
വിവരണം
24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകനായ വിനു വി.ജോണിനെയും മാധ്യമ പ്രവര്‍ത്തകനായ റോയ് മാത്യുവിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു എന്ന പേരില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഏഷ്യാനെറ്റ് ചർച്ചയിൽ ശ്രീകണ്ഠൻ നായർ എത്തിയപ്പോൾ കേരള രാഷ്ട്രീയം മൊത്തം ഇവന്മാരുടെ തലയിലൂടെയാണ് പോകുന്നത് എന്നാണ് ഇവന്മാരുടെ വിചാരം സംഘപരിവാറിന്റെ എച്ചിലും തിന്ന് നാട്ടുകാരെ ഉദ്ബോധിപ്പിക്കാൻ നടക്കുന്ന നാ…കൾ എന്ന തലക്കെട്ട് നല്‍കി ഇഞ്ചക്കുണ്ട് സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നം പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വാര്‍ത്ത അവതാരകന്‍ വിനു വി.ജോണിനെയും മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവിനെയും വിമര്‍ശിക്കുന്ന 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായരുടെ വീഡിയോ തന്നെയാണോ ഇത്? വസ്‌തുത എന്തെന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്..
ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഓഫിസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ശ്രീകണ്ഠന്‍ നായര്‍ പങ്കെടുത്ത ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ടോ എന്ന് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പ്രതിനിധി അന്വേഷണം നടത്തി. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ ഇന്നലെ അതായത് 2023 ഫെബ്രുവരി 16ന് നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയുടെ വീഡിയോ എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രതികരിച്ചു.
ഇതുപ്രകാരം ഏഷ്യാനെറ്റ് ന്യൂസ് ഫെബ്രുവരി 16ന് സംപ്രേക്ഷണം ചെയ്ത അവതാരകന്‍ വിനു വി ജോണ്‍ നയിക്കുന്ന ന്യൂസ് അഹര്‍ ലൈവിന്‍റെ റിക്കോര്‍ഡഡ് വീഡിയോ യൂട്യൂബ് ചാനലില്‍ പരിശോധിച്ചു. സ്വര്‍ണ്ണ കടത്ത് കേസില്‍ കുറ്റാരോപിതയായ സ്വപ്നയ്ക്ക് ജോലി നല്‍കിയത് മുഖ്യമന്ത്രിയാണോ എന്ന വിഷയത്തിലായിരുന്നു ചാനല്‍ ചര്‍ച്ച. രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി.മാത്യു, അഡ്വ. എ.ജയശങ്കര്‍, മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു എന്നിവരായിരുന്നു പാനല്‍. എന്നാല്‍ രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി.മാത്യുവിന്‍റെ സ്ഥാനത്ത് 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായരുടെ വീഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് തെറ്റായ തലക്കെട്ട് നല്‍കി തെറ്റദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നതെന്ന് വീഡിയോ പരിശോധിച്ചതില്‍ നിന്നും വ്യക്തമായി.
ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ പങ്കെടുത്ത വ്യക്തികള്‍ ഇവരാണ്-
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് 24 ന്യൂസ് മുന്‍ റിപ്പോര്‍ട്ടറായിരുന്ന സഹിന്‍ ആന്‍റണിയുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന വിഷയത്തിലായിരുന്നു ശ്രീകണ്ഠന്‍ നായര്‍ മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവിനും ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണിനുമെതിരെ പരസ്യ പ്രതികരണം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു 24 ന്യൂസ് റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്‍റണിയുടെ ഭാര്യയെയും കുട്ടിയെയും അപകീര്‍ത്തിപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ഒരു പരാമര്‍ശത്തിനെതിരെ ഒരു വര്‍ഷം മുന്‍പ് 24 ന്യൂസിലൂടെ ശ്രീകണ്ഠന്‍ നായര്‍ നടത്തിയ പ്രതികരണം ക്രോപ്പ് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയുടെ വീഡിയോയില്‍ ചേര്‍ത്താണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി.ജോണിനും മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവിനുമെതിരെ ശ്രീകണ്ഠന്‍ നായര്‍ 24 ന്യൂസിലൂടെ നടത്തിയ പ്രതികരണത്തിന്‍റെ പൂര്‍ണ്ണരൂപം (2021 ഒക്ടോബര്‍ 2ന് യൂട്യൂബില്‍ പങ്കുവെച്ചിട്ടുള്ള വീഡിയോ) –
നിഗമനം
ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ (ഫെബ്രുവരി 16) സംപ്രേക്ഷണം ചെയ്ത ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി.മാത്യുവിന്‍റെ സ്ഥാനത്ത് വീഡിയോ എഡിറ്റ് ചെയ്ത് ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസിലെ മറ്റൊരു പ്രതികരണ വീഡിയോ ചേര്‍ത്തതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമായി നിര്‍മ്മിച്ച വീഡിയോ ഉപയോഗിച്ചാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ പങ്കെടുത്ത് രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Altered
