പൊതുവേദിയില്‍ അമിത് ഷാ അദ്വാനിയോട് അനാദരവ് കാണിച്ചോ?
വിവരണം
പൊതുവേദിയില്‍ നിന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനിയെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുന്‍നിരയില്‍ നിന്നും പിന്നിലേക്ക് പറഞ്ഞു വിടുകയാണെന്ന വ്യാഖ്യാനം നല്‍കി ഒരു വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. നസീര്‍ അജിലഡ്‌കാ എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതുവരെ 22,000ത്തില്‍ അധികം പേര്‍ ഷെയര്‍ ചെയ്തിട്ടപുണ്ട്. 2,400-ഓളം പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്. പോസ്റ്റിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്-
“ഒരു മൂലയ്ക് പോയി ഇരുന്നൂടെ ഈ മൈക് ഒക്കെ എന്തിനാ തൊടുന്നത് ???”
Facebook Post | Archived Link |
വീഡിയോയില്‍ അമിത്ഷായുടെ തൊട്ടരികിലാണ് അദ്വാനി ഇരിക്കുന്നത്. അദ്വാനി എന്തോ പറയാനായി മൈക്കില്‍ തൊടുമ്പോള്‍ അമിത്ഷാ കൈകൊണ്ട് പിന്നിലേക്കെന്ന് ആംഗ്യം കാണിക്കുന്നതും കാണാം. അടുത്ത നിമിഷം അദ്വാനി കസേരയില്‍ നിന്നും എഴുനേറ്റ് പിന്നിലേക്ക് നടക്കുകയും ചെയ്യുന്നു. വെറും 23 സെക്കന്‍റുകള്‍ ദൈര്‍ഘ്യം മാത്രമുള്ള വീഡിയോയാണിത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അമിത്ഷാ അദ്വാനിയെ അക്ഷേപിച്ചു പിന്നിലേക്കു പറഞ്ഞു വിടുന്നത് തന്നെയാണോ? സത്യാവസ്ഥ ഇതാണ്.
വസ്തുത വിശകലനം
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 2014 ഓഗസ്റ്റ് അന്‍പതിന് ദില്ലിയില്‍ നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്‍റെ വീഡിയോയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. യൂട്യൂബില്‍ യോഗത്തിന്‍റെ പൂര്‍ണ ദൈര്‍ഘ്യമുള്ള വീഡിയോ ലഭ്യമാണ്. BJP National Council Meet | Session II - 9th August 2014 എന്ന പേരില്‍ ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ പരിശോധിച്ചതില്‍ നിന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വ്യാഖ്യാനങ്ങളും ആരോപണവും അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഏകദേശം നാല് മണിക്കൂറുകളോളം നീണ്ടുനിന്ന യോഗത്തില്‍ ബിജെപിയുടെ പല പ്രമുഖ ദേശീയ നേതാക്കളും പ്രസംഗിക്കുന്നുണ്ട്. അതിലെ രണ്ടാമത്തെ സെഷനിലാണ് അദ്വാനിയുടെ പ്രസംഗം. അദ്വാനിയുടെ പ്രസംഗത്തിന് സമയമായപ്പോള്‍ അദ്ദേഹം വേദിയിലെ ഇരിപ്പിടത്തിന് മുന്‍പിലെ മൈക്കില്‍ പ്രസംഗിക്കാനാണോ അതോ പിന്നിലെ മൈക്കില്‍ പ്രസംഗിക്കണോ എന്ന ആശയക്കുഴപ്പിത്തിലാകുന്നതാണ് രംഗം. ഈ സമയം അടുത്ത് ഇരിക്കുന്ന അമിത് ഷാ പ്രധാന മൈക്ക് പോയിന്‍റിലേക്ക് പോയി പ്രസംഗിക്കാനുള്ള ആംഗ്യമാണ് കാണിക്കുന്നത്. 1:35:44 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയുടെ 21:27 മിനിറ്റ് മുതലുള്ള ഭാഗമാണ് പ്രസ്തുത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തെറ്റ്ദ്ധരിപ്പിക്കുന്ന തരത്തില്‍ ക്രോപ്പ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല അതിന് ശേഷം ഏകദേശം 20 മിനിറ്റില്‍ അധികം നേരം നീണ്ടുനില്‍ക്കുന്ന പ്രസംഗവും അദ്വാനി നടത്തിയതായും യൂട്യൂബിലെ വീഡിയോ കണ്ടാല്‍ ബോധ്യമാകും. യൂട്യൂബ് ലിങ്കും സ്ക്രീന്‍ഷോട്ടുകളും ചുവടെ ചേര്‍ക്കുന്നു-
നിഗമനം
രണ്ടു സെഷനുകളായി പൂര്‍ത്തീകരിച്ച ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വെറും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ക്രോപ്പ് ചെയ്താണ് തെറ്റ്ധരിപ്പിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അത്തരത്തിലൊരു ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. പൂര്‍ണ ദൈര്‍ഘ്യമുള്ള വീഡിയോ പരിശോധിച്ചതില്‍ നിന്ന് തന്നെ ഫെയ്‌സ്ബുക്കിലെ വീഡിയോ പൂര്‍മായും വ്യാജമായ ആരോപണം മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സത്യാവസ്ഥ മനസിലാക്കാതെയാണ് വലിയ തോതില്‍ വീഡിയോ ഇപ്പോഴും ജനങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നതാണ് വസ്തുത.
Title:പൊതുവേദിയില്‍ അമിത് ഷാ അദ്വാനിയോട് അനാദരവ് കാണിച്ചോ?
Fact Check By: Harishankar PrasadResult: False