ടോള്‍ ബൂത്തില്‍ നടന്ന അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതല്ല, ബംഗ്ലാദേശിലെതാണ്...

By :  Deepa
Update: 2024-09-23 14:23 GMT

ടോൾ പ്ലാസയില്‍ പിക്കപ്പ് വാൻ തടഞ്ഞതിനെ തുടർന്ന് ഒരു കൂട്ടം ആളുകൾ അക്രമം കാണിക്കുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്.

പ്രചരണം

ഇന്ത്യയിലെ ടോള്‍ ബൂത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട ചിലര്‍ ടോൾ ഫീസ് നൽകാൻ വിസമ്മതിക്കുന്നതായി ആരോപിച്ചാണ് ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത്. ഒരു പിക്കപ്പ് വാനിൽ ഇസ്ലാമിക് തൊപ്പി ധരിച്ച ഒരു സംഘം ആളുകൾ ടോൾ പ്ലാസയ്ക്ക് മുന്നിൽ നിൽക്കുകയും ടോൾ തൊഴിലാളികളുമായി തർക്കിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ. തർക്കത്തിനിടെ ഒരാൾ വാനിൽ നിന്ന് പുറത്തിറങ്ങുകയും പ്ലാസയുടെ ബാരിക്കേഡ് തകർക്കുകയും ചെയ്യുന്നത് കാണാം. ഇന്ത്യയില്‍ നനടന്ന സംഭവം എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തൊപ്പി വെച്ച ഞമ്മൾ വരുമ്പോൾ ടോൾ ചോദിച്ചുകൊണ്ട് വടി നീട്ടുന്നോ ? ഞമ്മക്ക് ഇന്ത്യാവിൽ ഉള്ള ഇളവുകൾ അനക്ക് അറിഞ്ഞു കൂടെ ഹിമാറേ ? മാറ്റെടാ നിന്റെ വടി”

Full View

FB post |archived link


എന്നാല്‍ വീഡിയോ ബംഗ്ലാദേശിലെതാണെന്നും ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

2024 സെപ്തംബർ 18-ന് ബംഗ്ലാദേശിലെ എലിവേറ്റഡ് എക്‌സ്പ്രസ് വേയിൽ ടോൾ പ്ലാസയിലേക്ക് പ്രവേശിക്കുന്നതിനിടെ ടോള്‍ ജീവനക്കാര്‍ പിക്കപ്പ് വാൻ തടഞ്ഞ ദൃശ്യങ്ങളാണിത്. അപകടസാധ്യതകൾ കാരണം ചെറിയ വാഹനങ്ങൾ എലെവേറ്റഡ് എക്‌സ്പ്രസ് വേയിൽ അനുവദനീയമല്ല. സംഭവം വാക്കേറ്റത്തിൽ കലാശിക്കുകയും തുടര്‍ന്ന് അക്രമത്തിൽ കലാശിക്കുകയുമാണ് ഉണ്ടായത്.

പിക്കപ്പ് വാനിൽ ചൈനീസ് ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ജെഎസി മോട്ടോഴ്‌സിന്‍റെ ലോഗോ ഉണ്ട്, അവരുടെ വാഹനങ്ങൾ ബംഗ്ലാദേശിലെ തെരുവുകളിൽ സാധാരണമാണ്. ഈ സൂചന ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ 2024 സെപ്റ്റംബർ 18 ന് പ്രസിദ്ധീകരിച്ച  ധാക്ക ട്രിബ്യൂണിൽ നിന്നുള്ള ഒരു വാർത്താ റിപ്പോർട്ട് ലഭിച്ചു. അതിൽ വൈറല്‍ വീഡിയോയില്‍ നിന്നുള്ള സ്ക്രീൻഷോട്ട് കാണാം.

 

തർക്കത്തെ തുടർന്ന് അക്രമം ഉണ്ടാവുകയും ടോള്‍ ബൂത്തിലെ ഉപകരണങ്ങള്‍ നശിപ്പിക്കപ്പെടുകയും ഉണ്ടായി. ഉയർന്ന അപകടസാധ്യതയുള്ളതിനാൽ പിക്കപ്പ് വാനുകൾ, മോട്ടോർ സൈക്കിളുകൾ, സിഎൻജികൾ, റിക്ഷകൾ എന്നിവ എക്‌സ്‌പ്രസ്‌വേയിൽ നിരോധിച്ചിട്ടുണ്ട്. ധാക്ക ട്രിബ്യൂൺ പ്രതിനിധി എലിവേറ്റഡ് എക്‌സ്പ്രസ് വേയുടെ പ്രോജക്ട് ഡയറക്ടർ എഎച്ച്എം അക്തറുമായി സംസാരിച്ചപ്പോള്‍ ചെറിയ വാഹനങ്ങള്‍ അനുവദിച്ചാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകാനും വാഹനങ്ങൾ വീഴാനും സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. പിക്കപ്പ് വാനിലുള്ള ആളുകൾ ഈ നിയമം അനുസരിക്കാന്‍ കൂട്ടാക്കിയില്ല. തര്‍ക്കം ആക്രമത്തില്‍ കലാശിച്ചു. അവർ എവിടെ നിന്നാണ് വന്നതെന്ന് അജ്ഞാതമാണ്.-എന്ന് അറിയിച്ചു.

സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച്, എക്‌സ്‌പ്രസ് വേയിൽ യാത്രക്കാരുമായി തുറന്ന വാഹനങ്ങൾ ഓടിക്കാൻ കഴിയില്ലെന്ന് കോം, ഫസ്റ്റ് ധാക്ക എലിവേറ്റഡ് എക്‌സ്‌പ്രസ്‌വേ (എഫ്‌ഡിഇഇ) കമ്പനി ലിമിറ്റഡിലെ ഓപ്പറേഷൻ ആൻഡ് മെയിന്‍റനൻസ് ഡിപ്പാർട്ട്‌മെന്‍റ് മാനേജർ ഹസീബ് ഹസൻ ഖാൻ വിശദീകരിച്ചതായി  വാര്‍ത്തകള്‍ പറയുന്നു. "ഈ വാഹനം ഒരു പിക്കപ്പിന് സമാനമാണ്, നിരവധി ആളുകൾ അതിൽ നിൽക്കുന്നുണ്ടായിരുന്നു. സുരക്ഷാ നിയമങ്ങൾ കാരണം എക്‌സ്പ്രസ് വേയിൽ വാഹനം അനുവദിക്കുന്നില്ലെന്ന് ടിക്കറ്റ് കളക്ടർ അറിയിച്ചു. വാഹനത്തിന് മുന്നോട്ട് പോകാന്‍ സാധിക്കുമോ എന്ന് സ്ഥിരീകരിക്കാൻ അദ്ദേഹം ഞങ്ങളുടെ എംഐഎസുമായി ബന്ധപ്പെട്ടു. ആ സമയത്ത്, ചില യാത്രക്കാർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, ടോൾ അടച്ചിട്ടും തങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്തു. ” ബംഗ്ലാദേശ് വാർത്താ ഏജൻസിയായ സോമോയ് ടിവിയും 2024 സെപ്റ്റംബർ 18 ന് നടന്ന സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

Full View

നിഗമനം

പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങള്‍ ബംഗ്ലാദേശിലെ കുറില്‍ ടോള്‍ പ്ലാസയില്‍ സെപ്റ്റംബര്‍ 18 ന് നടന്നതാണ്. ഇന്ത്യയുമായോ ഇന്ത്യയിലെ മുസ്ലിങ്ങളുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

Claim :  ഇന്ത്യയിലെ ഒരു ടോള്‍ പ്ലാസയില്‍ മുസ്ലിങ്ങള്‍ അതിക്രമം കാണിക്കുന്ന ദൃശ്യങ്ങള്‍
Claimed By :  Social media users
Fact Check :  MISLEADING
Tags:    

Similar News