസിലിങില്‍ നിന്നും വിരമിച്ചപ്പോഴും നിലവില്‍ അദ്ദേഹത്തിന്‍റെ ആസ്തി 44.34 കോടി ഇന്ത്യന്‍ രൂപയാണ്. അദ്ദേഹത്തിന് വഴിയരികില്‍ ജ്യൂസ് കച്ചവടം നടത്തി ജീവിക്കേണ്ട അവസ്ഥയിലാണെന്ന പ്രചരണവും തികച്ചു വസ്‌തുത വിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഈ വീഡിയോ സാങ്കേതിക മാറ്റങ്ങള്‍ വരുത്തി വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:WWE താരം ദ് ഗ്രേറ്റ് ഖാലി ഇപ്പോള്‍ കേരളത്തില്‍ ഓറഞ്ച് ജ്യൂസ് വിറ്റാണോ ജീവിക്കുന്നത്? വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: Altered