2013 ല്‍ കുംഭമേളയ്ക്കെത്തിയ സന്യാസിസംഘമാണിത്. അയോദ്ധ്യ ഭൂമിപൂജയുമായി ചിത്രത്തിനു ബന്ധമില്ല

സാമൂഹികം

വിവരണം

ഏറെ വിവാദങ്ങൾക്ക് ശേഷം ചരിത്രഭൂമിയായ അയോധ്യയിൽ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഭൂമിപൂജ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് കേന്ദ്രസേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചാണ് പ്രധാനമന്ത്രിയെ മോദിയുടെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്. ചടങ്ങിന്‍റെ തല്‍സമയ ദൃശ്യങ്ങള്‍ മിക്കവരും എല്ലാ ചാനലുകളും സമ്പ്രേഷണം ചെയ്തിരുന്നു. 

ഇതിനിടയില്‍ ചടങ്ങ് സംബന്ധിച്ച് ചില വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന പ്രചരണവും അത്തരത്തിലൊന്നാണ്. 

archived linkFB post

ചിത്രത്തില്‍ കൂട്ടംകൂടിയിരിക്കുന്ന സന്യാസിമാര്‍ അയോദ്ധ്യയില്‍ ഭൂമിപൂജയ്ക്ക് എത്തിയതാണ് എന്നാണ് പോസ്റ്റില്‍ നല്കിയിരിക്കുന്ന വാദം. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണ്. യാഥാര്‍ഥ്യം എന്താണെന്ന് നമുക്ക് നോക്കാം. 

വസ്തുതാ വിശകലനം

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ചിത്രത്തെ പറ്റിയുള്ള യഥാര്‍ത്ഥ വിവരങള്‍ ലഭ്യമായി. ജര്‍മ്മനിയില്‍ നിന്നുള്ള തോർജ് ബെർഗർ എന്ന പ്രമുഖ സഞ്ചാര ഫോട്ടോഗ്രാഫര്‍ക്ക് അവാര്‍ഡ് നേടിക്കൊടുത്ത ഒരു ചിത്രമാണിത്. 2013 ലെ മഹാകുംഭമേളയില്‍ നിന്നും ചിത്രീകരിച്ചതാണിത്. 

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള .അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും പ്രയാഗ് രാജിലും നടക്കുന്നു. 2007ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2013 ലാണ് അവസാനമായി നടന്നത്.

archived link

121 ക്ലിക്ക് എന്ന വെബ്സൈറ്റ് തോര്‍ജ് ബെര്‍ഗറുമായി നടത്തിയ അഭിമുഖം 2017 ഏപ്രില്‍ 11 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഈ ചിത്രത്തെ പറ്റി പ്രത്യേകം എടുത്തു പറയുന്നു. 

2013 ൽ ഒരു ഫോട്ടോ മത്സരത്തിൽ വിജയിച്ചതിൽ ഞാൻ ഏറെ  അഭിമാനിക്കുന്നു, അത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ജർമ്മനിയിലെ ഫോട്ടൊഫോറം മാഗസിൻ നടത്തിവരുന്ന ഗ്രെൻസ്‌ഗാംഗ് ഫോട്ടോഗ്രാഫ് ഡെസ് ജഹ്രെസ്അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഇത് ഈ വർഷത്തെ ക്രോസ്-ബോർഡർ ഫോട്ടോഗ്രാഫർഎന്ന് പരിഭാഷപ്പെടുത്താം. കൂടാതെ ഇന്ത്യയിലെ അലഹബാദിൽ നടന്ന കുംഭമേള ഉത്സവ വേളയിൽ ഞാൻ ചിത്രീകരിച്ച ഒരു കൂട്ടം സന്യാസിമാരുടെ ഫോട്ടോ ഉപയോഗിച്ച് ഞാൻ മത്സരത്തിൽ വിജയിച്ചു. നമ്മുടെ ഗ്രഹത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവവും മനുഷ്യരുടെ ഒത്തുചേരലുമാണത്. 2017 ഫെബ്രുവരിയിൽ, ഒരു ജർമ്മൻ മ്യൂസിയത്തിൽ വിഷയത്തെക്കുറിച്ച് 2.5 മണിക്കൂർ നീണ്ട ഒരു വലിയ അവതരണവും ഞാൻ നടത്തിയിട്ടുണ്ട്.  അതിൽ ഞാൻ അഭിമാനിക്കുന്നു.

ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ തന്നെ വാക്കുകളാണിത്. വേറെ ചില വെബ്സൈറ്റുകളിലും ചിത്രം കുംഭമേളയില്‍ നിന്നുമുള്ളതാണെന്ന വിവരണം ഏതാനും വര്‍ഷം മുമ്പ് തന്നെ നല്‍കിയിട്ടുണ്ട്. അതിനാല്‍ പോസ്റ്റിലെ അവകാശവാദം പൂര്‍ണ്ണമായും തെറ്റാണ്. 

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ഈ ചിത്രം 2013 ലെ കുംഭമേളയില്‍ നിന്നും ഒരു ജര്‍മ്മന്‍ ഫോട്ടോഗ്രാഫര്‍ ചിത്രീകരിച്ചതാണ്. അയോദ്ധ്യയിലെ ഭൂമിപൂജയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല

Avatar

Title:2013 ല്‍ കുംഭമേളയ്ക്കെത്തിയ സന്യാസിസംഘമാണിത്. അയോദ്ധ്യ ഭൂമിപൂജയുമായി ചിത്രത്തിനു ബന്ധമില്ല

Fact Check By: Vasuki S 

Result: False