
വിവരണം
24 ന്യൂസ് ചാനലും ചാനൽ മേധാവിയായ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായരും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇത്തരത്തിൽ പ്രചരിച്ച ഒരു വാർത്ത വെറും വ്യാജ പ്രചാരണമായിരുന്നു എന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ കണ്ടെത്തിയിരുന്നു. വാര്‍ത്തയുടെ ലിങ്ക് ഇതാണ്:
ചാനലിന്റെ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്‌ത് മറ്റൊന്നാക്കി പ്രചരിപ്പിക്കുകയായിരുന്നു. വീണ്ടും ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിൽ അത്തരത്തിൽ പ്രചരിച്ചു വരുന്ന ഒരു വാർത്തയാണ് താഴെ കൊടുക്കുന്നത്.
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “അമൈകണ്ഠൻ നായരുടെ ഒപ്പം. കാരണം 135 കോടി ജനങ്ങളുള്ള ഭാരതത്തിൽ കോടികൾ ലഭിക്കുക വെറും 20 ലക്ഷം പേർക്ക് മാത്രം. ബാക്കി 115 കോടി ജനങ്ങൾ എവിടെ പോണം.? വായിൽ വിരലും തിരുകി ജീവിക്കണോ? മിസ്റ്റർ മോഡി അത് പറയാൻ ബാധ്യസ്ഥനാണ്.. 20ലക്ഷം എന്നുപറഞ്ഞാൽ അത് ബിജെപിക്കാർ മാത്രമാണോ എന്നുകൂടി വ്യക്തമാക്കണം. ഇതാണ് സഖാക്കൾ പറയുന്നത് ഇന്ത്യയുടെ സമ്പത്ത് മുഴുവൻ കോടികൾ വരുന്ന സാധാരണക്കാർക്കുള്ളതല്ല.
ഏതാനും ലക്ഷം എണ്ണത്തിൽ മാത്രമുള്ള സമ്പന്നർക്ക് ഉള്ളതാണ്. നരേന്ദ്രമോദി അത് വീണ്ടും തെളിയിച്ചു. (ട്രോൾ )”
പ്രധാനമന്ത്രി കോവിഡ് പടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിനെ ആസ്പദമാക്കി 24 ചാനൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. എന്താണ് ഈ വാർത്തയുടെ യാഥാർഥ്യമെന്നറിയേണ്ടേ…
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ വസ്തുത അറിയാനായി 24 ചാനൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഈ വാർത്ത പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി. ചാനൽ ന്യൂസ് മേധാവി ബി ഉണ്ണികൃഷ്ണൻ ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെയാണ്. “ഇത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. ഞങ്ങളുടെ സ്ക്രീൻഷോട്ട് എഡിറ്റു ചെയ്ത് ഞങ്ങളുടേതല്ലാത്ത ഫോണ്ടിൽ വാർത്ത സ്ക്രോൾ ചെയ്യുന്ന രീതിയിൽ ആണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്. ഞങ്ങൾ വാർത്തയായി നല്കിയിട്ടില്ലാത്ത കാര്യമാണ് സ്ക്രീൻഷോട്ടിൽ നൽകിയിട്ടുള്ളത്. ഇതിനെതിരെ ഞങ്ങൾ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.”
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് 24 ന്യൂസ് ചാനലിന്‍റെ കൃത്രിമ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ് എന്നാണ്. ചാനൽ അധികൃതർ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന 24 ന്യൂസ് ചാനലിന്റെ സ്ക്രീൻഷോട്ട് കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇക്കാര്യം ചാനൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Title:പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിനെ അപലപിച്ചു കൊണ്ട് 24 ന്യൂസ് ചാനൽ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കുന്നു..
Fact Check By: Vasuki SResult: False
