
പ്രചരണം
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 99 സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിച്ചതിന്‍റെ സന്തോഷ സൂചകമായി കഴിഞ്ഞ ഏഴാം തിയതി സന്ധ്യയ്ക്ക് മെഴുകുതിരികള്‍ തെളിയിച്ച് വിജയദിനം ആഘോഷിക്കാന്‍ എല്‍ ഡി എഫ് അനുയായികള്‍ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പലരും മെഴുകുതിരി കത്തിച്ച ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മെഴുകുതിരി തെളിയിക്കുന്ന ഒരു ചിത്രവും ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലെ ഒരു ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:
എൽഡിഎഫ് വിജയദിനത്തിൽ ചെന്നിത്തലയും 😂

എന്നാല്‍ ഞങ്ങള്‍ പ്രചാരത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജ പ്രചരണം മാത്രമാണിതെന്ന് വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ രമേശ് ചെന്നിത്തലയുടെ ട്വിറ്റര്‍ പേജില്‍ ഇതേ ചിത്രം 2020 ജൂണ്‍ 17 ന് പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. lightsoffkerala എന്ന ഹാഷ്ടാഗോടെയാണ് ചിത്രം നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൌണ്‍ സമയത്ത് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന വൈദ്യുതി ബില്‍ ലഭിച്ചതിനെതിരെ യു ഡി എഫ് നടത്തിയ പ്രതിഷേധ ക്യാമ്പെയിന്‍ ആയിരുന്നു ലൈറ്റ്സ് ഓഫ് കേരള. ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തകര്‍ 2020 ജൂണില്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് മെഴുകുതിരികള്‍ തെളിയിച്ചു.
രമേശ് ചെന്നിത്തലയും ക്യാംപെയിനില്‍ പങ്കെടുത്തിരുന്നു. രമേശ് ചെന്നിത്തലയുടെ മീഡിയ മാനേജര്‍ സുമോദിനോട് ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് സംസാരിച്ചു.”ഇത് വെറും വ്യാജ പ്രചരണമാണ്. കഴിഞ്ഞ കൊല്ലം കെ എസ് ഇ ബി യുടെ ചാര്‍ജ് വര്‍ദ്ധനയ്ക്കെതിരെ ഏഴു മണിക്ക് ഏതാണ്ട് 10 മിനിറ്റ് നേരം വൈദ്യുതി വിളക്കുകള്‍ അണച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. അന്നത്തെ ചിത്രം വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. അല്ലാതെ എല്‍ ഡി എഫ് വിജയദിനത്തില്‍ രമേശ് ചെന്നിത്തല മെഴുകുതിരി കത്തിച്ചിട്ടില്ല.”
പോസ്റ്റില്‍ രമേശ് ചെന്നിത്തലയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കഴിഞ്ഞ കൊല്ലം കെഎസ്ഇബിയുടെ വൈദ്യുതി ബില്ലിനെതിരെ യു ഡി എഫ് നടത്തിയ ലൈറ്റ്സ് ഓഫ് കേരള ക്യാംപെയിന്‍റെ ഭാഗമായി രമേശ് ചെന്നിത്തല വൈദ്യുതി വിളക്ക് അണച്ച് മെഴുകുതിരി കത്തിക്കുന്ന ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കഴിഞ്ഞ കൊല്ലം lightsoffkerala ക്യാംപെയിന്‍റെ ഭാഗമായി രമേശ് ചെന്നിത്തല മെഴുകുതിരി കത്തിച്ച ചിത്രമുപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു…
Fact Check By: Vasuki SResult: False
