വിവരണം

കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മദ്ധ്യ വില്‍പ്പനശാലകള്‍ തുറക്കുന്നതിനും രാജ്യമെമ്പാടും വിലക്ക് വന്നിരുന്നു. ഇതേത്തുടര്‍ന്ന് മാധ്യമങ്ങളില്‍ നിറയെ വ്യാജ വാറ്റ് നടത്തിയവരെ പിടികൂടിയ വാര്‍ത്തകള്‍ വന്നുതുടങ്ങി. സാമൂഹ്യ മാധ്യമങ്ങളിലും ഇത്തരത്തിലെ പ്രചാരണങ്ങള്‍ വ്യാപകമാണ്. ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

പുതിയതീരുമാനം.. #പുതിയസംഘി കൊള്ളാം കിടുവേ... ആലപ്പുഴ വള്ളികുന്നതു 1300 ലിറ്റർ വ്യാജവാറ്റുമായി വള്ളികുന്നം യുവമോർച്ച കിഴക്കൻ മേഖല സെക്രട്ടറിയും RSS കാഞ്ഞിരത്തുംമൂട് മുഖ്യ ശിക്ഷക് ആയ ശ്രീരാജ് മേലാത്തറ പിടിയിൽ.. എന്ന അടിക്കുറിപ്പിലാണ് വാര്‍ത്ത.

പോസ്റ്റില്‍ ശ്രീരാജ് മേലെത്തറയുടെ ചിത്രത്തോടൊപ്പം “ആലപ്പുഴ വള്ളികുന്നത്ത് 1300 ലിറ്റര്‍ വ്യാജ വാറ്റുമായി യുവമോര്‍ച്ച മേഖല സെക്രട്ടറി ശ്രീരാജിനെ പിടികൂടി” എന്ന വാചകങ്ങള്‍ നല്കിയിട്ടുണ്ട്.

archived linkFB post

ശ്രീരാജ് മേലാത്തറ എന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ വ്യാജവാറ്റുമായി പിടിയിലായി എന്നതാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അവകാശവാദം. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന് അന്വേഷണ ഫലങ്ങള്‍ അറിയിക്കുന്നു. വിശദാംശങ്ങള്‍ നമുക്ക് നോക്കാം

വസ്തുതാ വിശകലനം

വാര്‍ത്താ മാധ്യമങ്ങളിലൊന്നും ഇതരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടില്ല. അതിനാല്‍ ഞങ്ങള്‍ ആദ്യം വള്ളികുന്നം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല എന്നും വ്യാജ പ്രചരണമാണ് എന്നും സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് ഞങ്ങള്‍ നൂറനാട് റേഞ്ച് എക്സൈസ് ഓഫീസില്‍ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചു. നൂറനാട് നിന്നും 1300 ലിറ്റര്‍ വാറ്റ് കണ്ടെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ആരെയും പിടികൂടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല എന്നാണ് ഇന്‍സ്പെക്ടര്‍ അറിയിച്ചത്. ശ്രീരാജ് മേലെതര എനയാളെ പിടികൂടി എന്നത് വെറും വ്യാജപ്രചരണം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ആരോപണ വിധേയനായ ശ്രീരാജ് മേലെത്തറയുമായും ഞങ്ങളുടെ പ്രതിനിധി സംസാരിച്ചിരുന്നു. എന്‍റെ ചിത്രവും പേരും വച്ച് അപകീര്‍ത്തിപ്പെടുത്താനായിട്ടാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്. വ്യാജ വാറ്റുമായി എനിക്കു യാതൊരു ബന്ധവുമില്ല. എന്നെ ഇതുവരെ പോലീസ് കസ്റ്റഡിയിലെടുക്കയോ അറസ്റ്റ് ചെയ്യുകയോ എന്‍റെ പേരില്‍ കേസെടുക്കുകയോ ചെയ്തിട്ടില്ല. വെറും ദുഷ്പ്രചാരണം മാത്രമാണിത്. ഇതിനെതിരെ ഞാന്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

archived link

പോസ്റ്റില്‍ നല്കിയിരിക്കുന്ന ആരോപണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ശ്രീരാജ് മേലെത്തറ എന്ന വ്യക്തിയെ വ്യാജ വാറ്റ് നടത്തിയത്തിന്‍റെ പേരില്‍ പിടികൂടി എന്ന വാര്‍ത്ത വെറും വ്യാജപ്രചരണം മാത്രമാണ്. പോലീസും എക്സൈസും ശ്രീരാജ് മേലെത്തറയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Title:വ്യാജവാറ്റുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകനെ വള്ളികുന്നത്ത് പിടികൂടിയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S

Result: False