കത്തോലിക്കാ സഭയുടെ സെമിനാരികളുടെ നിയന്ത്രണം ഏറ്റെടുത്ത് മുസ്ലിങ്ങള്‍ എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്... സത്യമിതാണ്...

By :  Vasuki S
Update: 2024-09-23 05:40 GMT

മുസ്ലിം തീവ്രവാദ ഗ്രൂപ്പ് ക്രൈസ്തവ ആരാധനാലയങ്ങളില്‍ കൈകടത്തുന്നു എന്നാരോപിച്ച് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

പ്രചരണം

എറണാകുളം ഗ്രാൻഡ് മസ്‌ജിദിൽ ചെന്ന് ഉസ്താദിന്റെ ക്ലാസ്സ് കേൾക്കുന്ന ആലുവ മംഗലപ്പുഴ സെമിനാരിയിലെ അറുപതോളം തിയോളജി വിദ്യാർഥികൾ എന്ന വിവരണത്തോടെ ഒരു സദസ്സില്‍ മുസ്ലിം പുരോഹിതന്‍ പ്രഭാഷണം നടത്തുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “സ്വന്തം മകൻ ഒരു പുരോഹിതൻ ആയി കാണാൻ ആലുവ മംഗലപ്പുഴ സെമിനാരിയിൽ അയച്ചു പഠിപ്പിക്കുന്ന ക്രിസ്ത്യൻ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് :

നാളെ നിങ്ങളുടെ മകൻ പുരോഹിതൻ ആയില്ല എങ്കിലും ഒരു മദ്രസ ഉസ്താദ് ആയാൽ ഞെട്ടരുത്

ഇടയ വേഷം കെട്ടിയ ചെന്നായ്ക്കൾ കത്തോലിക്കാ സഭയുടെ സെമിനാരികളുടെ നിയന്ത്രണം വരെ ഏറ്റെടുത്തിരിക്കുന്നു. എറണാകുളം ഗ്രാൻഡ് മസ്‌ജിദിൽ ചെന്ന് ഉസ്താദിന്റെ ക്ലാസ്സ് കേൾക്കുന്ന ആലുവ മംഗലപ്പുഴ സെമിനാരിയിലെ അറുപതോളം തിയോളജി വിദ്യാർഥികൾ”

 പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ക്രൈസ്തവ പുരോഹിതൻ ആകാനുള്ള പഠന പദ്ധതിയുടെ ഭാഗമായി നടന്ന ക്ലാസ് ആണ് ഇതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

വസ്തുത ഇതാണ്

വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ ആലുവ മംഗലശ്ശേരിയിലുള്ള സെന്‍റ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുമായി ബന്ധപ്പെട്ടു. അവിടെ നിന്നും പ്രോകുറേറ്റര്‍ ആയ  ഫാദര്‍ കുര്യന്‍ മുക്കംകുഴിയില്‍ അറിയിച്ചത് ഇങ്ങനെയാണ്: സെമിനാരിക്കെതിരെ വ്യാജവും വസ്തുതാ വിരുദ്ധവുമായ പ്രചരണമാണ് നടത്തുന്നത്. വൈദിക പഠന സിലബസിന്റെ ഭാഗമായി ഇതര മതങ്ങളെ കുറിച്ചും സെമിനാരിയിലെ വിദ്യാർത്ഥികൾക്ക് പഠിക്കുവാനുണ്ട്. ഇതര മതസ്ഥരുടെ ദേവാലയങ്ങൾ സന്ദർശിക്കുകയും മതപുരോഹിതന്മാരുമായി സംവദിക്കുകയും ചെയ്യുന്നത് പഠനത്തിൻറെ ഭാഗമാണ്. റോമില്‍ തയ്യാറാക്കിയ സിലബസാണ് ഞങ്ങള്‍ പിന്തുടരുന്നത്. പഠനത്തിന്‍റ ഭാഗമായി മസ്ജിദ്, ഗുരുദ്വാര, ഹിന്ദു ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലൊക്കെ സന്ദര്‍ശനം നടത്താറുണ്ട്. ഈ സെമിനാരി മാത്രമല്ല, മറ്റ് സെമിനാറികളിലും പഠനത്തിന്‍റെ ഭാഗമായി ഈ പതിവുണ്ട്. പതിവുപോലെ ഇത്തവണയും എറണാകുളം ഗ്രാന്‍ഡ് ജുമാ മസ്ജിദ് സന്ദര്‍ശിക്കുകയും പള്ളിയിലെ പുരോഹിതനുമായി ഞങ്ങളുടെ 60 വിദ്യാര്‍ത്ഥികള്‍ സംവദിക്കുകയും ചെയ്തിരുന്നു. മസ്ജിദില്‍ നിന്നെടുത്ത ചിത്രം എറണാകുളം ഗ്രാന്‍ഡ് മസ്ജിദിലെ ഇമാം ഫൈസല്‍ അസ്ഹരി ഫെയ്സ്ബുക്കില്‍ പങ്കുവെക്കുകയുണ്ടായി. അതില്‍ നിന്നുള്ള ചിത്രം എടുത്ത് തെറ്റായ വിവരണം കൂട്ടിചേര്‍ത്ത് വ്യാജ പ്രചരണം നടത്തുകയാണ്.

തുടര്‍ന്ന് എറണാകുളം ഗ്രാന്‍ഡ് മസ്ജിദ് ഇമാം എംപി ഫൈസല്‍ അസ്ഹരിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അദ്ദേഹം ഇതേ ചിത്രം “എറണാകുളം ഗ്രാൻഡ് മസ്ജിദിൽ സൗഹൃദത്തിന്റെ നിമിഷങ്ങൾ..

ആലുവ മംഗല പുഴ സെമിനാരിയിലെ 60 തിയോളജി വിദ്യാര്ഥികൾ ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചു” എന്ന വിവരണത്തോടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തിരിക്കുന്നത് കണ്ടു.

 ക്രൈസ്തവ സഭയുടെ പുരോഹിതരാകാന്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇതര മതത്തെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നതും പഠിക്കുന്നതും കോഴ്സിന്‍റെ ഭാഗമാണ്. ഇക്കാര്യം വ്യക്തമാക്കി വ്യാജ പ്രചരണത്തിനെതിരെ ക്രൈസ്തവ പുരോഹിതനായ ഫാദര്‍ ജോഷി മയ്യാറ്റില്‍ “ലോകമതങ്ങളെക്കുറിച്ചുള്ള പഠന സിലബസിൻ്റെ ഭാഗമായി വർഷത്തിലൊരിക്കൽ ഒരു ഹൈന്ദവ ആശ്രമവും ഒരു ഇസ്ലാമിക മസ്ജിദും സന്ദർശിച്ച് അവരുമായി സംവദിക്കുന്ന പതിവ് സെമിനാരികളിൽ ഉണ്ട്. 1993ൽ ഞങ്ങളുടെ ബാച്ചും അതു ചെയ്തിരുന്നു.

പക്ഷേ, ഇന്നത്തെ വെറുപ്പ് വ്യാപാരികളുടെ ഈ പ്രചാരണം നോക്കൂ... ഇതാണ് ഇന്ന് കഥയില്ലാത്തവർക്കിടയിൽ ട്രെൻ്റ് ആകുന്നത്.” എന്ന വിവരണത്തോടെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

നിഗമനം

സെമിനാരി പഠനത്തിലെ സിലബസ് പ്രകാരം ഇതര മതസ്ഥരെ കുറിച്ച് അറിയുകയും പഠിക്കുകയും ചെയ്യുന്ന കാര്യക്രമങ്ങളുടെ ഭാഗമായി സെമിനാരി വിദ്യാര്‍ത്ഥികള്‍ മുസ്ലിം ആരാധനാലയം സന്ദര്‍ശിച്ച സമയത്തുള്ള ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്. ഇസ്ലാം മത പുരോഹിതര്‍ ക്രൈസ്തവ സഭയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്.

Claim :  ക്രൈസ്തവ സഭയുടെ നിയന്ത്രണം മുസ്ലിങ്ങള്‍ നിയന്ത്രിക്കുന്നതിന്‍റെ തെളിവായി ആലുവ മംഗലപ്പുഴ സെമിനാരിയിലെ അറുപതോളം തിയോളജി വിദ്യാർഥികൾ എറണാകുളം ഗ്രാൻഡ് മസ്‌ജിദിൽ ചെന്ന് ഉസ്താദിന്‍റെ ക്ലാസ്സ് കേൾക്കുന്നു
Claimed By :  Social media users
Fact Check :  FALSE
Tags:    

Similar News