
വിവരണം
ഹിന്ദു പാര്‍ലമെന്‍റ് നേതാവും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവോത്ഥാന വനിത മതിലിന്‍റെ സംഘാടക സമിതിയംഗവുമായിരുന്ന സി.പി.സുഗതനെതിരെ വലിയ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മുസ്‍ലിം പള്ളിയില്‍ നടന്ന വെടിവയ്പ്പിനെ ന്യായീകരിച്ച് സി.പി.സുഗതന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെയാണ് രോഷം ആളിപ്പടര്‍ന്നത്. ചന്ദ്രികയും സുപ്രഭാതവും പോലെയുള്ള ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഇത് വാര്‍ത്തയാക്കിയിരുന്നു. മലയാളി യുവതി ഉള്‍പ്പടെ കൊല്ലപ്പെട്ട ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ ലോകം എമ്പാടും അപലപിച്ചപ്പോള്‍ എന്തായിരുന്നു സി.പി.സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചതെന്ന് പരിശോധിക്കാം.
ചന്ദ്രിക ഡെയ്‍ലിയില്‍ വന്ന വാര്‍ത്ത:

| Chandrikadaily.com | Archived Link |
സുപ്രഭാതം ഡെയ്‍ലി ഓണ്‍ലൈനിലെ വാര്‍ത്ത:
വസ്തുത വിശകലനം
സി.പി.സുഗതന്‍ പ്രകോപനപരമായ തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു എന്നതു വാസ്തവം തന്നെയാണ്. അനുചിതമായ സാഹചര്യത്തിലായിരുന്നു സുഗതന്‍റെ അഭിപ്രായ പ്രകടനം. ഇങ്ങനെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്:
NEWSILAND>
കൊടുത്താല്‍ കൊല്ലത്തും കിട്ടും.
അതാണ് പ്രകൃതിയുടെ നിയമം.
ഐഎസ് ക്രൂരതകള്‍ ഉണ്ടാക്കുന്ന ദുഷ്ഫലം..
പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്:

എന്നാല്‍ ഹിന്ദു ദേശീയവാദിയും ഹിന്ദു പാര്‍ലമെന്‍റ് എന്ന സംഘടനയുടെയും നേതാവുമായ സി.പി.സുഗതന്‍ തന്‍റെ ഉള്ളിലുള്ള ഇസ്‍ലാം വിരുദ്ധത തുറന്നെഴുതിയതാണെന്ന വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും അടുത്ത നിമിഷം തന്നെ പൊട്ടിപ്പുറപ്പെട്ടു. സ്ഥിതി വഷളാകുമെന്ന് മനസിലാക്കിയതോടെ പോസ്റ്റ് അധികം വൈകാതെ തന്നെ തന്‍റെ ടൈംലൈനില്‍ നിന്നും സുഗതന്‍ നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് ഒരു വിശദീകരണവും ഫേസ്ബുക്കില്‍ തന്നെ പോസ്റ്റ് ചെയ്തു. എന്നാല്‍ വിശീദരണ പോസ്റ്റിന് കീഴിലും സൈബര്‍ അക്രമണങ്ങള്‍ തുടര്‍ന്നതോടെ അതും നീക്കം ചെയ്തു.
നീക്കം ചെയ്ത വിശദീകരണ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്:

നിഗമനം
ചന്ദ്രിക ഓൺലൈനിൽ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടതു പോലെ, വനിതമതിൽ സംഘാടക സമിതിയംഗവും ഹിന്ദു പാർലമെന്‍റ് നേതാവുമായ സി.പി.സുഗതൻ ക്രയിസ്റ്റ്ചർച്ച് ഭീകരാക്രമണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള പ്രസ്താവന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മതസ്പർദ്ദ ഉണ്ടാകുന്ന തരത്തിലുള്ള പോസ്റ്റ് ആണെന്ന് വ്യാഖ്യാനങ്ങൾ വന്നതുകൊണ്ടാകാം അവ പിന്നീട് നീക്കം ചെയ്തു. മുഖ്യാധാര മാധ്യമങ്ങൾ ഇത്തരം ചില വിവാദങ്ങൾ പ്രസിദ്ധീകരിക്കാറില്ല. അതുകൊണ്ടുതന്നെ മുഖ്യധാര അച്ചടിമാധ്യമങ്ങളിൽ ഒന്നും വാര്‍ത്ത പ്രത്യക്ഷപ്പെട്ടില്ല. വസ്തുത പരിശോധനയിൽ നിന്നും സി.പി.സുഗതന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയുണ്ടായ വാർത്തകൾ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
Title:നവോത്ഥാന വനിത മതില്‍ സംഘാടകന്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്പിനെ ന്യായീകരിച്ചോ?
Fact Check By: Harishankar PrasadResult: True


